അജു വരച്ചു, രാഷ്ട്രപതിക്കായി കേരളത്തിന്റെ സ്നേഹസമ്മാനം

7

ഏതു ചിത്രം വരയ്ക്കാനിരുന്നാലും അജുവിന്റെ മനസിൽ ആയിരം മുഖങ്ങളും കാഴ്ചകളുമെല്ലാം ഓടിയെത്തും. ഒറ്റ ക്യാൻവാസിലേക്ക് ഇവ പകർത്താനിരുന്നാൽ പലതും മനസിൽ നിന്നു പല കോണുകളിലേക്കായി നിമിഷ നേരം കൊണ്ട് ഒഴുകിപ്പോകും. ജന്മനാ നിഴലായി വന്ന ഓട്ടിസം സ്‌പെക്ട്രം എന്ന വെല്ലുവിളിയെ മറികടന്ന് പന്ത്രണ്ടുകാരനായ അജു വരച്ചു ജീവനുള്ള ഒരു ചിത്രം, അതായിരുന്നു സംസ്ഥാനത്ത് സന്ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമ്മുവിനായി കുടുംബശ്രീ നൽകിയ കേരളത്തിന്റെ സമ്മാനം. പെൻസിൽ കൊണ്ട് അജു വരച്ച തന്റെ ചിരിക്കുന്ന ചിത്രം കുടുംബശ്രീയുടെ ഉപഹാരമായി രാഷ്ട്രപതി ഏറ്റുവാങ്ങുമ്പോൾ വയനാട്ടിലെ തിരുനെല്ലി ഗ്രാമപഞ്ചായത്ത് ബഡ്‌സ് പാരഡൈസ് സ്‌പെഷ്യൽ സ്‌കൂളിനും ഇത് അഭിമാന നിമിഷമായി.

കാട്ടിക്കുളം എടൂർക്കുന്നിലെ വട്ടക്കാവുങ്കൽ ജോമോന്റെയും ജിഷയുടെയും ഇളയമകനായ അജു ചെറുപ്രായം മുതൽ വരയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതായി തോന്നിയിരുന്നു. പ്രാഥമിക തലം വരെ സഹോദരങ്ങളായ അലന്റെയും അലീനയുടെയും ഒപ്പം അടുത്തുള്ള സ്‌കൂളിൽ പോയിരുന്നു. പിന്നീട് പ്രത്യേക പരിചരണവും ശ്രദ്ധയും ആവശ്യമായ തൃശ്ശിലേരിയിലെ ബഡ്‌സ് സ്‌കൂളിൽ ചേർത്തു. ഇവിടെ നിന്നാണ് പ്രിൻസിപ്പാൾ സി.എസ്.ആഷിഖിന്റെയും സഹപ്രവർത്തകരുടെയും പിന്തുണയോടെ അജു വരയിൽ കൂടുതൽ ശ്രദ്ധനൽകാൻ തുടങ്ങിയത്. മാനന്തവാടി ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥിയായ സിദ്ധാർത്ഥും വരയുടെ ബാലപാഠങ്ങൾ അജുവിന് പകർന്നു നൽകി. ഇതോടെയാണ് അജു മനസിൽ തെളിയുന്നതെല്ലാം ഏകാഗ്രതയുടെ കഠിനശ്രമങ്ങളോടെ ക്യാൻവാസിലേക്ക് പകർത്തിത്തുടങ്ങിയത്. വരയ്ക്കുന്ന ചിത്രങ്ങൾ പലതും പൂർത്തിയാക്കാൻ ഓട്ടിസ്റ്റിക്ക് ഡിസോർഡർ തടസ്സമായിരുന്നു. ചെറിയ അനിഷ്ടങ്ങളുടെ വേലിയേറ്റത്തിൽ അതു വരെ വരച്ചതെല്ലാം ഒരു നിമിഷം കൊണ്ട് അജു മായ്ച്ചു കളഞ്ഞേക്കാം. ആരും നിർബന്ധിക്കാതെ അജുവിന് മൂഡുള്ളപ്പോൾ മാത്രം ചിത്രം വരയ്ക്കാനിരിക്കുന്ന ആ ശീലത്തെ രക്ഷിതാക്കളും അധ്യാപകരമെല്ലാം പിന്തുണച്ചതോടെ പലഘട്ടങ്ങളിലായി അജു നിരവധി ചിത്രങ്ങൾ പൂർത്തിയാക്കി.

