മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന് കോഴിക്കോട് ജില്ലയിൽ ഒരുക്കം പൂർത്തിയായി. കോഴിക്കോട് നോർത്ത്, സൗത്ത് മണ്ഡലങ്ങളിലെ നവകേരള സദസ്സ് നവംബർ 25ന് വൈകിട്ട് മൂന്ന് മണി മുതൽ കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്‌ക്വയറിൽ നടക്കും. സർക്കാർ നടത്തിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി സംവദിക്കാനും സമൂഹത്തിന്റെ ചിന്താഗതികൾ നേരിട്ടറിയുന്നതിനുമാണ് പര്യടനം.
കോഴിക്കോട് നോർത്ത്, സൗത്ത് മണ്ഡലങ്ങളിലെ പ്രഭാത യോഗം രാവിലെ 9 മണിക്ക് എരഞ്ഞിപ്പാലം ട്രിപ്പന്റയിലാണ് നടക്കുക. പ്രഭാത സദസുകളിൽ പ്രത്യേകം ക്ഷണിതാക്കളായി വിവിധ മേഖലകളിൽ നിന്നുള്ളവർ പങ്കെടുക്കും. നവകേരള സദസിനെത്തുന്ന വരിൽ നിന്ന് നിവേദനം സ്വീകരിക്കാൻ വേദിക്ക് സമീപം ഓരോ മണ്ഡലത്തിലും 20 കൗണ്ടറുകൾ വീതം (ആകെ 40) സജ്ജീകരിച്ചി ട്ടുണ്ട്. ഉച്ച്ക്ക് രണ്ട് മണി മുതൽ പരാതികൾ സ്വീകരിക്കും. സ്ത്രീകൾ, മുതിർന്ന പൗരൻമാർ, ഭിന്നശേഷിക്കാർ എന്നിവർക്കായി പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
നവകേരള സദസിന്റെ പ്രചരണാർത്ഥം മണ്ഡലങ്ങളിൽ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്. കൂട്ടയോട്ടം, കുടുംബശ്രീ വിളംബര ജാഥ, വീട്ടുമുറ്റ സദസ്സ്, ബൈക്ക് റാലി, ഉദ്യോഗസ്ഥരുടെ സന്ദേശ യാത്ര, ഫ്‌ളാഷ് മോബ് തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ നടത്തി. നവംബർ 25ന് വൈകിട്ട് മൂന്ന് മണി മുതൽ ഫ്രീഡം സ്‌ക്വയറിൽ കലാപരിപാടികൾ അരങ്ങേറും.
നാടകഗാനം, നാടൻപാട്ട്, മാപ്പിളപ്പാട്ട് എന്നിവ ഉൾപ്പെടുത്തി കോഴിക്കോടിന്റെ തനിമ നിലനിർത്തിക്കൊണ്ടുള്ള ഗാനസന്ധ്യ അടക്ക മുള്ള പരിപാടികളാണ് അരങ്ങേറുക.