പരസ്യപ്രചാരണം 24 ന് വൈകിട്ട് 6 ന് അവസാനിക്കും ; മാതൃകാപെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ

11

ലോക്സഭ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണത്തിന്റെ സമയപരിധി ഏപ്രിൽ 24 വൈകിട്ട് ആറിന് അവസാനിക്കുമെന്നും എല്ലാവരും മാതൃകാപെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.

നിശ്ശബ്ദ പ്രചാരണം മാത്രം അനുവദനീയമായ അവസാന 48 മണിക്കൂറിൽ നിയമവിരുദ്ധമായി ആളുകൾ കൂട്ടം ചേരുകയോ പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയോ ചെയ്താൽ ക്രിമിനൽ പ്രൊസീജ്യർ കോഡ് ചട്ടം 144 പ്രകാരം നടപടി സ്വീകരിക്കും. ഉച്ചഭാഷിണികൾ ഉപയോഗിക്കാനോ ജാഥകളും പ്രകടനങ്ങളും സംഘടിപ്പിക്കാനോ പാടില്ല.

തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനിടയുള്ള ഒരു തരത്തിലുള്ള പ്രദർശനവും (സിനിമ, ടെലിവിഷൻ പരിപാടികൾ, പരസ്യങ്ങൾ, സംഗീത പരിപാടികൾ, നാടകങ്ങൾ, മറ്റ് സമാന പ്രദർശനങ്ങൾ, ഒപ്പീനിയൻ പോൾ, പോൾ സർവേ, എക്സിറ്റ് പോൾ മുതലായവ) അനുവദിക്കില്ല. ചട്ടം ലംഘിക്കുന്നവർക്ക് തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങിയ സമയം മുതൽ അവസാനഘട്ട വോട്ടെടുപ്പ് പൂർത്തിയായി അരമണിക്കൂർ കഴിയും വരെയാണ് എക്സിറ്റ് പോളുകൾക്ക് നിരോധനമുള്ളത്.

നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള പൊലീസിന്റെയും എൻഫോഴ്സ്മെന്റ് ഏജൻസികളുടെയും കർശന പരിശോധ തുടരും. വോട്ടർമാരെ സ്വാധീനിക്കുന്നതിന് നിയമവിരുദ്ധമായ പണം കൈമാറ്റം, സൗജന്യങ്ങളും സമ്മാനങ്ങളും നൽകൽ, മദ്യവിതരണം എന്നിവ ചെയ്യുന്നതായി കണ്ടെത്തിയാൽ കർശന നടപടിയെടുക്കും. ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടം 135 സി പ്രകാരം വോട്ടെടുപ്പ് പൂർത്തിയാകുന്നത് വരെയുള്ള 48 മണിക്കൂർ ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. മദ്യവിതരണത്തിനും വിൽപനക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

മണ്ഡലത്തിന് അകത്തേക്കും പുറത്തേക്കുമുള്ള യാത്രകൾ പൊലീസിന്റെയും സുരക്ഷാവിഭാഗങ്ങളുടെയും കർശന നിരീക്ഷണത്തിലായിരിക്കും. എല്ലാതരം വാഹനങ്ങളും പരിശോധിക്കപ്പെടും. മണ്ഡലത്തിന് പുറത്ത് നിന്നുള്ള പാർട്ടി പ്രവർത്തകർ മണ്ഡലത്തിൽ തുടരാൻ അനുവദിക്കില്ല. ലൈസൻസ് ഉള്ള ആയുധങ്ങൾ പ്രദർശിപ്പിക്കുന്നതിനും കൊണ്ടുനടക്കുന്നതിനുള്ള നിരോധനം തിരഞ്ഞെടുപ്പ് ഫലം പ്രഖ്യപിക്കുന്നത് വരെ തുടരും.

സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 26 രാവിലെ 7 മുതൽ വൈകിട്ട് 6 വരെ നടക്കും. ജൂൺ നാലിനാണ് വോട്ടെണ്ണൽ. സ്വതന്ത്രവും സുതാര്യവും നീതിപൂർവകവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ എല്ലാവരും സഹകരിക്കണമെന്നും എല്ലാ വോട്ടർമാരും സമ്മതിദാന അവകാശം വിനിയോഗിക്കണെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അഭ്യർത്ഥിച്ചു.

NO COMMENTS

LEAVE A REPLY