ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി അത്‌ലറ്റിക്‌ മീറ്റ് ; ഓവറോൾ ചാംപ്യൻമാർ കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജ്

7

ശ്രീനാരായണഗുരു ഓപ്പൺ യൂണവേഴ്‌സിറ്റിയുടെ പ്രഥമ അത്‌ലറ്റിക്‌ മീറ്റിൽ കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജ് ലേണർ സപ്പോർട്ട് സെന്റർ ഓവറോൾ ചാംപ്യൻമാരായി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ പോരാട്ട ങ്ങളിൽ ഇഞ്ചോടിഞ്ചു പൊരുതിയാണ് കൊല്ലം റീജ്യണൽ സെന്ററിന് കീഴിലുള്ള ഫാത്തിമ മാത നാഷണൽ കോളേജ് ലേണേർ സപ്പോർട്ട് സെന്റർ കായിക കിരീടം നേടിയത്. എറണാകുളം മഹാരാജാസ് കോളേജ് എൽ.എസ്.സി, മലപ്പുറം മുണ്ടുപറമ്പ ഗവ. കോളേജ് എൽ.എസ്.സി എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ അധ്യക്ഷനായിരുന്ന സമാപന സമ്മേളനം ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അത്‌ലറ്റിക്‌ മീറ്റ് കേരളത്തിൽ ആകെയുള്ള ഓപ്പൺ യൂണിവേഴ്‌സിറ്റി പഠിതാക്കളുടെ ഒരു സംഗമം മാത്രമല്ല, ഡൽഹി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നും വന്ന വിദ്യാർഥികളും മീറ്റിൽ പങ്കെടുത്തിട്ടുണ്ടെന്നും, അതുകൊണ്ട് തന്നെ ഇതൊരു പാൻ-കേരള മീറ്റ് അല്ല മറിച്ച് ഒരു പാൻ-ഇന്ത്യൻ അത്‌ലറ്റിക്‌ മീറ്റ് തന്നെയാണെന്നും മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിക്ക് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സെന്ററുകൾ ഉണ്ട്. ഇപ്പോൾ ആസ്ഥാന മന്ദിരം നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്.

കൊല്ലം ടൗണിന് നടുക്ക് എട്ടേക്കറിലധികം വരുന്ന സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അതിന്റെ വില നിശ്ചയിച്ചു കഴിഞ്ഞു. അധികം താമസിയാതെ തന്നെ സ്ഥലം വാങ്ങിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മന്ത്രി അറിയിച്ചു. അത്‌ലറ്റിക്‌ മീറ്റിൽ പങ്കെടുത്ത എല്ലാവർക്കും സംഘാടകർക്കും മന്ത്രി അഭിനന്ദനങ്ങളറിയിച്ചു.

ഈ അത്‌ലറ്റിക്‌ മീറ്റ് രാജ്യത്തെ മറ്റ് ഓപ്പൺ യൂണിവേഴ്‌സിറ്റികൾക്ക് മാതൃകയാക്കാൻ കഴിയുന്ന ഒന്നാണെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ പേര് നമ്മുടെ രാജ്യമോട്ടാകെ ചർച്ച ചെയ്യാൻ കഴിയുന്ന തരത്തിൽ യൂണിവേഴ്‌സിറ്റിയുടെ സ്ഥിരം പ്രവർത്തനങ്ങൾക്ക് പുറമേ കലാ-കായിക മേഖലകളിൽ പ്രത്യേകമായി നൽകുന്ന ശ്രദ്ധ ഒട്ടും പരാജയപ്പെട്ടില്ല എന്നതാണ് ഈ മീറ്റിൽ കാണാൻ കഴിയുന്നത്. വിദ്യാർഥികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം നൽകിയ ഈ മീറ്റ് വിജയകരമാക്കാൻ സാധിച്ച സംഘാടകർക്കും മത്സരത്തിൽ പങ്കെടുത്ത് വിജയം കൈവരിച്ച എല്ലാ വിദ്യാർഥികൾക്കും മന്ത്രി അഭിനന്ദനങ്ങളറിയിച്ചു.

സർവകലാശാല വൈസ് ചാൻസിലർ ഡോ ജഗതിരാജ് വി പി, ജനറൽ കൺവീനർ ഡോ സി ഉദയകല, സംഘാടക സമിതി കോഡി നേറ്റർ ഡോ എ പസിലിത്തിൽ, സിൻഡിക്കേറ്റ് അംഗങ്ങളായ എ നിസാമുദ്ദീൻ, പ്രഫ ടി എം വിജയൻ, ഡോ റെനി സെബാസ്റ്റ്യൻ, കെ അനുശ്രീ, സൈബർ കൺട്രോളർ ഡോ എം ജയമോഹൻ തുടങ്ങിയവർ സമാപന ചടങ്ങിൽ സന്നിഹിതരായിരുന്നു.

NO COMMENTS

LEAVE A REPLY