ഭരണ നിർവ്വഹണത്തിലെ പുതിയ ഒരധ്യായമാണ് നവംബർ 18ന് ആരംഭിക്കുന്ന നവകേരള സദസെന്നും സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മെച്ചപ്പെട്ട ജീവിതസാഹചര്യം ഉറപ്പുവരുത്തുന്നതിനും പ്രതിബദ്ധതയോടെയുള്ള ഇടപെടലാണ് സർക്കാർ നടത്തുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
മെച്ചപ്പെട്ട ഭരണ നിർവ്വഹണം അതിൻറെ ഭാഗമാണ്. പൊതുജനങ്ങളുടെ പരാതി പരിഹരിക്കാൻ വിപുലമായ സൗകര്യങ്ങൾ നിലവിലു ണ്ടെങ്കിലും പല കാരണങ്ങളാലും പരിഹരിക്കപ്പെടാതെ കിടക്കുന്ന വിഷയങ്ങൾ നിലനിൽക്കുന്നു. അവയ്ക്ക് പരിഹാരം കാണുന്നതിനുള്ള വിപുലമായ ഇടപെടലാണ് ‘കരുതലും കൈത്താങ്ങും’ എന്ന പേരിൽ ഈ വർഷം ഏപ്രിൽ, മെയ് മാസങ്ങളിൽ താലൂക്ക് ആസ്ഥാനങ്ങളിൽ നടന്ന അദാലത്തുകൾ.
മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന അദാലത്തുകൾ വലിയ വിജയമായിരുന്നു. ഇതിനെ തുടർന്ന് ജില്ലാ തലത്തിൽ മന്ത്രിമാർ പങ്കെടുത്ത് അവലോകനം നടന്നു. തുടർന്ന് സംസ്ഥാനത്തെ നാല് മേഖലകളായി തിരിച്ചു മന്ത്രിസഭ ആകെ പങ്കെടുത്ത മേഖലാതല അവലോകന യോഗങ്ങൾ നടന്നു.
അതിദാരിദ്ര്യം, വിവിധ മിഷനുകൾ, പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ, മാലിന്യമുക്ത കേരളം, ജില്ലയുമായി ബന്ധപ്പെട്ട് കളക്ടർമാർ കണ്ടെത്തുന്ന പ്രധാന പ്രശ്നങ്ങൾ എന്നിങ്ങനെ അഞ്ചു വിഷയങ്ങൾ ഓരോ അവലോകന യോഗവും വിശദമായി പരിശോധിച്ചു. ഓരോ വിഭാഗത്തിലും നടപ്പാക്കിയ പദ്ധതികളുടെ നിലവിലെ സ്ഥിതി, പരിപാലനം, പുരോഗമിക്കുന്ന പദ്ധതികൾ എന്നിവയാണു ചർച്ച ചെയ്തു തീരുമാനത്തിലേക്ക് പോയത്. ഈ പ്രക്രിയയുടെ അടുത്ത ഘട്ടമാണ് നവകേരള സദസ്.
ജനാധിപത്യം അതിൻറെ എല്ലാ അർത്ഥത്തിലും സമ്പുഷ്ടമാക്കാനും ജനങ്ങളുടെ പങ്കാളിത്തം കൂടുതൽ ദൃഢപ്പെടുത്താനുമുള്ള വലിയൊരു യജ്ഞമാണ് നവംബർ പതിനെട്ടിന് ആരംഭിക്കുന്നത്. മന്ത്രിസഭ ഒന്നാകെ 140 മണ്ഡലങ്ങളിലും എത്തുകയും ജനങ്ങളുമായി സംവദിക്കുകയും ചെയ്യും. ഡിസംബർ 24 നു തിരുവന്തപുരത്ത് നവകേര സദസ് സമാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.