സി.പി.എം. നേതാക്കള്‍ക്കും കോണ്‍ഗ്രസിന്‍റെ മുന്‍മന്ത്രിക്കുമെതിരേ വി.മുരളീധരന്‍ വിജിലന്‍സ് എസ്.പിക്കു മൊഴി നല്‍കി

261

കോഴിക്കോട്: സി.പി.എം. നേതാക്കള്‍ക്കും കോണ്‍ഗ്രസിന്‍റെ മുന്‍മന്ത്രിക്കുമെതിരേ ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്‍റ് വി.മുരളീധരന്‍ വിജിലന്‍സ് എസ്.പിക്കു മൊഴി നല്‍കി.
ഗുരതര ആരോപണങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം സംസ്ഥാന സെക്രട്ടറിയും മുന്‍ ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍, മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍, കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ വി.എസ്.ശിവകുമാര്‍ എന്നിവര്‍ക്കെതിരേ വിജിലന്‍സ് എസ്.പി സുനില്‍ബാബുവിനു നല്‍കിയ മൊഴിയില്‍ ഉന്നയിച്ചിട്ടുള്ളത്. ആരോപണങ്ങള്‍ സംബന്ധിച്ച്‌ വിജലന്‍സ് ഡയറക്ടര്‍ക്ക് മുരളീധരന്‍ പരാതി നല്‍കിയിരുന്നു. ഇതിന്‍റെ ഭാഗമായാണു മൊഴിയെടുത്തത്.ശിവകുമാര്‍ തിരുവനന്തപുരത്ത് മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രി വാങ്ങിയെന്നതാണു മുരളീധരന്‍ ഉന്നയിച്ചിട്ടുള്ള പ്രധാന ആരോപണം.
കോടിയേരി ബാലകൃഷ്ണന്‍റെ മകന് സംസ്ഥാനത്ത് വലിയ വ്യവസായ സംരംഭങ്ങള്‍ ഉള്ളതായി മൊഴിയിലുണ്ട്. മാര്‍ബിള്‍, ഫര്‍ണീച്ചര്‍, കാര്‍ ആക്സസറീസ് തുടങ്ങി വിവിധ മേഖലകളിലാണ് വ്യവസായ ശൃംഖല വ്യാപിച്ചു കിടക്കുകയാണ്. പൊതുപ്രവര്‍ത്തകന്‍ മാത്രമായ ഒരാളുടെ മകന് ഇതിനെല്ലാം എവിടെ നിന്നും പണം കിട്ടിയെന്ന് അന്വേഷിക്കണമെന്നാണു മറ്റൊരാവശ്യം. സാന്പത്തിക സ്രോതസിനു പിന്നിലാരെല്ലമെന്നും കണ്ടെത്തണം. കോടിയേരിയുടെ മൂത്തമകന്‍റെ വിവാഹത്തിനു ലക്ഷങ്ങള്‍ ചെലവിട്ടതായി മുരളീധരന്‍ ആരോപിച്ചു. വിവാഹത്തിന്‍റെ പത്ര വാര്‍ത്തകളും ഫോട്ടോകളും തെളിവായി ഹാജരാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ വിവാഹം നടത്താന്‍ കോടിയേരിക്ക് എവിടെ നിന്നു പണം കിട്ടിയെന്ന് അന്വേഷിക്കണം. വി.എസിന്‍റെ മകള്‍ ആശയുടെ മക്കള്‍ എം.ബി.ബി.എസ്. പഠനം നടത്തിയതിനെക്കുറിച്ച്‌ അന്വേഷണം വേണം. മാനേജ്മെന്‍റ് ക്വാട്ടയിലാണോ സീറ്റെന്നും പണം നല്‍കാതെയാണു സീറ്റ് കിട്ടിയതെങ്കില്‍ മാനേജുമെന്‍റുമായി ഏന്തു ധാരണയാണ് ഉണ്ടാക്കിയതെന്നും അന്വേഷിക്കണം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ ഐടി കന്പനി നടത്തുകയാണ്. ഈ കന്പനിക്ക് പിന്നിലെ സാന്പത്തിക സ്രോതസ് കണ്ടെത്തണം. പിണറായിയുടെ മകന്‍ ബര്‍മിങ്ഹാം യൂണിവേഴ്സിറ്റിയില്‍ 42 ലക്ഷം രൂപ ചെലവഴിച്ചാണ് ബിരുദമെടുത്തത്. ഇതിനുള്ള പണം എവിടെ നിന്നു കിട്ടിയെന്നതും അന്വേഷിക്കണമെന്നും മുരളീധരന്‍ മൊഴിയില്‍ പറയുന്നു. രേഖാമൂലമുള്ള പരാതിയാണ് താന്‍ നല്‍കിയതെന്നും വിജിലന്‍സിനു തെളിവുകള്‍ കിട്ടുന്നില്ലെങ്കില്‍ അതു കണ്ടെത്തിക്കൊടുക്കാനുള്ള വഴി കാട്ടുമെന്നും മുരളീധരന്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. ചില പ്രധാന കാര്യങ്ങളാണു താന്‍ സൂചിപ്പിട്ടുള്ളതെന്നും പാര്‍ട്ടിയുടെ ദേശീയ സമ്മേളനം കഴിഞ്ഞാല്‍ വിശദമായ മൊഴി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

NO COMMENTS

LEAVE A REPLY