കണ്ണാശുപത്രിയ്ക്ക് പുറമേ ജനറൽ ആശുപത്രിയിൽ കോർണിയ ട്രാൻസ്പ്ലാന്റേഷൻ യൂണിറ്റ്

11

കണ്ണാശുപത്രിയ്ക്ക് പുറമേ ആരോഗ്യ വകുപ്പിന് കീഴിൽ ആദ്യമായി കോർണിയ ട്രാൻസ്പ്ലാന്റേഷൻ യൂണിറ്റ് യാഥാർഥ്യമാകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള കോർണിയ ട്രാൻസ്പ്ലാന്റേഷൻ യൂണിറ്റ് ആദ്യമായി യാഥാർത്ഥ്യമാകുന്നത്.

ഒരു ദാതാവിന്റെ കണ്ണിൽ നിന്ന് ലഭിക്കുന്ന ആരോഗ്യമുള്ള നേത്രപടലം കാഴ്ച തകരാറുള്ള മറ്റൊരാളിലേക്ക് മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയയാണ് കോർണിയ മാറ്റിവയ്ക്കൽ. ഗുരുതരമായ രോഗങ്ങൾ കൊണ്ടോ അപകടങ്ങളാലോ കോർണിയ തകരാറിലായവർക്ക് കാഴ്ച നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അത്തരക്കാർക്ക് കാഴ്ച പുനസ്ഥാപിക്കാൻ സഹായകരമാണ് കോർണിയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. ഇതിന്റെ പ്രാധാന്യം മുന്നിൽ കണ്ടാണ് കോർണിയ ട്രാൻസ്പ്ലാന്റേഷൻ യൂണിറ്റ് യാഥാർത്ഥ്യമാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ആഗോള തലത്തിൽ 2000 വർഷം മുതൽ എല്ലാ വർഷവും ഒക്ടോബർ മാസത്തിലെ രണ്ടാം വ്യാഴാഴ്ചയാണ് ലോക കാഴ്ചാ ദിനമായി ആചരിച്ചു വരുന്നത്. ഈ വർഷം ഒക്ടോബർ 10 നാണ് 25-ാമത് ലോക കാഴ്ചാ ദിനം ആചരിക്കുന്നത്. കാഴ്ച വൈകല്യവും നേത്രരോഗ പ്രതിരോധവും അന്ധതാ നിയന്ത്രണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലോകാരോഗ്യ സംഘടന ഈ ദിനാചരണം സംഘടിപ്പിക്കുന്നത്.

‘കുട്ടികളേ, നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കൂ’ എന്നതാണ് ഇന്റർനാഷണൽ ഏജൻസി ഫോർ ദി പ്രിവൻഷൻ ഓഫ് ബ്ലൈൻഡ്നെസ്സ് ഈ വർഷം നൽകിയിട്ടുള്ള ലോക കാഴ്ചാ ദിന സന്ദേശം. യുവാക്കളിൽ നേത്ര സംരക്ഷണത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ ലോകശ്രദ്ധ കേന്ദ്രീകരിക്കുകയും ലോകമെമ്പാടുമുള്ള കുട്ടികളെ അവരുടെ കണ്ണുകളെ സ്നേഹിക്കാൻ പ്രചോദിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ സന്ദേശത്തിലൂടെ ലക്ഷ്യമിടുന്നത്. ഓരോ കുട്ടിക്കും നേത്ര സംരക്ഷണവുമായി ബന്ധപ്പെട്ട എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുകയാണ് ഈ വർഷത്തെ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.

ലോക കാഴ്ചാ ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാനത്തുടനീളം സർക്കാർ ആരോഗ്യ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നേത്ര സംരക്ഷണത്തിന്റെ ആവശ്യകതയും പ്രാധാന്യവും വിളംബരം ചെയ്യുന്ന വിവിധ ബോധവൽക്കരണ പരിപാടികളും കാഴ്ച പരിശോധനാ ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്.

നേത്ര പരിചരണത്തിനും സംരക്ഷണത്തിനും മികച്ച ചികിത്സയ്ക്കുമായി ആരോഗ്യ വകുപ്പ് വിവിധ പദ്ധതികൾ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നു. നേത്ര വിഭാഗത്തെ ശക്തിപ്പെടുത്താൻ കോർണിയ ട്രാൻസ്പ്ലാന്റേഷൻ യൂണിറ്റ് പോലെയുള്ള ചികിത്സാ സൗകര്യങ്ങളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. കാഴ്ച പ്രശ്നമുള്ള സ്‌കൂൾ കുട്ടികൾക്കും വയോജനങ്ങൾക്കും സൗജന്യമായി കണ്ണട വാങ്ങി നൽകി വരുന്നു. ജില്ലാ, ജനറൽ ആശുപത്രികളിലും, താലൂക്ക് ആശുപത്രികളിലും സൗജന്യ തിമിര ശസ്ത്രക്രിയ, എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന നേത്ര വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള ക്യാമ്പുകൾ, വർധിച്ചുവരുന്ന ഡയബറ്റിക് റെറ്റിനോപ്പതി ഫലപ്രദമായി തടയാനായി ജില്ലാ, ജനറൽ, താലൂക്ക് ആശുപത്രികളിലും തെരഞ്ഞെടുത്ത കുടുംബാരോഗ്യ കേന്ദ്രങ്ങളിലും നോൺ മിഡ്രിയാറ്റിക് ക്യാമറകൾ ഉപയോഗിച്ചുള്ള ചികിത്സ, സൗജന്യ ഗ്ലോക്കോമ ചികിത്സ ഉൾപ്പെടെയുള്ള സേവനങ്ങൾ സംസ്ഥാനത്ത് ലഭ്യമാണ്.

NO COMMENTS

LEAVE A REPLY