സംസ്ഥാനത്തു തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനായി തൊഴില്‍ മിഷന് എന്ന ആശയം സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുമെന്നു മുഖ്യ മന്ത്രി പിണറായി വിജയന്. നവകേരള സദസിന്റെ തിരുവനന്തപുരം ജില്ലയിലെ പര്യടനത്തിന്റെ ഭാഗമായ പ്രഭാത സദസ്സിലാണ് ഇത്തരമൊരു ആശയം ഉയര്‍ന്നത്. സംസ്ഥാനത്തിന്റെ ഭാവി വികസനത്തിനു മുതല്‍ക്കൂട്ടാകുന്ന നിരവധി ക്രിയാത്മക ആശയങ്ങളും നിര്‍ദേശങ്ങളും ആറ്റിങ്ങല്‍ പൂജ കണ്വന്ഷന് സെന്ററില്‍ നടന്ന പ്രഭാത യോഗത്തില്‍ ഉയര്‍ന്നു.
നാടിന്റെ വികസന സങ്കല്‍പ്പങ്ങള്‍ ഏതു രീതിയില്‍ യാഥാര്‍ഥ്യമാക്കണമെന്നതിന്റെ മികച്ച ആശയങ്ങളാണു നവകേരള സദസിന്റെ പ്രഭാത യോഗങ്ങളില്‍ ഉയരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 13 ജില്ലകളിലും നടന്ന പ്രഭാത സദസ്സുകള്‍ ഇത്തരം ആശയങ്ങള്‍കൊണ്ടു സമ്പന്നമായിരുന്നു. ഭാവി പ്രവര്‍ത്തനങ്ങളെ ഒട്ടേറെ സഹായിക്കുന്നതാണ് ഇവയില്‍ മിക്കവയെന്നും പ്രഭാത സദസ്സിന് ആമുഖമായി മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്നു സമൂഹത്തിന്റെ വിവിധ തുറകളില്‍പ്പെട്ടവര്‍ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളുടെ പുരോഗതി സംബന്ധിച്ചും തൊഴില്‍, വ്യവസായം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ നടത്തേണ്ട ഇടപെടലുകളെക്കുറിച്ചുമുള്ള ആശയങ്ങള്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മുന്‍പാകെ പങ്കുവച്ചു. ഇവ ഓരോന്നിലും വ്യക്തമായ തീരുമാനങ്ങളും നിര്‍ദേശങ്ങളുമുണ്ടായി.
ഡയാലിസിസ് ആവശ്യമായ രോഗികള്‍ക്ക് ആശ്വാസ് പദ്ധതി പ്രകാരം പ്രതിമാസം നല്കുന്ന സൗജന്യ ഡയാലിസിസുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഊര്‍ജ മേഖലയില്‍ സര്‍ക്കാര്‍ മികച്ച ഇടപെടലുകള്‍ നടത്തുന്നുണ്ട്. സൗര പദ്ധതിയുടെ പുരോഗതിയനുസരിച്ചു ഗ്രിഡുകള്‍ വര്‍ധിപ്പിക്കുന്നതു പരിഗണിക്കും. ടൂറിസം രംഗവുമായി ബന്ധിപ്പിച്ച് ആയൂര്‍വേദം, യോഗ എന്നിവയ്ക്കുള്ള സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തും.
ആയൂര്‍വേദ മേഖലയില്‍ മികച്ച ഇടപെടലുകള്‍ നടത്താന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ട്. യോഗയും ഇത്തരത്തില്‍ വ്യാപകമാക്കാന്‍ കഴിയണം. ഇതിനു പ്രോത്സാഹനം നല്കാന് സര്‍ക്കാര്‍ സന്നദ്ധമാണ്. സംസ്ഥാനത്ത് പാരാമെഡിക്കല്‍ മേഖലയില്‍ കൂടുതല്‍ കോഴ്സുകള്‍ ആരംഭിക്കണമെന്ന ആവശ്യം ഈ മേഖലയില്‍ കൂടുതല്‍ തൊഴിലവസങ്ങള്‍ തുറക്കപ്പെടുന്നതിനു സാധ്യത നല്‍കുന്നതാണ്.
സിനിമ മേഖലയില്‍ വിനോദ നികുതി ഇളവു ചെയ്യണമെന്ന ആവശ്യം പരിഗണിക്കാമെന്നു മുഖ്യമന്ത്രി പറഞ്ഞു. നിയമ പരിഷ്കരണ കമ്മിഷന് ശുപാര്‍ശകള്‍ ഗൗരവമായാണു സര്‍ക്കാര്‍ കാണുന്നത്. ഇതുമായി ബന്ധപ്പെട്ടു വിവിധ വകുപ്പുകള്‍ പരിശോധിക്കേണ്ട കാര്യങ്ങളില്‍ ആവശ്യമായ തുടര്‍ നടപടികളുണ്ടാകും.
സഹകരണ സംഘങ്ങളും സര്‍ക്കാരിന്റെ വിവിധ സംവിധാനങ്ങളും ഉത്സവകാലത്ത് വിപണിയില്‍ ഇടപെടുന്നതു സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതും വിലക്കയറ്റത്തെ തടയുന്നതുമാണെന്നു ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി ഇത്തരം വിപണന മേളകള്‍ വ്യാപാരി കളുടെ ബിസിനസില്‍ ഇടിവു വരുത്തുന്നതായി ചൂണ്ടിക്കാട്ടിയ പ്രശ്നം അടിസ്ഥാനമില്ലാത്തതാണെന്നും ഇത്തരം വിപണി ഇടപെടലുകള്‍ വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും പറഞ്ഞു. തോന്നിയതുപോലെ വില വര്‍ധിപ്പിക്കുന്ന സാഹചര്യം ഒഴിവാക്കാനാകു മെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദ്വേഷ പ്രചാരണങ്ങളെ കേരള സമൂഹം ഗൗരവത്തോടെയാണു കാണുന്നത്. വിദ്വേഷ പ്രചാരണങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികളും സ്വീകരിക്കുന്നുണ്ട്. സര്‍ക്കാര്‍ സേവനങ്ങളുടെ ഓണ്‍ലൈന്‍ ഉപയോഗം സംബന്ധിച്ച് ബോധവത്കരണം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയുടെ ഭാഗമാക്കണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയുടെ മൊഡ്യൂളുകളില്‍ ഒന്നായി ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നു മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു.
മന്ത്രിമാരായ കെ. രാജന്, റോഷി അഗസ്റ്റിന്, കെ. കൃഷ്ണന്‍കുട്ടി, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, ജി.ആര്. അനില്‍, കെ.എന്‍. ബാലഗോപാല്‍, ഡോ. ആര്. ബിന്ദു, എം.ബി. രാജേഷ്, പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ്, കെ. രാധാകൃഷ്ണന്, പി. രാജീവ്, വി. ശിവന്‍കുട്ടി, വി.എന്‍. വാസവന്, വീണാ ജോര്‍ജ്, സജി ചെറിയാന്, എം.എല്‍.എമാരായ വി. ജോയ്, വി. ശശി, ഡി.കെ. മുരളി, ഒ.എസ്. അംബിക തുടങ്ങിയവരും സമൂഹത്തിന്റെ വിവിധ തുറകളില്‍നിന്നുള്ളവരും യോഗത്തില്‍ പങ്കെടുത്തു.