ന്യൂഡല്‍ഹി• ഉറിയിലെ സൈനിക കേന്ദ്രത്തില്‍ പാക്കിസ്ഥാന്‍ പിന്തുണയോടെ ഭീകരര്‍ നടത്തിയ ആക്രമണത്തിന് അതേപോലെ തിരിച്ചടി ചെയ്യണമെന്ന് ബിജെപി എംപിയും മുന്‍ ആഭ്യന്തര സെക്രട്ടറിയുമായ ആര്‍.കെ.സിങ്. പാക്കിസ്ഥാന്‍ ഈ പരിപാടി നിര്‍ത്തണമെങ്കില്‍ ഇന്ത്യയും അതേ നാണയത്തില്‍ തിരിച്ചടിക്കണം. ഭാവിയിലും അവര്‍ ഇങ്ങനെ തന്നെയേ പ്രവര്‍ത്തിക്കൂ. നമ്മള്‍ തിരിച്ചടിച്ച് അവരുടെ ഭാഗത്തു നാശനഷ്ടം വരുത്തണം. നേരിട്ടു രംഗത്തിറങ്ങണം. എങ്കിലേ അവരതു മനസ്സിലാക്കി നിര്‍ത്തുകയുള്ളൂ, സിങ് കൂട്ടിച്ചേര്‍ത്തു.
യുപിഎ ഭരണകാലത്ത് ആഭ്യന്തര സെക്രട്ടറിയായിരുന്ന സിങ് വിരമിച്ചശേഷം 2013ല്‍ ബിജെപിയില്‍ ചേരുകയായിരുന്നു. തുടര്‍ന്ന് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന സുശീല്‍കുമാര്‍ ഷിന്‍ഡെയ്ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു.ക്രിക്കറ്റ് വാതുവയ്പ്പു കേസില്‍ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിക്കെതിരെ ഡല്‍ഹി പൊലീസ് നടപടിയെടുക്കുന്നതിനെ ഷിന്‍ഡെ തടസ്സപ്പെടുത്തിയെന്നായിരുന്നു ആരോപണം. 1990ല്‍ രഥയാത്രയ്ക്കിടെ എല്‍.കെ.അഡ്വാനിയെ അറസ്റ്റ് ചെയ്തതില്‍ പ്രധാന പങ്കുവഹിച്ചത് സിങ്ങായിരുന്നു.