കോഴിക്കോട് ∙ നാദാപുരം ഷിബിൻ വധക്കേസിൽ എല്ലാ പ്രതികളെയും കോടതി വെറുതെവിട്ടു. കോൺഗ്രസ്, ലീഗ് പ്രവർത്തകരായ 17 പേരെയാണ് വെറുതെ വിട്ടത്. എരഞ്ഞിപ്പാലം അഡീഷനൽ സെഷൻസ് കോടതിയുടേതാണ് വിധി. കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. വിധിയിൽ തൃപ്തിയില്ലെന്നും നീതി ലഭിച്ചില്ലെന്നും ഷിബിന്റെ അച്ഛൻ പ്രതികരിച്ചു. ഇരകൾക്കൊപ്പമല്ല, വേട്ടക്കാരനൊപ്പമാണ് കോടതി നിലകൊണ്ടത്. വിധിക്കെതിരെ മേൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2015 ജനുവരി 22നായിരുന്നു കൊലപാതകം. ഡിവൈഎഫ്ഐയുടെ സജീവ പ്രവർത്തകനായിരുന്ന തൂണേരി സ്വദേശി ഷിബിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. മുസ്‍ലിം ലീഗ് പ്രവർത്തകർ രാഷ്ട്രീയ വിരോധം തീർക്കാൻ ഷിബിനെ കൊന്നുവെന്നായിരുന്നു കുറ്റപത്രം.
എന്നാൽ, ഷിബിനൊപ്പം പരുക്കേറ്റ അഞ്ചു പേർ വിവിധ രാഷ്ട്രീയ കക്ഷികൾപ്പെട്ട ആളുകളാണെന്ന് പ്രോസിക്യൂഷൻ ഉന്നയിച്ചു. രാഷ്ട്രീയ വിരോധത്തിനും അപ്പുറം വർഗീയമായ ആക്രമണമായിരുന്നു കൊലപാതകത്തിനു പിന്നിലെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു. 66 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു.
പ്രതികൾക്കെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് പ്രതിഭാഗം കുറ്റപ്പെടുത്തി. വാഹനം തടഞ്ഞതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് കലാശിച്ചത്. തെയ്യമ്പാട്ടിൽ ഇസ്മയിൽ, മുനീർ തുടങ്ങിയവരാണ് കേസിലെ മുഖ്യപ്രതികൾ. കൊലപാതകത്തിനു ശേഷം നാദാപുരം തൂണേരി മേഖലയിൽ വ്യാപകമായ കലാപം അരങ്ങേറിയിരുന്നു.