മൾട്ടിപർപ്പസിനായി 39 അത്യാധുനിക ഐസൊലേഷൻ വാർഡുകൾ

30

വിവിധ നിയോജക മണ്ഡലങ്ങളിൽ പ്രവർത്തനസജ്ജമായ 39 ഐസൊലേഷൻ വാർഡുകളുടെ ഉദ്ഘാടനം ഫെബ്രുവരി 6ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. മന്ത്രിമാർ, അതത് മണ്ഡലങ്ങളിലെ എംഎൽഎമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

കോവിഡ് പോലെയുള്ള മഹാമാരികളും മറ്റ് പകർച്ചവ്യാധികളും നേരിടുന്നതിന് ആരോഗ്യ മേഖലയെ കൂടുതൽ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് മൾട്ടിപർപ്പസിനായി എല്ലാ നിയോജക മണ്ഡലങ്ങളിലും ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആദ്യഘട്ടത്തിൽ നിർമ്മാണത്തിനായി അനുമതി നൽകിയ 90 ഐസൊലേഷൻ വാർഡുകളിലെ 10 എണ്ണത്തിന്റെ ഉദ്ഘാടനം മുമ്പ് നടത്തിയിരുന്നു. ഇതുകൂടാതെയാണ് 39 ഐസൊലേഷൻ വാർഡുകൾ കൂടി പ്രവർത്തനസജ്ജമാക്കിയത്. എം.എൽ.എ. ഫണ്ടും കിഫ്ബി ഫണ്ടും തുല്യമായി ഉപയോഗിച്ചുള്ള 250 കോടി രൂപയുടെ ഈ പദ്ധതി നടപ്പാക്കുന്നത് കെ.എം.എസ്.സി.എൽ. ആണ്.

തിരുവനന്തപുരം ജില്ലയിലെ നേമം, കൊല്ലം ജില്ലയിലെ കുന്നത്തൂർ, ചടയമംഗലം, ആലപ്പുഴ ജില്ലയിലെ ആലപ്പുഴ, ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല, കോട്ടയം ജില്ലയിലെ കോട്ടയം, കടുത്തുരുത്തി, പൂഞ്ഞാർ, എറണാകുളം ജില്ലയിലെ പെരുമ്പാവൂർ, പിറവം, ആലുവ, തൃശൂർ ജില്ലയിലെ തൃശൂർ, ചാലക്കുടി, കൊടുങ്ങല്ലൂർ, കയ്പമംഗലം, ഗുരുവായൂർ, മണലൂർ, പുതുക്കാട്, പാലക്കാട് ജില്ലയിലെ നെന്മാറ, ഷൊർണൂർ, ചിറ്റൂർ, മലപ്പുറം ജില്ലയിലെ താനൂർ, തവനൂർ, കൊണ്ടോട്ടി, മലപ്പുറം, പൊന്നാനി, തിരൂരങ്ങാടി, കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി, കൊടുവള്ളി, വടകര, കൊയിലാണ്ടി, തിരുവമ്പാടി, വയനാട് ജില്ലയിലെ സുൽത്താൻബത്തേരി, മാനന്തവാടി, കൽപ്പറ്റ, കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്, കല്യാശേരി, കാസർഗോഡ് ജില്ലയിലെ ഉദുമ, മഞ്ചേശ്വരം എന്നീ നിയോജക മണ്ഡലങ്ങളിലാണ് ഐസൊലേഷൻ വാർഡുകൾ സജ്ജമായത്.

പ്രീ എഞ്ചിനീയർഡ് സ്ട്രക്ച്ചർ ഉപയോഗിച്ചാണ് മെഡിക്കൽ ഗ്യാസ് ഉൾപ്പെടെ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 2,400 ചതുരശ്ര അടി വിസ്തീർണത്തിലുള്ള ഐസോലേഷൻ വാർഡുകൾ നിർമ്മിക്കുന്നത്. 10 കിടക്കകളുള്ള പേഷ്യന്റ് കെയർ സോൺ, പ്രവേശന ലോബിയോട് കൂടിയ കാത്തിരുപ്പ് കേന്ദ്രം, സ്റ്റോർ, ശൗചാലയത്തോട് കൂടിയ സ്റ്റാഫ് റൂം, ഡോക്ടേഴ്‌സ് റൂം, ഡ്രെസിംഗ് റൂം, നഴ്സസ് സ്റ്റേഷൻ, എമർജൻസി പ്രൊസീജർ റൂം, ശൗചാലയ ബ്ലോക്ക്, മെഡിക്കൽ ഗ്യാസ് സംഭരണത്തിനുള്ള റൂം, പാസേജ്, ആധുനിക ഉപകരണങ്ങൾ ഉൾപ്പടെയുള്ള സൗകര്യങ്ങളോട് കൂടിയ മുറികൾ ഓരോ ഐസോലേഷൻ വാർഡിലും സജ്ജീകരിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY