തിരുവനന്തപുരം: താന്‍ സ്ത്രീവിരുദ്ധനല്ലെന്നു സമൂഹമാധ്യമങ്ങളുടെ വിമര്‍ശനങ്ങള്‍ക്കു മറുപടിയുമായി കൈരളി ടിവി ചീഫ് എഡിറ്ററും മലയാളം കമ്യൂണിക്കേഷന്‍സ് മാനേജിംഗ് ഡയറകടറുമായ ജോണ്‍ ബ്രിട്ടാസ്. സഖാവ് കവിതയെഴുതിയെന്ന് അവകാശപ്പെടുന്ന സാം മാത്യൂവിനെയും പ്രതീക്ഷാ ശിവദാസിനെയും ആലപിച്ച ആര്യ ദയാലിനെയും പങ്കെടുപ്പിച്ചുകൊണ്ടു കൈരളി ടിവിയില്‍ സംപ്രേഷണം ചെയ്ത ജെബി ജംഗ്ഷന്‍ സംബന്ധിച്ചുള്ള വിവാദങ്ങള്‍ക്കു മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പ്രസ്തുത കവിതയുടെ ഉള്ളടക്കത്തോട് എനിക്ക് തികഞ്ഞ വിയോജിപ്പാണ് ഉള്ളതെന്ന് ആമുഖമായി പറയട്ടെ.
കാല്‍നൂറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തനത്തില്‍ സ്ത്രീപക്ഷ നിലപാടുകളാണ് എക്കാലത്തും ഞാന്‍ സ്വീകരിച്ചിട്ടുള്ളത്. ഗുജറാത്ത് കലാപമാണെങ്കിലും ഇറാക്ക് യുദ്ധമാണെങ്കിലും സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങളെക്കുറിച്ച് പ്രത്യേക റിപ്പോര്‍ട്ട് തയ്യാറാക്കുന്നത് എന്‍റെ പ്രതിബദ്ധതയുടെയും സാമൂഹ്യ വീക്ഷണത്തിന്‍റെയും ഭാഗമായിട്ടാണ് കണ്ടിരുന്നത്. അതിന് അണുവിട മാറ്റം ഇതേവരെ സംഭവിച്ചിട്ടില്ല. സ്ത്രീകള്‍ക്കെതിരെയുളള വാക്കും പ്രവൃത്തിയും ഒരുപോലെ എതിര്‍ക്കപ്പെടേണ്ടതാണ്.നവമാധ്യമ ചര്‍ച്ചയില്‍ പങ്കെടുത്ത ചിലര്‍, എന്‍റെ രാഷ്ര്ടീയ നിലപാടുകള്‍കൊണ്ട്, എന്തിനും എപ്പോഴും എന്നെ വിമര്‍ശിക്കുന്നവരാണ്. അവരത് അനസ്യൂതം തുടരട്ടെ, ആശംസകള്‍ നേരുന്നു. എന്നാല്‍ എന്നെയും എന്‍റെ പ്രവൃത്തിയെയും ക്രിയാത്മകമായി നോക്കിക്കാണുന്ന ഒരുപാടു പേരുണ്ട്. അവരുടെ വിമര്‍ശനങ്ങളെ എക്കാലത്തും ഞാന്‍ മുഖവിലക്ക് എടുക്കാറുണ്ട്. ഇവര്‍ക്കുവേണ്ടിയാണ് ഈ കുറിപ്പ്.
