ആംബുലന്‍സ് നല്‍കിയില്ല; കൈവണ്ടിയില്‍ അച്ഛന്‍റെ മൃതദേഹവുമായി മകന്‍

209

പിലീഭിത്ത്(യു.പി): ഉത്തര്‍പ്രദേശിലെ പിലീഭിത്തില്‍ ആംബുലന്‍സ് കിട്ടാത്തതിനാല്‍ അച്ഛന്റെ മൃതദേഹം കൈവണ്ടിയില്‍ വലിച്ചുകൊണ്ടു പോയ സൂരജ് എന്ന ചെറുപ്പക്കാരന്റെ ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. സൂരജിന്റെ അച്ഛന്‍ തുളസിറാമിനെ (70) വെള്ളിയാഴ്ച രാവിലെ എട്ടിനാണ് ജില്ലാ ആസ്​പത്രിയില്‍ എത്തിക്കുന്നത്. എന്നാല്‍, ഒന്നര മണിക്കൂറിനു ശേഷമാണ് തീരെ അവശനായ രോഗിയെ ഡോക്ടറെത്തി പരിശോധിച്ചത്.അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. എത്രയും പെട്ടെന്ന് മൃതദേഹം കൊണ്ടുപോകണമെന്ന് ആസ്​പത്രി അധികൃതര്‍ ആവശ്യപ്പെട്ടതോടെ സൂരജ് നെട്ടോട്ടമായി. ആംബുലന്‍സിന് ആസ്​പത്രിയധികൃതരെ സമീപിച്ചപ്പോള്‍ വാഹനങ്ങളൊന്നും ഒഴിവില്ലെന്നായിരുന്നു മറുപടി. ഒടുവില്‍, ഒരു കൈവണ്ടി സംഘടിപ്പിച്ച്‌ അച്ഛന്റെ മൃതദേഹം വലിച്ച്‌ ഗ്രാമത്തിലേക്ക് പോവുകയായിരുന്നു സൂരജ് പറഞ്ഞു.
മതിയായ ചികിത്സ ശരിയായ സമയത്ത് കിട്ടിയില്ലെന്നും സൂരജ് കുറ്റപ്പെടുത്തുന്നു. ആസ്​പത്രിയില്‍നിന്നു ലഭിച്ച മരണ സര്‍ട്ടിഫിക്കറ്റില്‍ രാവിലെ 9.40-ന് അഡ്മിറ്റാക്കിയ രോഗി 11 മണിക്ക് മരിച്ചെന്നാണ് നല്‍കിയിട്ടുള്ളത്. ആംബുലന്‍സ് ആവശ്യപ്പെട്ട് തന്നെ ആരും വിളിച്ചിട്ടില്ലെന്ന് ആസ്​പത്രി സൂപ്രണ്ട് ആര്‍.സി. ശര്‍മ അറിയിച്ചു.പരാതി കിട്ടിയാല്‍ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിടുമെന്ന് ജില്ലാ മജിസ്ട്രേട്ട് അറിയിച്ചു. ഒഡിഷയില്‍ വാഹനം വിളിക്കാന്‍ പണമില്ലാതെ ഭാര്യയുടെ മൃതദേഹം തോളിലേറ്റി മകള്‍ക്കൊപ്പം നടന്നു പോകുന്ന ദാന മാജിയുടെ ചിത്രം ലോകശ്രദ്ധ നേടിയിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പെട്ട ബഹ്റൈന്‍ രാജാവ് അദ്ദേഹത്തിന് 8.87 ലക്ഷം രൂപ സഹായം നല്‍കി.

NO COMMENTS

LEAVE A REPLY