തിരുവനന്തപുര൦: ജില്ലയിലെ ചില ഉത്സവ സ്ഥലങ്ങളിൽ നിന്നും ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഉത്സവ സംഘാടകരും പൊതുജനങ്ങളും കൂടുതൽ ജാഗ്രത പുലർത്ത ണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ആരാധനാലയങ്ങളിലും ആഘോഷ ങ്ങളിലും അന്നദാനം ഉൾപ്പെടെയുള്ള ഭക്ഷണങ്ങൾ വിതരണം നടത്തുമ്പോൾ സംഘാടകർ നിർബന്ധ മായും പ്രസ്തുത വിവരം തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ മുൻകൂറായി അറിയിക്കേണ്ടതാണ്.
ഭക്ഷണം വൃത്തിയുള്ള അന്തരീക്ഷത്തിൽ മാത്രം തയ്യാറാക്കുകയും, അവ അടച്ചു സൂക്ഷിക്കുകയും ചെയ്യുക. വയറിളക്കം, ടൈഫോയിഡ്, മഞ്ഞപ്പിത്തം, ഷിഗല്ല, കോളറ തുടങ്ങിയ രോഗങ്ങൾ മലിന ജലത്തിലൂടെയും വൃത്തിഹീനമായി തയ്യാറാക്കിയ ആഹാരത്തിലൂടെയുമാണ് പകരുന്നത് എന്നതിനാൽ പൊതുജനങ്ങളും സംഘാടകരും കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതാണ്. പാചകത്തിന് ശുദ്ധമായ ജലം മാത്രം ഉപയോഗിക്കുന്നതിനും കുടിക്കാനായി നന്നായി തിളപ്പിച്ചാറ്റിയ വെള്ളം മാത്രം നൽകുന്നതിനും സംഘാടകർ ശ്രദ്ധിക്കേണ്ടതിനോടൊപ്പം പാചകത്തിൽ ഏർപ്പെടുന്നവർ വ്യക്തി ശുചിത്വം പാലിക്കുന്നു എന്നും ഉറപ്പുവരുത്തേണ്ടതുമാണ്. ഭക്ഷണം തയ്യാറാക്കുവാനും വിതരണം ചെയ്യുവാനും കാറ്ററിംഗ് ഏജൻസികളെ ഏൽപ്പിക്കുന്ന പക്ഷം നിയമ പ്രകാരമുള്ള ലൈസൻസ് എടുത്തിട്ടുള്ള ഏജൻസികളെ മാത്രം ഏൽപ്പിക്കുവാനായി സംഘാടകർ ശ്രദ്ധിക്കേണ്ടതാണ്. പിരപ്പൻകോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് ഭക്ഷ്യവിഷബാധയേറ്റ 85 പേർ കന്യാകുളങ്ങര സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും മറ്റുള്ളവർ ജില്ലയിലെ വിവിധ ആശുപത്രികളിലും ചികിത്സ തേടിയിട്ടുണ്ടെങ്കിലും ആരുടെയും നില ഗുരുതരമല്ല. ഭക്ഷണത്തിനുശേഷം ഛർദ്ദി, വയറിളക്കം എന്നിവ അനുഭവപ്പെട്ടാൽ സ്വയം ചികിത്സ ചെയ്യാതെ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ എത്തി ഡോക്ടറുടെ നിർദ്ദേശാനുസരണം ചികിത്സ തേടേണ്ടതാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.