സമൂഹത്തിൽ നിയമ അവബോധം ശക്തിപ്പെടുത്തും ; മന്ത്രി പി. രാജീവ്

21

നിയമത്തെ കുറിച്ചുള്ള അജ്ഞത നമുക്കിടയിൽ വ്യാപകമാണെന്നും സമൂഹത്തിൽ നിയമ അവബോധം ശക്തിപ്പെടുത്തണമെന്നും വ്യവസായ-നിയമ വകുപ്പ് മന്ത്രി പി. രാജീവ്. സ്ത്രീകൾക്കും കുട്ടികൾക്കും നിയമ അവബോധം നൽകുന്നതിന് നിയമ (ഔദ്യോഗികഭാഷ-പ്രസിദ്ധീകരണസെൽ) വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മാറ്റൊലി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.

നിയമ സംരക്ഷണം എല്ലാവർക്കും ലഭിക്കുന്നുണ്ട് എന്ന പൊതു അവബോധം രൂപപ്പെടുത്തുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് നിയമം അറിയുക എന്നത്. നിയമം അറിയില്ല എന്നത് കുറ്റകൃത്യത്തിൽ നിന്ന് രക്ഷപ്പെടുന്നതിനുള്ള അവകാശമായി ഒരു കോടതിയും പരിഗണിക്കില്ല. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമം രാജ്യത്ത് വർധിച്ചുവരികയാണ്. ഇന്നത്തെ സാമൂഹിക സാഹചര്യങ്ങൾ അതിനുതകുംവിധത്തിൽ മാറിയിരിക്കുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ നൽകുന്ന നിയമങ്ങളെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കേണ്ടതുണ്ട്. അതിനുള്ള ചുവടുവയ്പ്പിനാണ് മാറ്റൊലിയിലൂടെ നിയമ വകുപ്പ് തുടക്കം കുറിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ സംഘടിപ്പിച്ച പരിപാടിയിൽ നിയമ സെക്രട്ടറി കെ.ജി സനൽകുമാർ അധ്യക്ഷത വഹിച്ചു. അഡീഷണൽ നിയമ സെക്രട്ടറി എൻ. ജ്യോതി, നിയമ (ഔദ്യോഗികഭാഷ-പ്രസിദ്ധീകരണസെൽ വകുപ്പ്) ജോയിന്റ് സെക്രട്ടറി കെ. പ്രസാദ്, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ഇന്ത്യൻ ഭരണഘടനയും പ്രധാന ക്രിമിനൽ നിയമങ്ങളും ഉറപ്പാക്കുന്ന സ്ത്രീസുരക്ഷിതത്വം എന്ന വിഷയത്തിൽ അഡ്വ. രശ്മിത രാമചന്ദ്രനും (ഗവ.പ്ലീഡർ, കേരള ഹൈക്കോടതി) സ്ത്രീശാക്തീകരണത്തിൽ പ്രത്യേക നിയമങ്ങൾ വഹിക്കുന്ന പങ്ക് എന്ന വിഷയത്തിൽ അഡ്വ. പ്രീത കെ.കെയും (സീനിയർ ഗവ. പ്ലീഡർ, കേരള ഹൈക്കോടതി) ക്ലാസുകൾ നയിച്ചു.

NO COMMENTS

LEAVE A REPLY