സംസ്ഥാനത്തെ പൊതു ശുചിമുറികളുടെ ദുരവസ്ഥയ്ക്ക് ശാശ്വത പരിഹാരം ലക്ഷ്യമിട്ട് സംസ്ഥാന ശുചിത്വമിഷൻ നടത്തുന്ന സർവ്വേ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. നഗര മേഖലയിലെ മുഴുവൻ പൊതു ശുചിമുറികളുടെയും ശുചിത്വ നിലവാരം മെച്ചപ്പെടുത്തു ന്നതിന്റെ ഭാഗമായി ശുചിത്വമിഷന്റെ പ്രത്യേക നിർദ്ദേശപ്രകാരം വാഷ് ഇൻസ്റ്റിറ്റ്യൂട്ടാണ് സർവ്വേയ്ക്ക് നേതൃത്വം നൽകുന്നത്. ശുചിത്വ മിഷനിലെ യങ് പ്രൊഫഷണൽമാർ, റിസോഴ്സ് പേഴ്സൺമാർ, നഗര തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുത്ത ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന 250 ഓളം സർവെയർമാരുടെ നേതൃത്വത്തിലാണ് സർവ്വേ നടന്നത്.
നഗരസഭകൾക്ക് കീഴിൽ സ്വച്ച് ഭാരത് മിഷന്റെ തിരിച്ചറിയൽ നമ്പറുള്ള 1095 പൊതു ശുചിമുറികളിൽ 1008 എണ്ണത്തിന്റെയും ( 92 ശതമാനം) സർവ്വേ പൂർത്തിയായി.
2024 മാർച്ചിൽ ശുചിത്വ മിഷൻ എസ്‌സിക്യൂട്ടീവ് ഡയറക്ടർ ശ്രീ യു. വി ജോസാണ് പൊതു ശുചിമുറികളുടെ സർവ്വേ എന്ന ആശയം മുന്നോട്ടുവെച്ചത്. തുടർന്ന് ശുചിത്വ മിഷനും വാഷ് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി ചേർന്ന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് സർവേയുടെ മാനദണ്ഡങ്ങൾ രൂപപ്പെടുത്തിയത്. കോബോ ടൂൾ ബോക്സ് എന്ന ആപ്ലിക്കേഷന്റെ സാഹത്തോടെയാണ് സർവ്വേ നടത്തിയത്. മൊബൈൽ സൗഹൃദ അപ്ലിക്കേഷൻ ആയതിനാൽ മൊബൈൽ ഫോണിലൂടെ കൂടുതൽ കാര്യക്ഷമമായി സർവേ നടത്താൻ സാധിക്കുമെന്നതാണ് പ്രത്യേകത. സ്വച്ച് ഭാരത് മിഷന്റെ ക്ലീൻ ടോയ്ലറ്റ് ക്യാമ്പയിനിങിന്റെ ഭാഗമായി വന്ന ഫേസസ് (എഫ്.എ.സി.ഈ.എസ് – ഫങ്ക്ഷണൽ, അക്സസബിൾ, ക്ലീൻ ,എക്കോ ഫ്രണ്ട്‌ലി ,സേഫ് ) എന്ന മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് സർവ്വേയ്ക്ക് ആവശ്യമായ ചോദ്യങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.
സർവ്വേയുടെ പ്രരംഭഘട്ട പ്രവർത്തങ്ങളുടെ ഭാഗമായി സർവേയർമാരായി തിരഞ്ഞെടുത്ത ജില്ലാ ശുചിത്വ മിഷനിലെ യങ് പ്രൊഫഷണൽമാർ, റിസോഴ്സ് പേഴ്സൺമാർ, നഗര തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുത്ത ഉദ്യോഗസ്ഥർ എന്നിവർക്കായി പ്രത്യേക പരിശീലനം നൽകിയിരുന്നു. ജില്ലാ അടിസ്ഥാനത്തിലാണ് പരിശീലനം നൽകിയത്. സർവേയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ , ആപ്ലിക്കേഷൻ ഉപയോഗിക്കേണ്ട വിധം, നിലവിലുള്ള ശൗചാലയങ്ങളുടെ അവസ്ഥ സംബന്ധിച്ച കാര്യങ്ങൾ ഉൾപ്പെടയുള്ള വിഷയങ്ങളിലാണ് പരിശീലനം നൽകിയത്.
ഒരു സർവെയെറിന് 10 ശുചിമുറികളുടെ സർവ്വേ ചുമതലയാണ് നൽകിയിരുന്നത്. 10 ൽ കൂടുതൽ പൊതു ശുചിമുറികൾ ഉള്ള തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് സർവേ നടത്തിയത്.
ആദ്യഘട്ടത്തിൽ കണ്ണൂർ, കാസർഗോഡ് ജില്ലകൾക്കാണ് പരിശീലനം നൽകിയത്. ഏക ദിന പരിശീലന പരിപാടിക്ക് ശേഷം സർവെയെർമാരെ ഫീൽഡിലേക്ക് അയക്കുകയും സർവ്വേ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. സർവേയിൽ ഉടനീളം വാഷ് ഇൻസ്റ്റിറ്റിയൂട്ടിലെ പരിശീലകരുടെ സഹായം ഓരോ സർവെയർമാർക്കും നൽകിയിരുന്നു. മൂന്നു മുതൽ നാല് ദിവസത്തിനുള്ളിൽ സർവേ പൂർത്തീകരിക്കുന്ന നിലയിലാണ് പ്രവർത്തനങ്ങൾ ക്രമീകരിച്ചിരുന്നത്. 2024 ഒക്ടോബർ 16 ഓടെ മുഴുവൻ ജില്ലകളിലെയും പരിശീലന പരിപാടികൾ പൂർത്തിയാക്കുകയും 21 ഓടെ 92 % സർവേയും പൂർത്തിയാക്കുകയും ചെയ്തു.
ഓരോ ശുചിമുറികളുടെയും സർവ്വേ പൂർത്തിയാകുന്ന നിലയിൽ വിവരങ്ങൾ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യും. കൂടാതെ ഈ സർവേയുടെ അടിസ്ഥാനത്തിൽ ഓരോ ശുചിമുറികൾക്കും ഒന്ന് , മൂന്ന് , അഞ്ച് എന്ന നിലയിൽ സ്റ്റാർ റേറ്റിംഗ് നൽകും. ഇതിന്റെ അടിസ്ഥാനത്തിൽ ശുചിമുറികളെ വിലയിരുത്താനും അവയുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ക്രമീകരണങ്ങൾ കൂടുതൽ കാര്യക്ഷമമായി നടത്തുവാനും സാധിക്കും. കൂടാതെ പൊതുജനങ്ങൾക്ക് വൃത്തിയും ശുചിത്വവുമുള്ള ശൗചാലയങ്ങൾ തിരഞ്ഞെടുക്കാനും മറ്റുള്ളവയിൽ വരുത്തേണ്ട മാറ്റങ്ങൾ അഭിപ്രായപ്പെടാനും സാധിക്കും.
സർവ്വേ പൂർത്തിയാകുന്നതോടെ മാലിന്യ സംസ്കരണ പ്രവർത്തനത്തിന്റെ മികവിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ നഗരസഭകളെ റാങ്ക് ചെയ്യുന്ന സ്വച്ഛ് സർവേക്ഷൻ സർവേയിൽ കൂടുതൽ പോയിന്റ് നേടി മുന്നേറുക എന്നതാണ് സംസ്ഥാനം ലക്ഷ്യം വെയ്ക്കുന്നത്.