കോഴിക്കോട് • പശുക്കടവ് തൃക്കണ്ടൂര്‍ കടന്തറപ്പുഴയില്‍ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാണാതായ ആറു യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. സംഭവസ്ഥലത്തു നിന്നു ഒന്നരകിലോമീറ്റര്‍ അകലെ മാവട്ടത്തുവച്ച് നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. ബാക്കി അഞ്ചുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു. പുഴയില്‍ കുളിക്കാനെത്തിയ സുഹൃത്തുക്കളാണിവര്‍. മൊത്തം ഒന്‍പതു പേര്‍ ഒഴുക്കില്‍പ്പെട്ടെങ്കിലും മൂന്നു പേരെ രക്ഷപ്പെടുത്തി. വയനാട് ജില്ലയിലെ മാവട്ട വനത്തിനുള്ളില്‍ ഉരുള്‍ പൊട്ടിയതാണ് പുഴയില്‍ പെട്ടെന്നു ജലനിരപ്പ് ഉയരാന്‍ കാരണം.കോതോട് സ്വദേശികളായ രീജീഷ്, വിഷ്ണു, അശ്വന്ത്, അക്ഷയ് രാജ്, വിപിന്‍ ദാസ്, ഷൈന്‍ ശശി എന്നിവരെയാണ് കാണാതായത്.ഇവര്‍ 18നും 23 നും ഇടയില്‍ പ്രായമുള്ളവരും അയല്‍വാസികളുമാണ്. അപകടം നടന്ന സ്ഥലത്ത് മഴയുണ്ടായിരുന്നില്ല. കുട്ടിക്കുന്നുമ്മല്‍ വിനീഷ്, പാറയുള്ള പറമ്ബത്ത് അമല്‍, പാറയുള്ള പറമ്ബത്ത് ജിഷ്ണു എന്നിവരാണ് രക്ഷപ്പെട്ടത്.രണ്ടാള്‍പ്പൊക്കത്തില്‍ മലവെള്ളം വന്നതായി രക്ഷപ്പെട്ട ജിഷ്ണു പറഞ്ഞു. നിമിഷങ്ങള്‍ക്കുള്ളില്‍ വെള്ളം വന്നടുക്കുകയായിരുന്നു. പുഴയുടെ താഴെഭാഗത്ത് കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നുവെന്നും ജിഷ്ണു പറഞ്ഞു.ഫയര്‍ ഫോഴ്സും നാട്ടുകാരും തിരച്ചില്‍ നടത്തുകയാണ്. കനത്ത മലവെള്ളപ്പാച്ചിലും പാറക്കെട്ടും കാരണം പുഴയില്‍ ഇറങ്ങി തിരച്ചില്‍ നടത്താനായില്ല. തിരച്ചിലില്‍ സഹായിക്കാനായി ദേശീയ ദുരന്ത നിവാരണ സംഘം എത്തും. രാത്രിയും തിരച്ചില്‍ തുടരുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ അറിയിച്ചു. മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, ടി.പി.രാമകൃഷ്ണന്‍, എ.കെ.ശശീന്ദ്രന്‍, ഇ.കെ.വിജയന്‍ എംഎല്‍എ തുടങ്ങിയവര്‍ സംഭവസ്ഥലത്ത് എത്തി.
രക്ഷാപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉദ്യോഗസ്ഥരുടെ യോഗം പവര്‍ ഹൗസില്‍ വിളിച്ചു ചേര്‍ത്തു. എംഎല്‍എ ഇ.കെ. വിജയന്‍, അസി. കലക്ടര്‍ കെ.ഇമ്ബശേഖര്‍, റൂറല്‍ എസ്.പി. എസ്.വിജയകുമാര്‍, െഡപ്യുട്ടി. കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍, ഫയര്‍ അസി. ഡിവിഷണല്‍ ഓഫീസര്‍ അരുണ്‍ ഭാസ്കര്‍ എന്നിവര്‍ പങ്കെടുത്തു.