കർഷകരുടെ വരുമാന വർദ്ധനവിന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കണം

8

സംസ്ഥാനത്തെ കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കാൻ കാർഷിക വിളകളിൽ നിന്നും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണം വ്യാപകമാക്കണമെന്ന് കാർഷികവികസന കർഷകക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ്. ജീവിതശൈലീ രോഗങ്ങളെ ചെറുത്തുകൊണ്ടുള്ള ആരോഗ്യ സംരക്ഷണത്തിന് മില്ലെറ്റുകളുടെ ഉത്പ്പാദനത്തിനു പരിഗണന നൽകണമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പരിപാടികളുടെ ഭാഗമായി വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം പ്രവർത്തനം ആരംഭിക്കുന്ന കേരളഗ്രോ, മില്ലറ്റ് കഫേ വിപണനകേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഉള്ളൂർ ജംഗ്ഷന് സമീപം ഗാർഡൻ റോസ് കൃഷിക്കൂട്ടത്തിൽ നിർവ്വഹിക്കുകയായിരുന്നു മന്ത്രി.

അട്ടപ്പാടിയിൽ മില്ലെറ്റ് സംസ്‌കരണ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. ആലപ്പുഴയിലും ഉടൻ പ്രവർത്തനം ആരംഭിക്കും. കേരളത്തിലെ 1076 കൃഷിഭവനുകളിലൂടെ മൂവായിരത്തിലധികം മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നുണ്ട്. ഇതിൽ 800 ഉൽപ്പന്നങ്ങൾ കേരളഗ്രോ ബ്രാൻഡിലേക്കു മാറിയിട്ടുണ്ട്. നൂറിലധികം ഉൽപ്പന്നങ്ങൾ ഓൺലൈൻ വിപണ സൈറ്റുകളിൽ ലഭ്യമാക്കിയിട്ടുണ്ട്.

ഉൽപ്പന്നങ്ങൾക്ക് ആവശ്യകത ഉയർന്നു വരുന്ന സാഹചര്യത്തിൽ തനതു ഉൽപ്പന്നങ്ങൾ ജില്ലകളിൽ ലഭ്യമാക്കാനാണ് കേരളഗ്രോ ബ്രാൻഡ് ഷോപ്പുകളും മില്ലെറ്റ് കഫേകളും ആരംഭിച്ചത്. കർഷകർ, കർഷക ഗ്രൂപ്പുകൾ, കൃഷിക്കൂട്ടങ്ങൾ, ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ, കേരളത്തിലെ ഫാമുകൾ എന്നിവയാണ് വിപണനത്തിനായി മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും ചെറുധാന്യ ഉൽപ്പന്നങ്ങളും തയ്യാറാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

കടകംപള്ളി സുരേന്ദ്രൻ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ മാലാ പാർവ്വതി, കൃഷി വകുപ്പ് ഡയറക്ടർ ഇൻ ചാർജ് മീന ടി ഡി, അഡീഷണൽ ഡയറക്ടർ എ ജെ സുനിൽ, ജില്ലാ കൃഷി ഓഫീസർ അനിൽകുമാർ എന്നിവർ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY