ഇന്ത്യയിലെ ഒരു പ്രമുഖ ബാങ്കില്‍ നിന്ന് അഞ്ചു കോടി ഡോളര്‍ വിദേശത്തേക്കു കടത്താന്‍ ശ്രമം

191

കൊച്ചി • ഇന്ത്യയിലെ ഒരു പ്രമുഖ ബാങ്കില്‍ നിന്ന് അഞ്ചു കോടി ഡോളര്‍ (ഏകദേശം 225 കോടി രൂപ) വിദേശത്തേക്കു കടത്താന്‍ ശ്രമം. യഥാസമയം കണ്ടെത്തിയതിനെ തുടര്‍ന്ന് പണം നഷ്ടമായില്ല. പക്ഷേ, വിദേശത്തേക്ക് അഞ്ചു ലക്ഷം ഡോളറിനു മേലുള്ള എല്ലാ ഇലക്‌ട്രോണിക് പണം കൈമാറ്റത്തിനും കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി.
വിദേശത്ത് ഇന്ത്യന്‍ എടിഎം കാര്‍ഡ് ഉപയോഗിച്ച്‌ പണം പിന്‍വലിക്കാനും കഴിയുന്നില്ല. സുരക്ഷാ പ്രശ്നമാണു കാരണം പറയുന്നത്. ചൈനയിലാണ് ആദ്യം നിയന്ത്രണം വന്നത്. എന്നാല്‍ എടിഎം കാര്‍ഡ് വഴി പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണവും ഡോളര്‍ കടത്താന്‍ ശ്രമിച്ചതും തമ്മില്‍ ബന്ധമില്ലെന്നാണ് ഉന്നത ബാങ്കിങ് വൃത്തങ്ങളുടെ നിലപാട്.

വിദേശയാത്ര നടത്തുന്നവര്‍ ഇനി കയ്യില്‍ വിദേശ കറന്‍സി കരുതേണ്ടിവരും. രാജ്യാന്തര എടിഎം കാര്‍ഡ് ഉപയോഗിച്ചും പണം പിന്‍വലിക്കാന്‍ കഴിയുന്നില്ലെന്നു പരാതിയുണ്ട്. ബാങ്കുകള്‍ പക്ഷേ, ഇക്കാര്യം രഹസ്യമാക്കി വച്ചിരിക്കുകയാണ്. ഏതാനും ദിവസം മുന്‍പ് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നാണ് അഞ്ചു കോടി ഡോളര്‍ സ്വിഫ്റ്റ് ഇടപാടിലൂടെ കടത്താന്‍ ശ്രമിച്ചത്.
സൊസൈറ്റി ഫോര്‍ വേള്‍ഡ്വൈഡ് ഇന്റര്‍ ബാങ്ക് ഫിനാന്‍ഷ്യല്‍ ടെലികമ്യൂണിക്കേഷനാണ് സ്വിഫ്റ്റ്. ബാങ്കുകള്‍ രാജ്യാന്തര തലത്തില്‍ വന്‍ തുകകള്‍ കൈമാറാന്‍ ഉപയോഗിക്കുന്ന ഇലക്‌ട്രോണിക് സംവിധാനമാണിത്. പക്ഷേ, ഇന്ത്യന്‍ ബാങ്കുകളുടെ ഡോളര്‍ അക്കൗണ്ടായ നൊസ്ട്രൊയുടെ സുരക്ഷാവിഭാഗം ഇതു കണ്ടെത്തുകയും പണം കടത്തല്‍ തടയുകയും ചെയ്തു. അതിനു ശേഷം അഞ്ചു ലക്ഷം ഡോളറിലേറെയുള്ള തുക വിദേശ അക്കൗണ്ടുകളിലേക്കു മാറുന്നതിന് കര്‍ശനമായ സുരക്ഷാ നടപടികള്‍ ബാധകമാക്കി.
ഫെബ്രുവരിയില്‍ ബംഗ്ലദേശ് സെന്‍ട്രല്‍ ബാങ്കില്‍ നിന്ന് 8.1 കോടി ഡോളര്‍ (530 കോടി രൂപ) കടത്തിയിരുന്നു. മനിലയിലെ റിസാല്‍ കൊമേഴ്സ്യല്‍ ബാങ്കിങ് കോര്‍പറേഷന്‍ ബ്രാഞ്ചിലാണു പണം ചെന്നെത്തിയത്. അതുപോലൊരു ശ്രമമാണ് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലും നടന്നത്. എന്നാല്‍ എടിഎം കാര്‍ഡ് ഉപയോഗിച്ചു വിദേശത്തു പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണവും ഇതുമായി ബന്ധമില്ലെന്ന് ഉന്നത ബാങ്കിങ് വൃത്തങ്ങള്‍ പറയുന്നു.
മിക്ക രാജ്യാന്തര എടിഎം കാര്‍ഡുകള്‍ക്കും ഒരു ലക്ഷം രൂപയാണ് ഒരു ദിവസം പിന്‍വലിക്കാനുള്ള പരിധി. എന്നാല്‍, അയല്‍ സംസ്ഥാനങ്ങളിലെ എടിഎമ്മുകളില്‍ നിന്നു പണം പിന്‍വലിക്കാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നു വിവിധ ബാങ്കുകളുടെ എടിഎം സേവന മേധാവികള്‍ അറിയിച്ചു. ചില എടിഎമ്മുകളിലെ തകരാറോ മറ്റു പ്രശ്നങ്ങളോ കാരണമാകാം.
കേരളത്തിലെ ബാങ്കുകളില്‍ അക്കൗണ്ടുള്ളവര്‍ക്ക് അയല്‍ സംസ്ഥാനങ്ങളിലെ എടിഎമ്മുകളില്‍ നിന്ന് പണം ലഭിക്കുന്നില്ലെന്നും എടിഎം തട്ടിപ്പുകള്‍ തടയാന്‍ ഇത്തരം ഇടപാടുകള്‍ മരവിപ്പിച്ചിരിക്കുകയാണെന്നും അഭ്യൂഹം പരന്നതിനെ തുടര്‍ന്നാണു വിശദീകരണം. അയല്‍ സംസ്ഥാനങ്ങളില്‍ പഠിക്കുന്ന കേരള വിദ്യാര്‍ഥികള്‍ക്കു പണം എടുക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു പരാതി.

NO COMMENTS

LEAVE A REPLY