അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഡിസംബര്‍ 9 ന് തിരിതെളിയും

212

ഇരുപത്തൊന്നാമത് കേരള അന്താരാഷ്ട്ര ചലചിത്ര മേളയ്ക്ക് ഡിസംബര്‍ 9ന് തിരുവനന്തപുരത്ത് തിരി തെളിയും. ഡിസംബര്‍ 16 വരെയാണ് മേള. ഫെസ്റ്റിവലിനു വേണ്ട എല്ലാ ഒരുക്കങ്ങളും നേരത്തെ തുടങ്ങിയതായി ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കമല്‍ അറിയിച്ചു.’നാനാത്വത്തില്‍ ഏകത്വം’ എന്നതാണ് ഇത്തവണത്തെ മേളയുടെ മുഖ്യ പ്രമേയം.വിവിധ ഭാഷകളിലായി 200 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിക്കപ്പെടുന്നത്. മത്സര വിഭാഗത്തില്‍ 14 ചിത്രങ്ങളാണുള്ളത്. ഇതില്‍ 10 അന്താരാഷ്ട്ര ചിത്രങ്ങളും രണ്ട് ഇന്ത്യന്‍ ചിത്രങ്ങളും രണ്ട് മലയാള ചിത്രങ്ങളും ഉള്‍പ്പെടും.ഒന്‍പത് തിയ്യറ്ററുകളിലായാണ് മേള സംഘടിപ്പിക്കുന്നത്.
പ്രതിനിധികളുടെ രജിസ്ട്രേഷന്‍ നവംബര്‍ 5ന് ആരംഭിക്കും. 25 ആണ് അവസാന തിയ്യതി. 500 രൂപയാണ് ഫീസ്. വിദ്യാര്‍ത്ഥികള്‍ക്ക് 300 രൂപയാണ്. നവംബര്‍ 25 ന് ശേഷം രജിസ്റ്റര്‍ ചെയ്യുകയാണെങ്കില്‍ 700 രൂപ ഇടാക്കും. ഡെലിഗേറ്റുകളുടെ എണ്ണം 15000 ആയി നിജപ്പെടുത്തും. ചിത്രങ്ങള്‍ തിരഞ്ഞെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.501 അംഗങ്ങളുള്ള കമ്മിറ്റിയാണ് ഇത്തവണത്തെ ചലചിത്രമേള നടത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് മേളയുടെ രക്ഷാധികാരി. വെള്ളിയാഴ്ച മാസ്കറ്റ് ഹോട്ടലില്‍ കൂടിയ ഫെസ്റ്റിവലിന്റെ ആദ്യ സംഘാടക സമിതി യോഗം മന്ത്രി എ.കെ.ബാലന്‍ ഉദ്ഘാടനം ചെയ്തു. കമലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് ചെയര്‍പേഴ്സണ്‍ ബീന പോള്‍, കെ.ടി.ഡി.സി. ചെയര്‍മാന്‍ എം.വിജയകുമാര്‍, സിബി മലയില്‍, നടന്‍ മധു തുടങ്ങിയവര്‍ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY