കേരള സംസ്ഥാന വെറ്ററിനറി കൗൺസിലിലേക്ക് നാലംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് നാമ നിർദേശ പത്രികകൾ ക്ഷണിച്ചു. സ്ഥാനാർഥികളാകാൻ ആഗ്രഹിക്കുന്നവർ നിശ്ചിത മാതൃകയിലുള്ള നാമനിർദേശ പത്രിക നവംബർ 10ന് വൈകിട്ട് അഞ്ചിനുള്ളിൽ സമർപ്പിക്കണം. നാമനിർദേശ പത്രികകൾ ഡോ. ജിജിമോൻ ജോസഫ്, റിട്ടേണിംഗ് ഓഫീസർ, റിട്ടേണിംഗ് ഓഫീസറുടെ കാര്യാലയം, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ ബിൽഡിംഗ്, പേരൂർക്കട, പിൻ – 695005 എന്ന വിലാസത്തിൽ നേരിട്ടോ രജിസ്റ്റേർഡ് തപാലിലോ സമർപ്പിക്കാം. നിശ്ചിത സമയ പരിധിക്കു ശേഷമോ മറ്റ് മാർഗങ്ങളിലോ ലഭിക്കുന്ന നാമനിർദേശ പത്രികകൾ സ്വീകരിക്കില്ല.
നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബർ 15നു രാവിലെ 11ന് സ്ഥാനാർഥികളോ അവരുടെ പ്രതിനിധികളോ ഹാജരുണ്ടെങ്കിൽ അവരുടെ കൂടി സാന്നിധ്യത്തിൽ റിട്ടേണിംഗ് ഓഫീസറുടെ കാര്യാലയത്തിൽ നടത്തും. സാധുവായ നാമനിർദേശ പട്ടികയിൽപ്പെട്ടവരുടെ പേര് വിവരം അന്നേ ദിവസം പ്രസിദ്ധപ്പെടുത്തും. നവംബർ 17ന് ഉച്ചയ്ക്ക് ശേഷം മൂന്നു വരെ നാമനിർദേശ പത്രികകൾ പിൻവലിക്കുന്നതിന് അവസരമുണ്ടാകും.
തെരഞ്ഞെടുപ്പ് ആവശ്യമുള്ള പക്ഷം ഡിസംബർ 20നു നടത്തും. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സജ്ജീകരിക്കുന്ന ബൂത്തുകളിൽ രാവിലെ എട്ടു മുതൽ വൈകിട്ട് നാലു വരെ അംഗങ്ങൾക്ക് വോട്ട് ചെയ്യാം. അന്നേ ദിവസം വൈകിട്ട് 4.30ന് അതാത് വോട്ടിംഗ് കേന്ദ്രങ്ങളിൽ വെച്ച് വോട്ടെണ്ണൽ നടത്തുന്നതും തുടർന്ന് റിട്ടേണിംഗ് ഓഫീസർ ഫലം പ്രഖ്യാപിക്കുകയും ചെയ്യും.
തെരഞ്ഞെടുപ്പിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് റിട്ടേണിംഗ് ഓഫീസറുടെ കാര്യാലയത്തിൽ നിന്നോ കേരള സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്, കേരള സംസ്ഥാന വെറ്ററിനറി കൗൺസിൽ എന്നീ ഓഫീസുകളുടെ ഔദ്യോഗിക വെബ്സൈറ്റുകളിൽ നിന്നോ ലഭിക്കും.