കുറ്റകൃത്യത്തിലേക്ക് നയിക്കുന്ന സാഹചര്യം ഒഴിവാക്കാനും നിയമങ്ങൾക്ക് കഴിയണം ; മന്ത്രി പി. രാജീവ്

15

കുറ്റം ചെയ്യുന്നവരെ കണ്ടെത്തി ശിക്ഷിക്കുക എന്ന പരിമിതമായ ലക്ഷ്യം മാത്രമല്ല കുറ്റകൃത്യത്തിലേക്ക് നയിക്കുന്ന സാഹചര്യം ഒഴിവാക്കാനും കുറ്റകൃത്യങ്ങ ളില്ലാത്ത സമൂഹ നിർമിതി രൂപപ്പെടുത്താനുമുള്ള ഒരു പടവ് കൂടിയാണ് നിയമമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കും നിയമ അവബോധം നൽകുന്നതിന് നിയമ (ഔദ്യോഗികഭാഷ-പ്രസിദ്ധീകരണസെൽ) വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മാറ്റൊലി പദ്ധതിയുടെ സമാപനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കുറ്റം ചെയ്യുന്നവർ ശിക്ഷിക്കപ്പെടുമ്പോൾ മാത്രമല്ല കുറ്റകൃത്യത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കിയാൽ മാത്രമേ സമൂഹത്തിൽ നിയമ അവ ബോധം ശക്തിപ്പെടുത്താൻ സാധിക്കുകയുള്ളൂ. നിയമത്തെക്കുറിച്ചുള്ള വ്യക്തത സമൂഹത്തിന് ഉണ്ടാകണം. നിയമം അറിയില്ല എന്നത് കുറ്റകൃത്യത്തിൽ നിന്നും രക്ഷപ്പെടാനുള്ള വഴിയല്ല. പുതിയ നിയമങ്ങൾ വരുമ്പോൾ അതുവരെ കുറ്റകൃത്യമാണെന്ന് നിർവചിക്കപ്പെട്ടിട്ടില്ലാത്ത പലതും നിയമവരുദ്ധമായി മാറിയേക്കാം. ഇത്തരം സന്ദർഭങ്ങളിൽ ആ നിയമത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കുറ്റകൃത്യങ്ങൾ വർധിക്കുകയാണെങ്കിൽ അവിടെ നിയമ അവബോധം സൃഷ്ടിപ്പെടുന്നില്ല എന്നാണ് മനസ്സിലാക്കേണ്ടത്. ഭരണഘടനയേയും നിയമത്തെക്കുറിച്ച കുറിച്ചുള്ള ധാരണയാണ് ഒരു സമൂഹം വികസിതമാണോ അല്ലയോ എന്നതിന്റെ സൂചകങ്ങളിലൊന്ന്.

ഒരു നിയമവിരുദ്ധ പ്രവർത്തനം ചെയ്യുന്നത് ഒരു കുറ്റമാണ് എന്നതിനപ്പുറത്തേക്ക് ഒരു ആധുനിക സമൂഹത്തിന് ചേരുന്നതല്ല എന്നതിലേക്ക് വികസിക്കുമ്പോൾ മാത്രമാണ് നിയമ അവബോധം ശക്തിപ്പെടുന്നത്. ആ തലത്തിലേക്ക് വികസിക്കാൻ കഴിഞ്ഞാൽ സ്വാഭാവികമായിട്ടും കുറ്റകൃത്യങ്ങളുടെ എണ്ണം കുറയ്ക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. അതുകൊണ്ടുതന്നെ നിയമ അവബോധം വളർത്താനുള്ള നിയമവകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകാണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

പോക്‌സോ നിയമത്തെ ആസ്പദമാക്കി നിയമവകുപ്പ് കെ.എസ്.എഫ്.ഡി.സിയുടെ സഹയത്തോടെ നിർമ്മിച്ച ഹസ്ര ചിത്രം ചടങ്ങിൽ പ്രദർശിപ്പിച്ചു.

തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി. ആർ. നിശാന്തിനി മുഖ്യപ്രഭാഷണം നടത്തി. നിയമസെക്രട്ടറി കെ.ജി സനൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡീഷണൽ നിയമ സെക്രട്ടറി എൻ. ജ്യോതി, ലീഗൽ അസിസ്റ്റന്റ് കെ. എസ്. സൈജു എന്നിവർ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY