ഉത്തര്‍ പ്രദേശ് • മുപ്പത്തിയഞ്ചു വയസുകാരിയെ മാനഭംഗപ്പെടുത്തിയ ശേഷം ട്രെയിനില്‍ നിന്നും തള്ളിയിട്ടു. അപകടത്തില്‍ യുവതിക്ക് വലതു കാല്‍ നഷ്ടമായി. ഗുരുതരമായി പരുക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുപിയിലെ മാവു ജില്ലയിലാണ് സംഭവം. എന്നാല്‍ യുവതി മാനഭംഗത്തിന് ഇരയായെന്നതിന് ഔദ്യോഗിക സ്ഥിരീകരണം ഇല്ല. മെഡിക്കല്‍ റിപ്പോര്‍ട്ടിന് കാത്തിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.ഖസര്‍ഗാഡ് റയില്‍വേ സ്റ്റേഷനു സമീപം വേദനകൊണ്ടു പുളയുകയായിരുന്ന സ്ത്രീയുടെ ശബ്ദം കേട്ടു നാട്ടുകരാണ് ആദ്യം സ്ഥലത്തെത്തിയത്. നഗ്നയായിരുന്നു യുവതി.ഇതില്‍നിന്നും യുവതി ട്രെയിനില്‍ വച്ചു പീഡിപ്പിക്കപ്പെട്ടുവെന്നാണ് കരുതുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ആരെയും പിടികൂടിയിട്ടില്ല.ശനിയാഴ്ച രാത്രി ജൗനാപുരിലെ വീട്ടിലേക്ക് പാസഞ്ചര്‍ ട്രെയിനില്‍ പോവുകയായിരുന്നു യുവതി. അതിനിടെ, രണ്ടു പുരുഷന്‍മാര്‍ യുവതിയെ ഉപദ്രവിക്കുകയും ഒാടുന്ന ട്രെയിനില്‍ നിന്നു പുറത്തേക്ക് എറിയുകയുമായിരുന്നു. യുവതിയെ ആദ്യം സമീപത്തെ റയില്‍വേ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനാല്‍ വാരണാസിയിലേക്ക് മാറ്റി.