കേരളത്തിലെ എൻസിസി-യ്ക്ക് സർക്കാർ നൽകുന്നത് മികച്ച പിന്തുണ ; മന്ത്രി വി. അബ്ദുറഹിമാൻ

7

കേരളത്തിലെ എൻസിസിയ്ക്ക് സംസ്ഥാന സർക്കാർ മികച്ച പിന്തുണ നൽകുന്നുണ്ടെന്നും അതിനായി ആവശ്യമായ എല്ലാ സഹായ ങ്ങളും അനുവദിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കായിക, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. റിപ്പബ്‌ളിക്ക് ദിന പരേഡിലും, കർത്തവ്യ പഥ് മാർച്ചിലും, പ്രധാനമന്ത്രിയുടെ റാലിയിലും സംസ്ഥാനത്തെ പ്രതിനിധീക രിച്ച് പങ്കെടുത്ത 174 എൻസിസി കേഡറ്റുകൾക്കും കണ്ടിജന്റ് കമാൻഡർക്കും പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെ കരിയാപ്പ ഹാളിൽ സ്വീകരണം നൽകി സംസാരിക്കുകയായിരുന്നു മന്ത്രി.

ആയിരം എൻസിസി എയർവിംഗ് കേഡറ്റുകളെ ഓരോ വർഷവും സൗജന്യമായി ഫ്ളയിംഗ് പരിശീലിപ്പിക്കുന്നതിനുള്ള എയർ സ്ട്രിപ്പിന്റെ നിർമ്മാണം ഇടുക്കിയിൽ അന്തിമഘട്ടത്തിലാണ്. തിരുവനന്തപുരം കല്ലറയിൽ ദേശീയ നിലവാരത്തിലുള്ള പരിശീലന കേന്ദ്രത്തിന്റെ ഒന്നാംഘട്ട നിർമ്മാണം പൂർത്തീകരിച്ചുവരുന്നു. മലബാർ മേഖലയിലെ കേഡറ്റുകൾക്ക് വേണ്ടി 1804 ലക്ഷം രൂപ ചെലവാക്കി നിർമ്മിക്കുന്ന പരിശീലന കേന്ദ്രം ഡിസംബറിൽ പൂർത്തിയാകും.

തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളിൽ ഈ വർഷം പുതുതായി പരിശീലന കേന്ദ്രങ്ങൾക്കുള്ള പ്രവർത്തനവും തുടങ്ങും. ദേശീയ തലത്തിൽ നടത്തിവരുന്ന റിപ്പബ്ലിക്ക് ദിന ക്യാമ്പ്, തൽ സൈനിക് ക്യാമ്പുകൾ നൗ സൈനിക് ക്യാമ്പുകൾ, വായുസേന ക്യാമ്പുകൾ കൂടാതെ വാർഷിക ക്യാമ്പുകൾ നടത്തുന്നതിനാവശ്യമായ ഫണ്ടും കേഡറ്റുകൾക്ക് ഭക്ഷണത്തിനായി 3000 രൂപ വീതം അധികമായും സർക്കാർ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

റിപ്പബ്‌ളിക്ക് ദിന പരേഡിലും ന്യൂഡൽഹിയിൽ 17 എൻ സി സി ഡയറക്ടറേറ്റുകളുമായി നടന്ന മത്സരങ്ങളിളും കേരളത്തിലെ എൻ സി സി കേഡറ്റുകൾ തിളക്കമാർന്ന പ്രകടനം കാഴ്ച്ചവച്ച് അഭിമാനകരമായ നേട്ടമുണ്ടാക്കി. കേരള എൻസിസിയുടെ ചരിത്രത്തിൽ ആദ്യമായാണ് റിപ്പബ്ലിക്ക് ദിന പരേഡിൽ ഒരു സീനിയർ വിംഗ് വനിതാ ബാൻഡിന് പങ്കെടുക്കാൻ അവസരം ലഭിച്ചത്. മൂവാറ്റുപുഴ ന്യൂമാൻ കോളേജിലെയും, നിർമ്മല കോളേജിലെയും, സെന്റ് പീറ്റേഴ്സ് കോളേജിലെയും, എം.എ കോളേജിലെയും കേഡറ്റുകൾ ഉൾപ്പെടെ 45 പേരടങ്ങുന്ന വനിതാ ടീമിനാണ് മാർച്ചിന് അവസരം ലഭിച്ചത്. സംഘത്തെ നയിച്ച കേണൽ അഭിഷേക് റാവത്ത്, 18 കേരള ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ കേണൽ പ്രശാന്ത് നായർ, എ.എൻ.ഒ പ്രജീഷ് സി.മാത്യു എന്നിവരെ അഭിനന്ദിക്കുന്നു – മന്ത്രി പറഞ്ഞു.

രാഷ്ട്ര നിർമ്മാണത്തിനും, രാഷ്ട്ര സേവനത്തിനും, രാഷ്ട്ര പുരോഗതിക്കുമുള്ള അടിത്തറ സൃഷ്ടിക്കുന്ന എൻസിസി തുടർച്ചയായ പരിശ്രമത്തിലൂടെ രാജ്യത്തെ അതുല്യമായ പ്രസ്ഥാനമായി മാറിയിട്ടുണ്ട്. ലഹരി വിമുക്ത ബോധവൽക്കരണവും മാലിന്യം മുക്ത നവകേരളവുമുൾപ്പടെയുള്ള പദ്ധതികളിലും എൻസിസി മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

2025 ജനുവരി ആദ്യവാരം മുതൽ ജനുവരി 29 വരെ നടന്ന ആൾ ഇന്ത്യ മത്സരങ്ങളിൽ കേരള എൻസിസി രണ്ട് പതക്കങ്ങളും, രണ്ട് കേഡറ്റുകൾക്ക് മെഡലിയനും ലഭിച്ചു. റിപ്പബ്‌ളിക്ക് ദിന പരേഡിൽ ബാൻഡ് ടിമിനെ നയിച്ച അണ്ടർ ഓഫീസർ രാധിക. എം. ആറിന് ഡി. ജി. യുടെ മെഡലിയനും അർഹയായി. കൽപ്പറ്റയിലെ എൻ.എം.എസ്.എം കോളേജിലെ വിദ്യാർത്ഥിനിയായ അണ്ടർ ഓഫീസർ തേജ വി.പി. യ്ക്ക് 2025 പരമോന്നത ബഹുമതിയായ ‘രക്ഷാ മന്ത്രി പദക് ലഭിച്ചു. അവാർഡ് ജേതാക്കളെയും, ആർ.ഡി. സി. കണ്ടിജന്റിനെയും, ബാൻഡ് ടീമിനെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.

ഈ വർഷത്തെ മികച്ച എൻ സി സി ഗ്രൂപ്പിനുള്ള ബാനർ പ്രസന്റേഷൻ, ക്യാഷ് അവാർഡ് വിതരണം, സമ്മാനദാനം എന്നിവ മന്ത്രി വി. അബ്ദുറഹിമാൻ നിർവ്വഹിച്ചു. 2024-25 വർഷത്തെ മികച്ച പ്രകടനം നടത്തുന്നവർക്ക് നൽകി വരുന്ന ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രിയുടെ പേരിലുളള എൻ, സി. സി. ബാനർ ഈ വർഷം കോഴിക്കോട് എൻ. സി. സി. ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ എം. ആർ. സുബോദ് ഏറ്റുവാങ്ങി. മികച്ച രണ്ടാമത്തെ ഗ്രൂപ്പിനുളള അവാർഡ് കൊല്ലം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ സുരേഷ് ജി. ഏറ്റുവാങ്ങി. സംസ്ഥാനത്തെ ബെസ്റ്റ് യൂണിറ്റിനുള്ള അവാർഡ് 9 കേരള നേവൽ യൂണിറ്റ് എൻ.സി.സി. കോഴിക്കോട്, സംസ്ഥാനത്തെ ബെസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിനുളള സീനിയർ ഡിവിഷൻ/വിങ് ന്യൂമാൻ കോളേജ്, മൂവാറ്റുപുഴ, ബെസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിനുള്ള ജൂനിയർ ഡിവിഷൻ/വിങ് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ, പട്ടം, തിരുവനന്തപുരവും ഏറ്റുവാങ്ങി.

പാങ്ങോട്, കരിയപ്പ ആഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മേജർ ജനറൽ രമേഷ് ഷൺമുഖം, അഡീഷണൽ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ എ. രാഗേഷ്, ഡി.ഡി.ജി എൻ. സി. സി, ഗ്രൂപ്പ് കമാൻഡർമാർ, മറ്റ് ഓഫീസേഴ്‌സ്, റിപ്പബ്‌ളിക് ദിന കണ്ടിജന്റിന് നേതൃത്വം നൽകിയ കേണൽ അഭിഷേക് റാവത്ത്, സേനാ മെഡൽ, ബാൻഡ് ടിമിന് നേതൃത്വം നൽകിയ കമാൻഡിംഗ് ഓഫീസർ പ്രശാന്ത് നായർ എന്നിവർ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY