വിദ്യാഭ്യാസ വായ്പ : ബാങ്ക് അധികൃതരുടെ അനാവശ്യ പീഡനത്തിനെതിരേ പി.സി. ജോര്‍ജ്

236

ആലപ്പുഴ: വിദ്യാഭ്യാസവായ്പ എടുത്തവരെ അനാവശ്യമായി പീഡിപ്പിക്കാന്‍ ബാങ്ക്, റവന്യു അധികൃതര്‍ ശ്രമിച്ചാല്‍ കാലുവെട്ടാന്‍ വിദ്യാര്‍ഥികളെയും കുടുംബത്തെയും പ്രാപ്തരാക്കുമെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ. എഡ്യൂക്കേഷന്‍ ലോണീസ് വെല്‍ഫെയര്‍ അസോസിയേഷന്‍റെ നേതൃത്വത്തില്‍ ആലപ്പുഴ ലീഡ് ബാങ്കിനു മുന്നില്‍ സംഘടിപ്പിച്ച കൂട്ടധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. നാലു ലക്ഷം വരെയുള്ള വായ്പയുടെ പേരില്‍ ജപ്തി നടപടികള്‍ സ്വീകരിച്ചാല്‍ ഇവര്‍ മലയാളികളുടെ സന്തതികളല്ലായെന്നു പറയേണ്ടിവരും. അത്തരക്കാര്‍ റിലയന്‍സിന്‍റെ മക്കളാണ്. മാനദണ്ഡങ്ങള്‍ തെറ്റിച്ച്‌ ബാങ്കേഴ്സ് അസോസിയേഷന്‍റ തീരുമാനപ്രകാരമാണ് വിദ്യാഭ്യാസ വായ്പക്കാരോട് മര്യാദകേട് കാണിക്കുന്നത്.ബാങ്ക് മാനേജര്‍മാരുടെ കുടുംബവകയല്ല നല്‍കുന്നതെന്ന് ഓര്‍ത്തില്ലെങ്കില്‍ നാട്ടിലിറങ്ങിയാല്‍ അടി കിട്ടും. ആലപ്പുഴയിലാണ് ബാങ്ക് പീഡനത്തെത്തുടര്‍ന്ന് രണ്ടുപേര്‍ ആത്മഹത്യ ചെയ്തത്. മരിച്ച കൃഷ്ണന്‍കുട്ടിയുടെ അവസ്ഥ എല്ലാവര്‍ക്കുമറിയാം. കാരണക്കാരായ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണം. വിഷയം 26-ന് നിയമസഭയില്‍ സബ്മിഷനായി ഉന്നയിക്കും. ധര്‍ണയില്‍ ചീഫ് കോര്‍ഡിനേറ്റര്‍ ജോസ് ഫ്രാന്‍സീസ്, അഡ്വ. രാജന്‍ കെ. നായര്‍, ജോണ്‍സണ്‍, അബ്ദുള്‍ മജീദ്, ദേവസ്യാ തോമസ്, രാമചന്ദ്രന്‍, അനിരുദ്ധന്‍, ഇബ്രാഹീംകുട്ടി, ജോര്‍ജ് മാത്യു എന്നിവര്‍ പ്രസംഗിച്ചു. ധര്‍ണയ്ക്ക് മുന്നോടിയായി ആലപ്പുഴ മുല്ലയ്ക്കല്‍ നരസിംഹപുരത്ത്നിന്ന് ആരംഭിച്ച മാര്‍ച്ച്‌ സംസ്ഥാന പ്രസിഡന്‍റ് തങ്കച്ചന്‍ ജോസ് ഉദ്ഘാടനം ചെയ്തു.

NO COMMENTS

LEAVE A REPLY