കേരളീയം കാണാനെത്തുന്ന തലസ്ഥാനവാസികൾക്ക് കൗതുകം പകർന്നു മുത്തപ്പൻ തെയ്യവും കാവും. വടക്കൻ മലബാറിലെ ഭക്ത ജനങ്ങളുടെ ആരാധന മൂർത്തിയായ മുത്തപ്പൻ വെള്ളാട്ടമാണ് കേരളീയത്തിൽ ശ്രദ്ധ നേടുന്ന ഒരു പ്രധാന തീം. കനകക്കുന്ന് കൊട്ടാരത്തിന്റെ മുൻവശത്തായിട്ടാണ് കാവും ആരാധന മൂർത്തിയെയും അണിയിച്ചൊരുക്കിയിട്ടുള്ളത്. കേരളീയത്തിലെ ഇല്ലുമിനേഷൻ കമ്മിറ്റിയാണ് മുത്തപ്പനെ അണിയിച്ചൊരുക്കിയത്. നിരവധി പേരാണ് മുത്തപ്പൻ കാവിന് മുന്നിൽ നിന്നും സെൽഫിയെടുക്കുന്നത്. ഇതിനു പുറമെ, ഡി.ജെ സംഗീതത്തിന്റെ അകമ്പടിയോടെ ലേസർ രശ്മികൾക്കൊപ്പം നൃത്തം ചവിട്ടുന്ന ലേസർമാൻ ഷോ, യു.വി സ്റ്റേജ് ഷോ, ട്രോൺസ് ഡാൻസ് എന്നിവയും കനകക്കുന്നിൽ ഒരുക്കിയിട്ടുണ്ട്.