കോഴിക്കോട്• പൂര്‍ണമദ്യനിരോധനം പ്രായോഗികമല്ലെന്ന് എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്. സംസ്ഥാനത്തെ ബാറുകള്‍ പൂട്ടി ലഭ്യത കുറയ്ക്കുകയും സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ ബവ്റിജസ് കോര്‍പറേഷന്‍ ഒൗട്ട്ലെറ്റുകള്‍ വഴി അത്യാവശ്യക്കാര്‍ക്കു മദ്യം ലഭ്യമാക്കുകയും ചെയ്യുന്ന ഇപ്പോഴത്തെ നയമാണ് ഏറ്റവും പ്രായോഗികം. മദ്യം പൂര്‍ണമായും നിരോധിച്ച സംസ്ഥാനങ്ങളില്‍ വന്‍മദ്യദുരന്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇന്നലെവരെ ലഭിച്ചിരുന്ന മദ്യം ഒറ്റദിവസം കൊണ്ട് ഇല്ലാതാക്കാനാകില്ല.ഓണക്കാലത്തെ റെയ്ഡുകള്‍ തെളിയിക്കുന്നത് വാറ്റാനുള്ള പ്രവണത കേരളത്തില്‍ ഇപ്പോഴുമുണ്ടെന്നാണ്. കഴിഞ്ഞ 100 ദിവസത്തിനുള്ളില്‍ കഞ്ചാവടക്കമുള്ള ലഹരി വില്‍പനയുമായി ബന്ധപ്പെട്ടു സംസ്ഥാനത്ത് ആയിരത്തിലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.അനധികൃത മദ്യക്കടത്ത്, വാറ്റ് എന്നിവയുമായി ബന്ധപ്പെട്ട് 10,000 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഋഷിരാജ് സിങ് അറിയിച്ചു.
തെലങ്കാനയില്‍നിന്നാണു കഞ്ചാവ് പ്രധാനമായും കേരളത്തിലെത്തുന്നത്. സംസ്ഥാനത്തു കഞ്ചാവിന്റെ മൊത്തവില്‍പന കുറവാണെന്നും ചില്ലറവില്‍പനക്കാരാണ് അധികമെന്നും കൂട്ടിച്ചേര്‍ത്തു. കേരള മദ്യനിരോധന സമിതിയുടെ അവാര്‍ഡ് കോഴിക്കോട് ഹോളി ക്രോസ് കോളജിനു സമ്മാനിക്കാനെത്തിയതായിരുന്നു അദ്ദേഹം.