ജെ.ബി. ജംഗ്ഷനില്‍ പലതരത്തിലുള്ള അതിഥികള്‍ വരാറുണ്ട്. അവരില്‍ പലരും എന്നെയും എന്‍റെ ആശയഗതികളെയും എതിര്‍ക്കുന്നവരാണെങ്കില്‍പ്പോലും ഏവര്‍ക്കും ഒരു സ്പേസ് നല്‍കുക എന്നുള്ളതാണ് രീതി. എനിക്ക് ഹിതകരമല്ലാത്തതുകൊണ്ട് അവര്‍ പറയുന്നത് മുറിച്ചു മാറ്റാറുമില്ല. ക്യാന്പസുകളില്‍ നഷ്ടപ്പെടുന്ന സര്‍ഗാത്മകതയുടെ സൗരഭ്യം തിരിച്ചുപിടിക്കാന്‍ സഖാവ് പോലുള്ള കവിതകള്‍ സൃഷ്ടിക്കുന്ന അനുരണനങ്ങളും അനുഭൂതിയും സഹായിക്കുമെന്ന് കരുതുന്നവര്‍ നിരവധിയാണ്. ഈ പക്ഷത്തു നിന്നുകൊണ്ടാണ്, സാധാരണ ഗതിയില്‍ ഒരു ടി.വി ഷോയില്‍ വരാനിടയില്ലാത്ത മൂന്നു വിദ്യാര്‍ത്ഥികളെ ജെ.ബി. ജംഗ്ഷനില്‍ അതിഥികളായി കൊണ്ടുവന്നത്. സഖാവ് സ്ത്രീഭാവനയുടെ രീതിയിലുള്ള കവിതയാണെന്നിരിക്കേ അത് സാം തന്നെയാണോ എഴുതിയത് എന്ന ചോദ്യത്തോട് പ്രതികരിച്ച് ഞാന്‍ മറ്റു ചില സ്ത്രീപക്ഷ കവിതകള്‍ എഴുതിയിട്ടുണ്ട്’ എന്നു പറഞ്ഞാണ് ആ ചെറുപ്പക്കാരന്‍ വിവാദ കവിത ആലപിച്ചത്. ആലാപനത്തിനുള്ള സാധാരണ പ്രോത്സാഹനം മാത്രമാണ് നല്‍കിയത്. ഉള്ളടക്കത്തിനുള്ള പ്രോത്സാഹനമാണെന്ന വാദം ശരിയല്ല. ഒരു ഷോയുടെ എഡിറ്റിംഗിലും മറ്റും സംഭവിക്കുന്ന കാര്യങ്ങള്‍കൊണ്ട് അങ്ങിനെ ഒരു പ്രതീതി സൃഷ്ടിക്കപ്പെട്ടേക്കാം. ഷോയുടെ അവതാരകന്‍ മാത്രമാണ് ഞാന്‍. ഒരിക്കലും എഡിറ്റിംഗില്‍ ഇടപെടാറില്ല. എന്നാല്‍ അത്തരം ഒരു കവിത ചൊല്ലിയ സാമിനെ അവിടെവെച്ച് കുത്തിമലര്‍ത്തണമെന്ന രീതിയിലുള്ള പ്രതികരണങ്ങളോട് ഞാന്‍ യോജിക്കുന്നില്ല.
സാം എന്ന കവിയേയും അയാളുടെ കവിതയേയും വിലയിരുത്തേണ്ടത് ആസ്വാദന ക്ഷമതയുള്ള പ്രേക്ഷകരാണ്. അവര്‍ വിധിയെഴുതട്ടെ. ഒരു തരത്തിലുള്ള സ്ത്രീവിരുദ്ധതയും പ്രോത്സാഹിപ്പിക്കുന്ന സംസ്കാരമല്ല എന്‍റേതെന്ന് അടിവരയിട്ടുകൊണ്ടുതന്നെയാണ് ഇതു പറയുന്നത്. ജെ.ബി. ജംഗ്ഷന്‍റെ സ്വഭാവത്തെക്കുറിച്ചും അവതരണരീതിയെയും കുറിച്ചുള്ള പരാമര്‍ശങ്ങളോട് പ്രതികരിക്കുന്നതില്‍ അര്‍ത്ഥമില്ല. ഒരു വിനോദ പരിപാടി മാത്രമാണ് ജെ.