ലഹരികടത്ത്: വിവരം നല്‍കുന്നവര്‍ക്ക് അഞ്ചു ശതമാനം കമ്മിഷന്‍: ഋഷിരാജ് സിങ്

325

കനത്ത മഴയത്ത്, കേരള-തമിഴ്‌നാട് അതിര്‍ത്തിയിലുള്ള അമരവിള ചെക്‌പോസ്റ്റിലേക്ക് രാത്രി പന്ത്രണ്ട് മണിക്ക് ഒരു കൊമ്പന്‍മീശക്കാരന്‍ കടന്നുചെന്നു. ഏതോ ലോറി ജീവനക്കാരാകുമെന്ന് കരുതിയ ഉദ്യോഗസ്ഥര്‍ക്ക് ആദ്യം ആളെ മനസിലായില്ല. പുതിയ എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങാണെന്ന് മനസിലായപ്പോഴേക്കും ചെക്ക്പോസ്റ്റ് ഉണര്‍ന്നു. പരിശോധന ശക്തമാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയായിരുന്ന കമ്മിഷണറുടെ മടക്കം.

കഴിഞ്ഞദിവസം കാട്ടാക്കടയിലെ കള്ളുഷാപ്പിലും കോവളത്തെ ബിയര്‍പാര്‍ലറിലും കമ്മിഷണര്‍ മിന്നല്‍ പരിശോധന നടത്തി. വിവരം ചോരാതിരിക്കാന്‍ അതത് പ്രദേശങ്ങളിലെ ഉദ്യോഗസ്ഥരെ അറിയിക്കാതെയായിരുന്നു പരിശോധന. മിന്നല്‍പരിശോധനയും വേഷംമാറിയുള്ള സഞ്ചാരവുമൊന്നും ഋഷിരാജ് സിങിനെ സംബന്ധിച്ച് പുതിയ കാര്യമല്ല. എക്‌സൈസ് വകുപ്പില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ച് ഋഷിരാജ് സിങ് മനോരമ ഓണ്‍ലൈനിനോട് സംസാരിക്കുന്നു.

∙ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഏറെ വിവാദങ്ങളിലൂടെ കടന്നുപോയ വകുപ്പാണ് എക്‌സൈസ്. എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രത്യേക താല്‍പര്യമെടുത്താണ് ഋഷിരാജ് സിങിനെ എക്‌സൈസ് കമ്മിഷണറായി നിയമിച്ചിരിക്കുന്നത്. എന്തെല്ലാം മാറ്റങ്ങളാണ് വകുപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്നത്?

സംസ്ഥാനത്ത് മദ്യദുരന്തം ഒരിക്കലും ഉണ്ടാകാന്‍ പാടില്ല. ഇതോടൊപ്പം ലഹരിമരുന്നുകളുടെ വ്യാപനം തടയുക. ബാറുകൾ‍,ഹോട്ടലുകൾ‍, റസ്റ്റോറന്റുകള്‍ എന്നിവ ലൈന്‍സോടെ മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്ന ശക്തമായ നിര്‍ദേശമാണ് എക്‌സൈസ് മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്നത്. ലൈസന്‍സിനെതിരായ ഒരു പ്രവര്‍ത്തനവും അനുവദിക്കില്ല. ഷാപ്പുകളുടെ മറവില്‍ സ്പിരിറ്റ് കടത്ത് ഉണ്ടാകാന്‍ പാടില്ല. കള്ളില്‍ വീര്യം കൂട്ടാന്‍ സ്പിരിറ്റും മറ്റു ലഹരി വസ്തുക്കളും ചേര്‍ത്ത് വില്‍പ്പന നടത്തുന്നത് ഒരു കാരണവശാലും അനുവദിക്കില്ല. ഒരു മദ്യദുരന്തം ഉണ്ടാകാന്‍ സര്‍ക്കാര്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. ഓണം വരുന്നു. മുന്‍കരുതല്‍ നടപടികള്‍ ഇപ്പോഴേ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശക്തമായ പ്രവര്‍ത്തനം എക്‌സൈസ് വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും.

∙ കേരളത്തിലേക്ക് ലഹരിവസ്തുക്കള്‍ കൂടുതലുമെത്തുന്നത് അന്യസംസ്ഥാനങ്ങളില്‍നിന്നാണ്. അതിര്‍ത്തി ചെക്‌പോസ്റ്റുകളിലെ പരിശോധനയില്‍വരുന്ന വീഴ്ചയല്ലേ ഇതിനു കാരണം?

ചെക്‌പോസ്റ്റുവഴിയും അതിര്‍ത്തിപ്രദേശത്തെ ചെറിയ വഴികളിലൂടെയും സ്പിരിറ്റ് സംസ്ഥാനത്തെത്തുന്നുണ്ട്. ഇങ്ങനെ കടത്തികൊണ്ടുവരുന്ന സ്പിരിറ്റ് സൂക്ഷിക്കാന്‍ കടത്തുകാര്‍ക്ക് വിവിധ സ്ഥലങ്ങളുണ്ട്. ഇതു തടയണമെങ്കില്‍ രഹസ്യാന്വേഷണം ശക്തമാക്കണം. ചെക്‌പോസ്റ്റില്‍ വാഹനങ്ങള്‍ പരിശോധിച്ചാല്‍ മാത്രം സ്പിരിറ്റ് കിട്ടില്ല. ചിലപ്പോള്‍ 1000 വാഹനങ്ങള്‍ പരിശോധിക്കുമ്പോഴായിരിക്കും ഒരു വാഹനത്തില്‍നിന്ന് സ്പിരിറ്റ് കിട്ടുന്നത്.

ചെക്‌സപോസ്റ്റില്‍ വണ്ടികള്‍ പരിശോധിക്കാനുള്ള സംവിധാനവുമില്ല. വണ്ടികള്‍ വരുമ്പോള്‍ വലിയ കമ്പികൊണ്ട് കുത്തിനോക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. പച്ചക്കറി വണ്ടികളിലൊക്കെ കുത്തിനോക്കുമ്പോള്‍ വലിയ നഷ്ടം വരുന്നതായി വ്യാപാരികള്‍ക്ക് പരാതിയുണ്ട്. അതുകൊണ്ട് ചെക്‌പോസ്റ്റുകളില്‍ സ്‌കാനര്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അമരവിള, മഞ്ചേശ്വരം, ആര്യങ്കാവ്, മുത്തങ്ങ, വാളയാര്‍ ചെക്‌പോസ്റ്റുകളിലാണ് ആദ്യഘട്ടമായി സ്‌കാനറുകള്‍ സ്ഥാപിക്കുന്നത്. ഇതിന് സര്‍ക്കാര്‍ അനുവാദം തന്നിട്ടുണ്ട്. മികച്ച സ്‌കാനറുകള്‍ക്കുവേണ്ടിയുള്ള പരിശോധനകള്‍ നടക്കുന്നു.

∙ വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരിമരുന്നിന്റെ ഉപയോഗം കൂടുകയാണ്. ഇതിനെ എങ്ങനെ പ്രതിരോധിക്കാനാണ് ആലോചിക്കുന്നത്?

സ്‌കൂളുകളിലും കോളജുകളിലും ലഹരിമരുന്നുകളുടെ ഉപയോഗം വര്‍ധിക്കുകയാണ്. പരാതികള്‍ പറയാന്‍ ഒരു നമ്പര്‍ ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്(എക്‌സൈസിനോട് പരാതി പറയാനുള്ള നമ്പര്‍9447178000). 24 മണിക്കൂറും പരാതികള്‍ കിട്ടുന്നുണ്ട്. എക്‌സൈസ് ഓഫീസര്‍മാര്‍ നടപടിയെടുക്കുന്നുമുണ്ട്. ജനങ്ങളോട് എനിക്ക് ഒന്നേ പറയാനുളളൂ. നേരിട്ടുവന്ന് പരാതി പറയാന്‍ ബുദ്ധിമുട്ടുള്ളവരുണ്ടെങ്കില്‍ ഫോണിലൂടെയോ വാട്‌സ് ആപിലൂടെയോ പരാതികള്‍ അറിയിക്കണം. ശക്തമായ നടപടിയെടുക്കും. സ്‌കൂളിലും കോളേജുകളിലും പരാതിപ്പെട്ടി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. പരാതികള്‍ എല്ലായിടങ്ങളില്‍നിന്നും പത്തു ദിവസം ഇടവിട്ട് ശേഖരിക്കും. എ്റെ ഓഫീസ് നേരിട്ട് അവ പരിശോധിച്ച് നടപടിയെടുക്കും.

∙ ലഹരിമരുന്നു കേസുകളില്‍ പ്രതികളെ പിടിച്ചാലും നിയമസംവിധാനത്തിലുള്ള പിഴവുകള്‍ മുതലെടുത്ത് അവര്‍ രക്ഷപ്പെടുകയാണ്. പ്രത്യേകിച്ചും കഞ്ചാവുകേസുകളിൽ‍?

ഇപ്പോഴുളള നിയമ സംവിധാനത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഒരു കിലോയില്‍ താഴെ കഞ്ചാവ് കൈവശം വച്ചാല്‍ വേഗത്തില്‍ ജാമ്യം കിട്ടുന്ന അവസ്ഥയുണ്ട്. എന്‍ഡിപിഎസ് ആക്റ്റ് കേന്ദ്ര സര്‍ക്കാരിന്റെതായതിനാല്‍ സംസ്ഥാനം ഒരു ഭേഗഗതി നിര്‍ദേശം കേന്ദ്രത്തെ അറിയിക്കാന്‍ പോകുകയാണ്(ഒരു കിലോയില്‍ താഴെ കഞ്ചാവു കൈവശം വച്ചാലും ശിക്ഷിക്കപ്പെടുന്നതരത്തിൽ‍).സര്‍ക്കാര്‍ ഇതിന് അനുവാദം തന്നിട്ടുണ്ട്. ഇതിനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും.

∙ കടത്തുകാരെ പിടിച്ചാലും അവര്‍ക്ക് മുകളിലേക്ക് അന്വേഷണം പോകാത്ത അവസ്ഥയുണ്ട്. പലപ്പോഴും ശരിയായ വിവരം ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നില്ല. രഹസ്യാന്വേഷണ സംവിധാനം ശക്തിപ്പെടുത്താന്‍ നടപടിയുണ്ടാകുമോ?

ലഹരി കടത്തുകാരെക്കുറിച്ച് വിവരം തരുന്നവര്‍ക്ക,് പിടിക്കപ്പെടുന്ന ലഹരിമരുന്നിന്റെ വിലയുടെ അഞ്ചുശതമാനം കമ്മിഷന്‍ നല്‍കാന്‍ ആലോചിക്കുന്നുണ്ട്. ഞാന്‍ കെഎസ്ഇബിയില്‍ ചീഫ് വിജിലന്‍സ് ഓഫീസറായിരുന്നപ്പോൾ‍, വൈദ്യുതി മോഷണത്തെക്കുറിച്ചു വിവരം തരുന്നവര്‍ക്ക് അഞ്ചു ശതമാനം കമ്മിഷന്‍ നല്‍കിയിരുന്നു. നിയമനടപടികള്‍ അവസാനിക്കുമ്പോള്‍ പൈസ നല്‍കുകയായിരുന്നു പതിവ്. കടത്തുകാരെക്കുറിച്ച് വിവരം തരുന്നത് എക്‌സൈസ് ഓഫീസറായാലും നാട്ടുകാരായാലും കമ്മിഷന്‍ തുക നല്‍കും. ഈ നിര്‍ദേശത്തോട് എക്‌സൈസ് മന്ത്രിയും അനുകൂലമായാണ് പ്രതികരിച്ചത്.

പൈസ കിട്ടിയില്ലെങ്കില്‍ വിവരങ്ങള്‍ കൈമാറാന്‍ ആര്‍ക്കും താല്‍പര്യം ഉണ്ടാകില്ല. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ജനങ്ങള്‍ സംസാരിക്കുന്നുണ്ട്. എന്നാൽ‍, വിവരങ്ങള്‍ കൈമാറാന്‍ ആരും തയ്യാറാകുന്നില്ല. ഇതിനൊരു മാറ്റം വരണം. ലഹരിമരുന്നിന്റെ അനധികൃത വില്‍പ്പനയെക്കുറിച്ച് വിവരം തരുന്നവര്‍ക്ക് 20 ശതമാനംവരെ കമ്മിഷന്‍ നല്‍കാന്‍ നിയമത്തില്‍തന്നെ വ്യവസ്ഥയുണ്ട്. വിവരം തരുന്നവര്‍ക്ക് പ്രതിഫലം നല്‍കുന്ന രീതി കസ്റ്റംസിലൊക്കെ വളരെ മുന്‍പെ തന്നെയുണ്ട്. ആ രീതി ഇവിടെയും ഉണ്ടാകണം. അത്തരമൊരു നിര്‍ദേശം സര്‍ക്കാരിന് കൊടുക്കാന്‍ പോകുകയാണ്.

∙ കഞ്ചാവുകേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുള്ളത്. 2011ല്‍ 132 കേസായിരുന്നെങ്കില്‍ 2015ല്‍ അത് 1704 ആയി ഉയര്‍ന്നു?

ഇല്ല. കഞ്ചാവുകേസുകള്‍ ഇപ്പോള്‍ കുറവാണ്. അത് കൂട്ടാന്‍ നടപടിയെടുക്കും(ചിരിക്കുന്നു). ഇടുക്കി അടക്കമുള്ള പ്രദേശങ്ങളിലേക്ക് അന്യസംസ്ഥാനങ്ങളില്‍നിന്ന് കഞ്ചാവും ലരിമരുന്നും വരുന്നുണ്ട്. 11 കോടിയുടെ ഹഷീഷാണ് കഴിഞ്ഞദിവസം പിടിച്ചത്. കൊച്ചിയെ ലഹരിയുടെ ഹബ്ബാക്കി മാറ്റാനുള്ള ശ്രമം തകര്‍ക്കും.
manorama online

NO COMMENTS

LEAVE A REPLY