സംസ്ഥാന സർക്കാരിന്റെ വനിതാരത്ന പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്.
തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി പുരസ്‌കാരങ്ങൾ സമ്മാനിച്ചു. സാമൂഹ്യ സേവന വിഭാഗത്തിൽ കോഴിക്കോട് കല്ലായി സുജാലയം ടി. ദേവി, കായിക രംഗത്ത് ആലപ്പുഴ ചേർത്തല വാരനാട് തെക്കേവെളിയിൽ കെ വാസന്തി, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിതാ വിഭാഗത്തിൽ വയനാട് മുട്ടിൽ നോർത്ത് തേനാട്ടി കല്ലിങ്ങൽ ഷെറിൻ ഷഹാന, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണത്തിൽ വയനാട് മാടക്കര കേദാരം വിനയ എ.എൻ., വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായി ഡോ. നന്ദിനി കെ. കുമാർ, കലാ രംഗത്ത് ആലപ്പുഴ മണ്ണാച്ചേരി മടത്തിക്കാട് പി.കെ. മേദിനി എന്നിവർ വനിതാരത്ന പുരസ്‌കാരം ഏറ്റുവാങ്ങി.
മികച്ച വനിതാ ശാക്തീകരണ പ്രവർത്തനങ്ങൾക്കുള്ള അവാർഡിന് കാസർഗോഡ് ജില്ലാ കളക്ടർ കെ. ഇമ്പശേഖർ അർഹനായി. ഐ സി ഡി എസ് പദ്ധതി പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയവർക്കുള്ള പുരസ്‌കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈനായി നിർവഹിച്ചു. വനിതാ വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫ് ചടങ്ങിന് സ്വാഗതം ആശംസിച്ചു. വനിതാ ശിശു വികസന വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി അദീല അബ്ദുള്ള, വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത വി കുമാർ, വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്‌സൺ കെ സി റോസക്കുട്ടി, എം ഡി ബിന്ദു വി സി, ആസൂത്രണ ബോർഡ് അംഗം മിനി സുകുമാർ തുടങ്ങിയവർ പങ്കെടുത്തു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നിശാഗന്ധി ഓഡിറ്റോറിയത്തിൽ കോളേജ് വിദ്യാർത്ഥികളുടെ സംവാദം, സ്ത്രീ പ്രാതിനിധ്യം ഇല്ലാതിരുന്ന മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വനിതകളുടെ സംഗമം, വനിതാ എഴുത്തുകാരുടെ സംഗമം തുടങ്ങിയവ സംഘടിപ്പിച്ചു.