ബി. ജംഗ്ഷന്‍. അതില്‍ നര്‍മ്മവും തമാശയും ചെറിയ വര്‍ത്തമാനവും ഒക്കെയുണ്ട്. എന്തെങ്കിലും ഗൗരവമായ വിഷയം അപഗ്രഥിക്കാനുള്ള വേദിയല്ല അത്. അങ്ങിനെ ഒരു അവകാശവാദം ഉന്നയിച്ചിട്ടുമില്ല. സമൂഹത്തിന്‍റെ നാനാതുറയിലുള്ളവര്‍ ഈ പരിപാടിയില്‍ സംബന്ധിക്കുന്നുണ്ട്. ഓരോ വ്യക്തിയുടെയും ജീവിതരേഖയിലൂടെയാണ് ആ പരിപാടി കടന്നുപോകുന്നത്. അവരുമായി ബന്ധപ്പെട്ട വിവാദങ്ങളോ അവരുടെ ജീവിതമുഹൂര്‍ത്തങ്ങളോ പരാമര്‍ശിക്കുക സ്വാഭാവികമാണ്. രണ്ടാഴ്ച മുന്‍പ് ശ്രീ. അടൂര്‍ ഗോപാലകൃഷ്ണനായിരുന്നു ഞങ്ങളുടെ അതിഥി. അദ്ദേഹത്തിനു നല്‍കേണ്ട എല്ലാ ആദരവുകളും നല്‍കിക്കൊണ്ടുതന്നെ അദ്ദേഹത്തിന്‍റെ ജീവിതത്തിലെ വ്യത്യസ്ത തലങ്ങളെ പരാമര്‍ശിച്ചുകൊണ്ടാണ് പരിപാടി മുന്നോട്ടുപോയത്. വളരെ സന്തുഷ്ടനായാണ് അദ്ദേഹം സ്റ്റുഡിയോയില്‍നിന്ന് പിരിഞ്ഞത്. ജെ.ബി. ജംഗ്ഷനില്‍നിന്ന് ഇന്നേവരെ ഒരു അതിഥിയും നീരസത്തോടെയോ വിമ്മിഷ്ടത്തോടെയോ മടങ്ങിയിട്ടില്ലെന്ന് ആര്‍ജ്ജവത്തോടെ പറയട്ടെ. അവര്‍ക്കൊന്നുമില്ലാത്ത വിമ്മിഷ്ടം ചിലരുടെ മനസില്‍ മാത്രം പൊട്ടിമുളക്കുന്നതിന്‍റെ യുക്തി മനസ്സിലാകാറുമില്ല. ഒരുപക്ഷേ ഈ പരിപാടിയുടെ സ്വഭാവമെന്താണെന്ന് മനസിലാക്കാതെയുള്ള ഏകപക്ഷീയമായ വിലയിരുത്തലാകാമത്.
ഒരു വിനോദ പരിപാടിയുടെ അവതാരകനെന്ന രീതിയിലാണ് ആ പരിപാടി അവതരിപ്പിക്കുന്നത്. ഞാനെന്ന വ്യക്തിയുമായി ചിലപ്പോള്‍ ബന്ധംതന്നെ ഉണ്ടാവണമെന്നില്ല. അവിടെ ഉയരുന്ന ചോദ്യങ്ങളൊന്നും എന്‍റെ സ്വന്തമല്ല. ആരുടെയെങ്കിലും മനസില്‍ ഉയരുന്ന ചോദ്യമാണ്. തനിക്ക് ഇഷ്ടപ്പെടാത്ത ഒരു ചോദ്യം മറ്റൊരു പ്രേക്ഷകന് ഹിതകരമാണെന്ന സത്യം പലരും മറക്കുന്നു. ജനാധിപത്യത്തിനും സഹിഷ്ണുതക്കും വേണ്ടി പോരാടുന്നവര്‍ തന്നെയാണ് ഇത്തരത്തിലുള്ള സങ്കുചിത ചിന്തകള്‍ വച്ചുപുലര്‍ത്തുന്നത്. ജെ.ബി. ജംഗ്ഷന്‍ സഖാവ് എപ്പിസോഡിലെ ചില കാര്യങ്ങളെ മാത്രം അടര്‍ത്തിയെടുത്തു വിവാദമാക്കിയ സ്ഥിതിക്ക് അവയോട് വിടപറഞ്ഞ് എന്തിനുവേണ്ടിയാണോ ആ ഷോ ചെയ്തത് അതില്‍ അടിവരയിടാന്‍ ഞങ്ങള്‍ സംക്ഷിപ്ത രൂപത്തില്‍ ആ എപ്പിസോഡ് സെപ്റ്റംബര്‍ 25 ഞായറാഴ്ച വീണ്ടും പ്രക്ഷേപണം ചെയ്യും.