കെ എസ് ആർ ടി സിയിൽ പുതിയ ഘട്ടത്തിന് തുടക്കം ; മുഖ്യമന്ത്രി

9

മികച്ച സൗകര്യങ്ങൾ യാത്രക്കാർക്ക് നൽകിയും തൊഴിലാളി സൗഹൃദ നടപടികളിലൂടെയും കെ എസ് ആർ ടി സിയുടെ പുതിയ ഘട്ടത്തിന് തുടക്കമായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് പ്രീമിയം എ സി സർവീസുകളുടെ ഉദ്ഘാടനം തിരുവനന്തപുരം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അത്യാധുനിക സൗകര്യങ്ങളുമായാണ് കെ എസ് ആർ ടി സിയുടെ സ്വിഫ്റ്റ് എസി സൂപ്പർ ഫാസ്റ്റ് പ്രീമിയം സർവീസുകൾ ആരംഭിക്കുന്നത്.

ആദ്യഘട്ടത്തിൽ 10 ബസുകളാണ് ഇത്തരത്തിൽ സർവീസ് നടത്തുക. വൈഫൈ കണക്ഷൻ, മ്യൂസിക് സിസ്റ്റം, പുഷ് ബാക്ക് സീറ്റ് തുടങ്ങി നിരവധി സൗകര്യങ്ങൾ ബസിൽ ഉണ്ട്. 40 സീറ്റുകളാണ് ബസിൽ ഉള്ളത്. പൊതുജനങ്ങൾക്ക് മികച്ച യാത്ര സൗകര്യങ്ങൾ നൽകാനാണ് സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നത്. കടുത്ത പ്രതിസന്ധിയിലൂടെ കടന്ന് പോയ കെ എസ് ആർ ടി സിയെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ഇന്ന് സ്വിഫ്റ്റ് തനത് ഫണ്ട് ഉപയോഗിച്ചാണ് പുതിയ പത്ത് എസി ബസുകൾ വാങ്ങിച്ചു. ജീവനക്കാരുടെ താൽപര്യങ്ങൾ സംരക്ഷിച്ചു കൊണ്ട് എല്ലാ മാസത്തിലും ഒന്നാം തീയതി തന്നെ മുഴുവൻ ശമ്പളവും നൽകാനാണ് ശ്രമിക്കുന്നത്.

നല്ല ഭാവിയിലേക്ക് കെ എസ് ആർ ടി സി നീങ്ങുന്നു എന്നതിന്റെ ഉദാഹരണമാണ് അത്യാന്താധുനിക സൗകര്യങ്ങളുള്ള സൂപ്പർ ഫാസ്റ്റ് എ സി സർവീസുകളെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ എസ് ആർ ടി സിയിലെ തൊഴിലാളികൾക്ക് കൈമാറാൻ ഇതിനകം 850 കോടി രൂപ സംസ്ഥാന സർക്കാർ ചെലവഴിച്ചതായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഇടപെടലോടെ തൊഴിലാളികൾക്ക് ഒരുമിച്ച് ശമ്പളം നൽകാൻ കഴിഞ്ഞു. മറ്റ് സ്വകാര്യ ബസ് സർവീസുകളില്ലാത്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനവും വൈഫൈ സൗകര്യവുമടക്കം ബസുകളിലുണ്ട്. ഡ്രൈവർമാർ ഉറങ്ങുകയോ മൊബൈൽ ഉപയോഗിക്കുകയോ ചെയ്താൽ കൺട്രോൾ റൂമിൽ അലർട്ടുകൾ ലഭിക്കുമെന്നത് യാത്രാ സുരക്ഷിതത്വം വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ടാറ്റ മോട്ടോഴ്‌സ് റീജിയണൽ സെയിൽസ് മാനേജർ ആനന്ദ് കുമാർ ബസുകൾ ഗതാഗത വകുപ്പ് മന്ത്രിക്ക് കൈമാറി. മികച്ച പ്രകടനം കാഴ്ചവെച്ച പത്ത് കെ എസ് ആർ ടി സി യൂണിറ്റ് ഓഫീസർമാർക്ക് മന്ത്രി കെ ബി ഗണേഷ് കുമാർ ഉപഹാരങ്ങൾ സമ്മാനിച്ചു. വാർഡ് കൗൺസിലർ കെ ജി കുമാരൻ ആശംസകൾ അർപ്പിച്ചു. കെ എസ് ആർ ടി സി സി എം ഡി പി എസ് പ്രമോജ് ശങ്കർ ചടങ്ങിന് നന്ദി അറിയിച്ചു.

NO COMMENTS

LEAVE A REPLY