എറണാകുളത്ത് നടന്ന ബഡ്‌സ് സ്‌കൂൾ കലോത്സവത്തിലും സഹപാഠികളായ മറ്റു കുട്ടികൾക്കുമൊപ്പം അജുവും പങ്കെടുത്തു. ഇവിടെയും ഭംഗിയുള്ള ചിത്രമെഴുതി അജു ശ്രദ്ധനേടിയിരുന്നു. എന്നാൽ വരച്ച് തീർത്ത ചിത്രം പൊടുന്നനെ അജു തന്നെ വികൃതമാക്കിയപ്പോഴും ഈ കലാകാരന്റെ വിസ്മയചിത്രങ്ങൾ തന്നെയായിരുന്നു എല്ലാവരുടെയും മനസിൽ ഇടം തേടിയത്. ഇവിടെ നിന്നുമാണ് രാഷ്ട്രപതിക്കുള്ള സമ്മാനമായി ദ്രൗപതി മർമ്മുവിന്റെ ചിത്രം വരയ്ക്കാനുള്ള ഭാഗ്യം അജുവിനെ തേടിയെത്തുന്നത്.

ജില്ലാ കുടുംബശ്രീ മിഷന്റെ സഹകരണത്തോടെ തിരുനെല്ലി ഗ്രാമപഞ്ചായത്താണ് ബഡ്‌സ് പാരഡൈസ് സ്‌പെഷ്യൽ സ്‌കൂൾ നടത്തുന്നത്. മൂന്ന് വർഷങ്ങൾക്ക് വയനാട്ടിലെ ഉൾഗ്രാമത്തിൽ തുടങ്ങിയ സ്‌പെഷ്യൽ സ്‌കൂളിൽ 18 വയസിന് താഴെയുള്ള 38 കുട്ടികളാണ് പഠിക്കുന്നത്. 14 ആൺകുട്ടികളും 24 പെൺകുട്ടികളും രണ്ട് അദ്ധ്യാപകരും രണ്ട് സഹായികളും ഒരു ഡ്രൈവറുമാണുള്ളത്. പ്രീയ കൂട്ടുകാരൻ അജുവിന്റെ ചിത്രം സമ്മാനമായി രാഷ്ട്രപതി ഭവനിലെത്തുമ്പോൾ വിദ്യാലയവും നാടുമെല്ലാം എന്തെന്നില്ലാത്ത സന്തോഷത്തിലാണ്. അപ്പോഴും ഈ ചിത്രം ആരുടേതാണെന്ന് ഏകാഗ്രതയുള്ള ഇടവേളകളിൽ അജുവിനെ പഠിപ്പിച്ചെടുക്കുകയാണ് മാതാപിതാക്കളും അദ്ധ്യാപകരുമെല്ലാം.

ചുമതലയേറ്റശേഷം ആദ്യമായി കേരളത്തിലെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിനു സംസ്ഥാന സർക്കാർ നൽകിയ പൗര സ്വീകരണ ചടങ്ങിലാണ് കുടുംബശ്രീയുടെ ഉപഹാരമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, അജു വരച്ച ചിത്രം സമ്മാനമായി നൽകിയത്. തിരുവനന്തപുരം കവടിയാർ ഉദയ് പാലസ് കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ കുടുംബശ്രീയുടെ 25-ാം വാർഷികത്തിന്റെ ഭാഗമായി സി.ഡി.എസ്. അംഗങ്ങളായ അഞ്ചു ലക്ഷം വനിതകൾ ചേർന്നു കുടുംബശ്രീയുടെ ചരിത്രമെഴുതുന്ന ‘രചന’യുടെ ഉദ്ഘാടനം, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരുടെ സമഗ്ര വികസനത്തിനായുള്ള ‘ഉന്നതി’ പദ്ധതിയുടെ ഉദ്ഘാടനം, മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയ ടെക്നിക്കൽ എൻജിനീയറിങ്, ഡിപ്ലോമ പുസ്തകങ്ങളുടെ പ്രകാശനം എന്നിവ ചടങ്ങിൽ രാഷ്ട്രപതി നിർവഹിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കെ. രാധാകൃഷ്ണൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, വി.കെ. പ്രശാന്ത് എം.എൽ.എ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY