ന്യൂഡല്‍ഹി • ഉറിക്കു സമീപമുള്ള നിയന്ത്രണരേഖ മറികടന്ന് ഇന്ത്യന്‍ സൈന്യം 20 ഭീകരരെ വധിച്ചതായുള്ള റിപ്പോര്‍ട്ട് സൈനിക വൃത്തങ്ങള്‍ നിഷേധിച്ചു. വാര്‍ത്ത തെറ്റാണെന്നും ഇത്തരം ഒരു നീക്കവും ഇന്ത്യന്‍ സൈന്യം നടത്തിയിട്ടില്ലെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ഉറി ഭീകരാക്രമണത്തിനു പിന്നാലെ രണ്ടു പാരാട്രൂപ്പ് യൂണിറ്റുകള്‍ ഹെലികോപ്റ്ററില്‍ നിയന്ത്രണരേഖ മറികടന്നു ചെന്ന് ഭീകരരെ വധിച്ചെന്ന് ഒരു ഓണ്‍ലൈന്‍ പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഇരുപതിനോ ഇരുപത്തിഒന്നിനോ ആയിരുന്നു ആക്രമണമെന്നും 20 ഭീകരരെ വധിച്ചെന്നും ഇരുന്നൂറോളം പേര്‍ക്കു പരുക്കേറ്റെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.കഴിഞ്ഞ ഞായറാഴ്ച ഉറിയില്‍ കരസേനയുടെ ബ്രിഗേഡ് ആസ്ഥാനത്തു നടന്ന ഭീകരാക്രമണത്തില്‍ 18 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു ശക്തമായ തിരിച്ചടി നല്‍കണമെന്ന ആവശ്യം സൈന്യത്തില്‍ ഉയര്‍ന്നിരുന്നു. നിയന്ത്രിതവും ശക്തവുമായ രീതിയില്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്തണമെന്നായിരുന്നു സൈന്യത്തിന്റെ ആവശ്യം.