ചിറ്റാര്‍: ആകാശ ഊഞ്ഞാല്‍ ദുരന്തത്തില്‍ മരിച്ച പ്രിയങ്കയ്ക്ക് സഹപാഠികളുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന മേളയില്‍ ദുരന്തത്തിനിരയായ കുളത്തുങ്കല്‍ സജി-ബിന്ദു ദന്പതികളുടെ മൂത്തമകള്‍ പ്രിയങ്കയുടെ ചേതനയറ്റ ശരീരം കണ്ട് കൂട്ടുകാര്‍ വിതുന്പി. ഒരുനോക്കുകാണാന്‍ ആയിരങ്ങളാണ് കുളത്തുങ്കല്‍ വീട്ടിലേക്ക് ഒഴുകിയെത്തിയത്.റാന്നി സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ 9.30 ന് പ്രിയങ്ക പഠിച്ച ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രത്യേകം തയാറാക്കിയ പന്തലില്‍ പൊതുദര്‍ശനത്തിനുവച്ചു. കൂട്ടുകാര്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് പൂക്കളര്‍പ്പിച്ചത്. പ്രദേശത്തെ മറ്റ് സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും അധ്യാപകരും അനുശോചനം അറിയിക്കാന്‍ എത്തിയിരുന്നു.ഒരു മണിക്കൂറിനു ശേഷം സ്കൂളിനു സമീപത്തുതന്നെ സജിയുടെ വീട്ടിലേക്ക് മൃതദേഹം വിലാപയാത്രയായി എത്തി. നിരവധിപേര്‍ രാവിലെ മുതല്‍ കുളത്തുങ്കല്‍ വീട്ടിലേക്ക് ഒഴുകുകയായിരുന്നു. ചിറ്റാര്‍ എസ്.ഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘം ജനങ്ങളെ നിയന്ത്രിച്ചു. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ മലങ്കര കത്തോലിക്കാ പള്ളിയില്‍ എത്തിച്ച മൃതദേഹം 3.30 ന് സംസ്കരിച്ചു. സര്‍ക്കാരിനുവേണ്ടി മന്ത്രി കെ. രാജു റീത്ത് സമര്‍പ്പിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രാജു ഏബ്രഹാം എം.എല്‍.എ, അടൂര്‍ പ്രകാശ് എം.എല്‍.എ, ആന്‍റോ ആന്‍റണി എം.പി, മുന്‍ എം.എല്‍.എ കെ. ശിവദാസന്‍ നായര്‍, ഡി.സി.സി പ്രസിഡന്‍റ് പി. മോഹന്‍രാജ്, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി. ജയന്‍, ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് അശോകന്‍ കുളനട, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ ബാബു ജോര്‍ജ് തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.ആകാശ ഊഞ്ഞാലില്‍ നിന്നും തെറിച്ചു വീണ് പ്രിയങ്കയുടെ സഹോദരന്‍ അലനും മരിച്ചിരുന്നു. അലന്‍റെ സംസ്കാരം വ്യാഴാഴ്ച നടത്തി. അലന്‍റെ മൃതദേഹം വയ്ക്കാന്‍ വീട്ടുമുറ്റത്ത് കെട്ടിയ പന്തലില്‍ തന്നെയാണ് പ്രിയങ്കയുടേയും മൃതദേഹം വച്ചത്.അവയവദാനത്തിലൂടെ മൂന്നുപേര്‍ക്ക് പുതുജീവന്‍ നല്‍കിയാണ് പ്രിയങ്ക വിടവാങ്ങിയത്.