കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സ്റ്റാർസ് പദ്ധതി പ്രകാരം വൊക്കേഷണൽ എഡ്യൂക്കേഷൻ വിഭാഗത്തിൽ സ്‌കിൽ ഡെവലപ്മെന്റ് സെന്ററുകൾ ആരംഭിക്കുന്നതിനുള്ള അനുമതി ലഭിച്ചതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഇതിന്റെ ഭാഗമായി 210 സ്‌കിൽ ഡെവലപ്മെന്റ് സെന്ററുകളാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ആദ്യഘട്ടത്തിൽ 14 സ്‌കിൽ ഡെവലപ്മെന്റ് സെന്ററുകളാണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. നൈപുണ്യ പരിശീലന കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 19ന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരം കമലേശ്വരം ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സ്റ്റാർസ് പദ്ധതി പ്രകാരം 236 സെന്ററുകളാണ് സംസ്ഥാനത്ത് അനുവദിച്ചിട്ടുള്ളത്. ഓരോ സെന്ററിനും ഇരുപത്തിയൊന്ന് ലക്ഷത്തി അമ്പതിനായിരം രൂപ വീതമാണ് നൽകിയിട്ടുള്ളത്. 236 സ്‌കിൽ ഡെവലപ്മെന്റ് സെന്ററുകൾക്കായി ആകെ അനുവദിച്ചിട്ടുള്ളത് 50.74 കോടി രൂപയാണെന്നും മന്ത്രി അറിയിച്ചു.
എ. ഐ. ഡിവൈസസ് ഇൻസ്റ്റലേഷൻ ഓപ്പറേറ്റർ, ടെലികോം ടെക്നീഷ്യൻ: ഐ. ഒ. ടി. ഡിവൈസസ്/സിസ്റ്റംസ്, ഡ്രോൺ സർവീസ് ടെക്‌നീഷ്യൻ, ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്‌നീഷ്യൻ, ഗ്രാഫിക് ഡിസൈനർ, ഹൈഡ്രോപോണിക്സ് ടെക്നീഷ്യൻ, ജ്വല്ലറി ഡിസൈനർ, ബേക്കിംഗ് ടെക്നീഷ്യൻ, ഫിറ്റ്‌നസ് ട്രെയിനർ, ഫുഡ് ആൻഡ് ബീവറേജ് സർവീസ് അസോസിയേറ്റ്, എക്‌സിം എക്‌സിക്യൂട്ടീവ്, വെയർ ഹൗസ് അസോസിയേറ്റ് തുടങ്ങിയ കോഴ്‌സുകളാണ് നൈപുണ്യ പരിശീലന കേന്ദ്രങ്ങളിൽ ഉണ്ടാകുക. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് സ്‌കിൽ ഡെവലപ്മെന്റ് സെന്ററുകൾ തിരഞ്ഞെടുത്തിട്ടുള്ളത്. സർക്കാർ സെക്കന്ററി, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകൾ കേന്ദ്രീകരിച്ചാണ് സെന്ററുകൾ പ്രവർത്തിക്കുകയെന്ന് മന്ത്രി അറിയിച്ചു.
ഓരോ സെന്ററിലും തെരഞ്ഞെടുക്കപ്പെട്ട രണ്ട് ജോബ് റോളുകളുടെ ഓരോ ബാച്ചുകളാണ് ഉണ്ടാകുക. ഒരു ബാച്ചിൽ 25 കുട്ടികൾ ഉണ്ടാകും. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിൽ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, സമഗ്ര ശിക്ഷാ കേരളം, എസ്. സി. ഇ.ആർ.ടി ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ,കരിക്കുലം – പൊതുവിദ്യാഭ്യാസ വകുപ്പ്- വി.എച്ച്.എസ്.ഇ, സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ, വൊക്കേഷണൽ – എസ്.എസ്.കെ, 2 വിദഗ്ധർ, സ്റ്റേറ്റ് സ്‌കിൽ ഡവലപ്മെന്റ് മിഷന്റെ പ്രതിനിധി എന്നിവർ ഉൾപ്പെട്ട സമിതിയായി രിക്കും ജോബ് റോളുകൾ തെരഞ്ഞെടുക്കുന്നത്
പത്താംതരം കഴിഞ്ഞ് പഠനം മതിയാക്കിയ കുട്ടികൾ, ആദിവാസി മേഖലയിലെ കുട്ടികൾ, സ്‌കോൾ കേരള വഴി രജിസ്റ്റർ ചെയ്ത് ഓപ്പൺ സ്‌കൂൾ വഴി പഠിക്കുന്നവർ, ഭിന്നശേഷി കുട്ടികൾ, ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങളിൽ നിലവിൽ പഠിക്കുന്ന കുട്ടികൾ, ഹയർ സെക്കന്ററി/വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാഭ്യാസം പൂർത്തിയാക്കിയ കുട്ടികൾ എന്നിവരായിരിക്കും പദ്ധതിയുടെ ഗുണഭോക്താക്കൾ. കോഴ്സിന്റെ കാലാവധി പരമാവധി ഒരു വർഷം ആയിരിക്കും. കോഴ്സിന്റെ ഭാഗമായി ഓൺ ദ ജോബ് ട്രെയിനിങും പ്രാദേശിക വിദഗ്ധരുടെ ക്ലാസുകളും സംഘടിപ്പിക്കും. പഠന മാധ്യമം ഇംഗ്ലീഷും മലയാളവും ആയിരിക്കും.
സ്‌കിൽ ഡെവലപ്മെന്റ് സെന്ററുകളിൽ പ്രവേശനം നേടുന്നതിനുള്ള പരമാവധി പ്രായം 23 ആണ്. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ പരമാവധി രണ്ട് വർഷം വരെയും ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്ക് അഞ്ച് വർഷം വരെ ഇളവും അനുവദിക്കും. കോഴ്സ് തികച്ചും സൗജന്യമായിരിക്കും. പ്രവേശന സമയത്ത് കുട്ടികളിൽ നിന്ന് സെക്യൂരിറ്റി ഡെപ്പോസിറ്റായി 1,000 രൂപ വീതം ഈടാക്കും. എസ്.സി. / എസ്.ടി/ സി. ഡബ്ല്യൂ. എസ്. എൻ കുട്ടികൾക്ക് ഇതിൽ 50 ശതമാനം ഇളവ് നൽകുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനതലത്തിൽ പ്രസിദ്ധീകരിക്കുന്ന നോട്ടിഫിക്കേഷന്റെ അടിസ്ഥാനത്തിൽ നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ നിശ്ചിത സമയത്തിനുള്ളിൽ അതത് സെന്ററുകളിൽ സ്വീകരിക്കും . അപേക്ഷകളുടെ അടിസ്ഥാനത്തിലുള്ള സ്‌കോറും അഭിമുഖത്തിന്റെ അടിസ്ഥാനത്തിലുള്ള സ്‌കോറും പരിഗണിച്ചായിരിക്കും റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. തുടർന്ന് സംവരണ മാനദണ്ഡങ്ങൾ പാലിച്ച് കുട്ടികളെ തെരഞ്ഞെടുക്കുമെന്നും മന്ത്രി പറഞ്ഞു.