കണ്ണൂരിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഫ്ലാഗ് ഓഫ് ചെയ്തു

19

കണ്ണൂരിൽ നിന്നുള്ള 361 തീർഥാടകർ അടങ്ങുന്ന ആദ്യ ഹജ്ജ് സംഘം ശനിയാഴ്ച രാവിലെ 6.20 ന് കണ്ണൂർ അന്തരാഷ്ട്ര വിമാനത്താവ ളത്തിൽ നിന്നും പുറപ്പെട്ടു. സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഫ്ലാഗ് ഓഫ് ചെയ്തു. സൗദി എയർലൈൻസ്​ വിമാനത്തിലാണ് തീർഥാടകർ ജിദ്ദയിലേക്ക് യാത്രയായത്. ആദ്യ വിമാനത്തിൽ യാത്ര ചെയ്യുന്നത് 183 പുരുഷ തീർഥാടകരും 178 സ്ത്രീ തീർഥാടകരുമാണ്.

ഹജ്ജ് സെല്‍ സ്‌പെഷ്യല്‍ ഓഫീസര്‍ യു അബ്ദുല്‍കരീം, കണ്ണൂര്‍ ഹജ്ജ് ക്യാമ്പ് കണ്‍വീനറും കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി മെമ്പറുമായ പി പി മുഹമ്മദ് റാഫി, ഹജ്ജ് കമ്മറ്റി അംഗം പി ടി അക്ബർ, മുൻ എം എൽ എ എം വി ജയരാജൻ, കിയാൽ എം ഡി ദിനേശ് കുമാർ, കിയാൽ ഓപ്പറേഷൻസ് മാനേജർ സുരേഷ് കുമാർ , സൗദി എയർലൈൻസ്​ ഉദ്യോഗസ്ഥരായ വാഹിദ്, ഹസ്സൻ, അർജുൻ കുമാർ , മട്ടന്നൂർ നഗരസഭ മുൻ വൈസ് ചെയർമാൻ പി പുരുഷോത്തമൻ, എസ് നജീബ്, എം സി കെ അബ്ദുൾ ഗഫൂർ, സി കെ സുബൈർ, നിസാർ അതിരകം, മുഹമ്മദ് അഷറഫ് , സിറാജ് കാസർകോഡ്, കെ പി അബ്ദുള്ള തുടങ്ങിയവർ പങ്കെടുത്തു.

വിമാനത്താവളത്തിൻ്റെ എംബാര്‍ക്കേഷന്‍ പോയിന്റില്‍ നിന്നും ജൂണ്‍ ഒന്ന് മുതല്‍ 10 വരെ ഒമ്പത് ഫ്‌ളൈറ്റ് സര്‍വീസുകള്‍ മുഖേന ഹജ്ജ് തീര്‍ത്ഥാടകരെ കൊണ്ടുപോകും.

ജൂൺ മൂന്നിന്​ രണ്ട്​ ​ വിമാനങ്ങളുണ്ടാവും. രാവിലെ 8.35നും ഉച്ചക്ക്​ 1.10നും. ഉച്ചക്കുള്ള വിമാനം കണ്ണൂർ എമ്പാർക്കേഷൻ പോയിൻറിൽ നിന്നുള്ള സ്​ത്രീകളുടെ ഏക സർവീസായിരിക്കും.

കണ്ണൂരിലേക്കുള്ള മടക്ക യാത്ര മദീനയിൽ നിന്നാണ്​. ജൂലൈ പത്തിന്​ മദീനയിൽ നിന്നാണ്​ കണ്ണൂരിലേക്കുള്ള മടക്ക വിമാനം പുറപ്പെടുക. ആദ്യ മടക്കവിമാനം ജൂലൈ പത്തിന്​ പുലർച്ചെ അവിടുത്ത സമയം 03.50 ന്​ പുറപ്പെട്ട്​ ഉച്ചക്ക്​ 12 മണിക്ക്​ കണ്ണൂരിലെത്തും. അവസാനത്തെ മടക്കവിമാനം ജൂലൈ 19ന്​ വൈകുന്നേരം അവിടുത്ത സമയം 03.10 ന്​പുറപ്പെട്ട്​ രാത്രി 11.20ന്​ കണ്ണൂ​രെത്തും

കണ്ണൂരിൽ നിന്ന് 3164 പേരാണ് ഹജ്ജിന് പോകുന്നത്. ഇതിൽ 1265 പുരുഷന്മാരും 1899 സ്ത്രീകളുമാണ്. കേരളത്തിന് പുറത്തുള്ള 54 തീർഥാടകർ കണ്ണൂർ വഴി പോകുന്നുണ്ട്. ഇതിൽ 37 പേർ കർണ്ണാടകയിൽ നിന്നും, 14 പേർ പോണ്ടിച്ചേരിയിലെ മാഹി മേഖലയിൽ നിന്നും മൂന്ന് പേർ മഹാരാഷ്ട്രയിൽ നിന്നുമാണ്.

വിമാനത്താവളത്തിൽ ഹജ്ജ് ക്യാമ്പ് കായിക-ഹജ്ജ് വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ വെള്ളിയാഴ്ച വൈകിട്ട് ഉദ്ഘാടനം ചെയ്തിരുന്നു.

NO COMMENTS

LEAVE A REPLY