ന്യൂഡല്‍ഹി • വഖഫ് ബോര്ഡിന്റെ വസ്തുവകകളെക്കുറിച്ചുള്ള പരാതികള്‍ പരിഗണിക്കാന്‍ ഏകാംഗ സമിതിയെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. സുപ്രീം കോടതിയില്‍ നിന്നോ ഹൈക്കോടതിയില്‍ നിന്നോ വിരമിച്ച ജഡ്ജിയാകും ഇതിലുണ്ടാവുക. സംസ്ഥാനങ്ങളില്‍ മൂന്നംഗ ട്രൈബ്യൂണലും രൂപീകരിക്കും. കേന്ദ്ര വഖഫ് കൗണ്‍സില്‍ യോഗത്തില്‍ കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയാണ് ഇക്കാര്യം അറിയിച്ചത്.വഖഫ് ബോര്‍ഡിനു കീഴിലുള്ള വസ്തുവില്‍നിന്നു കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പദ്ധതി തയാറാക്കുമെന്നും നഖ്വി പറഞ്ഞു. വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ‘മാഫിയ’കളെക്കുറിച്ച് ഒട്ടേറെ പരാതികള്‍ സര്‍ക്കാരിനു ലഭിച്ചിട്ടുണ്ടെന്നും ഉന്നതതല സംഘം ഇതന്വേഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.എല്ലാ സംസ്ഥാന വഖഫ് ബോര്‍ഡുകളോടും സ്വത്തുക്കള്‍ ഓണ്‍ലൈന്‍ റജിസ്റ്റര്‍ ചെയ്യണമെന്നും നഖ്വി ആവശ്യപ്പെട്ടു. രാജ്യത്തു 31 വഖഫ് ബോര്‍ഡുകളും റജിസ്റ്റര്‍ ചെയ്ത 4.27 ലക്ഷം വഖഫ് വസ്തുവകകളുമുണ്ട്. റജിസ്റ്റര്‍ ചെയ്യാത്തതു വേറെയുമുണ്ട്. സംസ്ഥാനങ്ങളുടെ സഹായത്തോടെ ന്യൂനപക്ഷങ്ങള്‍ക്കായി സ്കൂളുകള്‍, കോളജുകള്‍, ഷോപ്പിങ് മാളുകള്‍, ആശുപത്രികള്‍, നൈപുണ്യ വികസന കേന്ദ്രങ്ങള്‍ തുടങ്ങിയവ സ്ഥാപിക്കുമെന്നും നഖ്‍വി പ്രഖ്യാപിച്ചു.