മുംബൈ: വിവാദമായ ഹിന്ദി ചിത്രം ഉഡ്താ പഞ്ചാബിന് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ച മുറിച്ചുമാറ്റലുകള്‍ ആവശ്യമില്ലെന്ന് ബോംബെ ഹൈക്കോടതി. രണ്ട് ദിവസത്തിനകം പുതിയ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.ചിത്രത്തിന്റെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് വിധി.
സെന്‍സര്‍ബോര്‍ഡ് നിര്‍ദ്ദേശിച്ച കട്ടുകള്‍ ഓരോന്നായി പരിഗണിച്ച കോടതി, ചിത്രത്തിലെ ഒരു രംഗവും ചില വാക്കുകളും മാത്രമാണ് ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചത്. എം.പി, എം.എല്‍.എ, പാര്‍ലമെന്റ് തുടങ്ങിയ പദങ്ങള്‍ പൊതുവായ വാക്കുകളാണെന്നും അത് നീക്കം ചെയ്യേണ്ട കാര്യമില്ലെന്നും കോടതി പറഞ്ഞു. അതുപോലെ, മയക്കുമരുന്ന് കുത്തിവയ്ക്കുന്ന രംഗം ഒഴിവാക്കേണ്ട കാര്യമില്ല. ഈ ഒരു രംഗത്തെ മുന്‍നിര്‍ത്തി ചിത്രം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്ന് പറയാനാവില്ല. ജനക്കൂട്ടത്തിനു നേരെ നിന്ന് മൂത്രമൊഴിക്കുന്ന ഒരു രംഗമാണ് ഒഴിവാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. ഇത് ചിത്രത്തിന് അനിവാര്യമല്ലെന്ന് കോടതി നിരീക്ഷിച്ചു.
ഹരിതവിപ്ലവത്തിന്റെയും ധീരന്‍മാരായ ജവാന്‍മാരുടെയും നാടായ പഞ്ചാബിനെക്കുറിച്ച് സിനിമയിലുള്ള ഒരു വാചകം ചൂണ്ടിക്കാട്ടി അത് പഞ്ചാബിന്റെ പ്രതിഛായ തകര്‍ക്കുമെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ സെന്‍സര്‍ബോര്‍ഡിന് അവകാശമില്ലെന്നും വിധി പ്രസ്താവിച്ചുകൊണ്ട് കോടതി പറഞ്ഞു.
ദുരുപയോഗം ചെയ്യപ്പെടാത്തിടത്തോളം ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ കൈകടത്താന്‍ ആര്‍ക്കും സാധ്യമല്ല. സെന്‍സര്‍ ബോര്‍ഡിന് നിയമപരമായി സിനിമയെ വെട്ടിമുറിക്കാനുള്ള അവകാശമില്ല. ചിത്രത്തിലെ രംഗങ്ങള്‍ ഒഴിവാക്കുന്നതിനോ മാറ്റംവരുത്തുന്നതിനോ ഉള്ള അവകാശം, ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങളെ മുന്‍നിര്‍ത്തി മാത്രമേ സെന്‍സര്‍ ബോര്‍ഡിന് ലഭിക്കുന്നുള്ളൂ എന്നും കോടതി വ്യക്തമാക്കി.
ഇന്ത്യയുടെ പരമാധികാരത്തെയോ ഏകതയേയോ ചോദ്യംചെയ്യുന്ന ഒന്നും ചിത്രത്തിന്റെ തിരക്കഥയില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഉച്ചയ്ക്കു മുമ്പ് കേസ് പരിഗണിക്കവെ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സെന്‍സര്‍ബോര്‍ഡ് അവകാശപ്പെടുന്നതുപോലെ എതിര്‍ക്കപ്പെടേണ്ടതായി ഒന്നുംതന്നെ ചിത്രത്തില്‍ കണ്ടെത്താനായിട്ടില്ലെന്നും കോടതി പറഞ്ഞു.
പഞ്ചാബിലെ വര്‍ധിച്ച ലഹരി ഉപയോഗമാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്. സിനിമയുടെ രൂപഭാവങ്ങളും ഘടനയും പ്രമേയവുമെല്ലാം തീരുമാനിക്കുന്നതിന് അതിന്റെ പിന്നണിപ്രവര്‍ത്തകര്‍ക്ക് അവകാശമുണ്ടെന്നും കോടതി പറഞ്ഞു.
നേരത്തെ സെന്‍സര്‍ബോര്‍ഡ് ചിത്രത്തിന് ‘എ’ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. കൂടാതെ 13 സീനുകള്‍ നീക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
ചിത്രത്തില്‍നിന്ന് പഞ്ചാബ്, പാര്‍ലമെന്റ്, എം.പി., എം.എല്‍.എ. തുടങ്ങിയ വാക്കുകള്‍ ഒഴിവാക്കണമെന്നും ലഹരിമരുന്ന് കുത്തിവെക്കുന്ന ഭാഗം മാറ്റണമെന്നും മറ്റും സെന്‍സര്‍ബോര്‍ഡ് ചെയര്‍മാന്‍ പഹ് ലാജ് നിഹലാനി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഉഡ്താ പഞ്ചാബിന്റെ നിര്‍മാതാവായ അനുരാഗ് കശ്യപ് ഹൈക്കോടതിയെ സമീപിച്ചത്.