കൊച്ചി: കടലാസും കാന്‍വാസും കൊണ്ടു നിര്‍മിച്ച സ്റ്റാളുകളായിരുന്നു അവര്‍ അണിനിരത്തിയത്. പക്ഷേ അവയില്‍ നിറഞ്ഞുനിന്നത് ഹരിത സന്ദേശങ്ങള്‍. ഒപ്പം മികച്ച സുഖസൗകര്യവാഗ്ദാനങ്ങള്‍ കൂടിയായപ്പോള്‍ കേരള ട്രാവല്‍ മാര്‍ട്ടിനെത്തിയ സന്ദര്‍ശകരുടെ മനസും നിറഞ്ഞു. കൊച്ചി വെല്ലിങ്ടണ്‍ ദ്വീപിലെ സാമുദ്രിക-സാഗര കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഒന്‍പതാമത് കേരള ട്രാവല്‍ മാര്‍ട്ടില്‍ ഹരിത വാഗ്ദാനങ്ങളുമായെത്തിയ റിസോര്‍ട്ടുകള്‍ സന്ദര്‍ശക പ്രിയമാകുകയാണ്. പ്ലാസ്റ്റിക്-രാസവസ്തു മുക്തമാണെന്ന സന്ദേശം പകര്‍ന്ന് മൂന്നാറില്‍ രണ്ടുവര്‍ഷം മുന്‍പു തുടങ്ങിയ ഒരു റിസോര്‍ട്ട് വിനോദസഞ്ചാരികള്‍ക്ക് ആഡംബരപൂര്‍ണമായ സുഖസൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുമ്പോഴും പ്രകൃതിയുമായുള്ള ലയം കൈവിടുന്നില്ല. ഹരിത-സുസ്ഥിര ടൂറിസ്റ്റ് സങ്കേതങ്ങള്‍ക്കായുള്ള കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയുടെ ഒന്‍പതിന സിഎസ്ആര്‍ ചാര്‍ട്ടറിന് അനുസൃതമായാണ് ഈ റിസോര്‍ട്ടിന്റെ പ്രവര്‍ത്തനം.
മാലിന്യ സംസ്‌കരണ സംവിധാനം, ജൈവക്കൃഷി, മിതമായ ഊര്‍ജ ഉപഭോഗം, തദ്ദേശ നിര്‍മാണ വസ്തുക്കളും ഉല്‍പ്പന്നങ്ങളുടെയും ഉപയോഗം എന്നിവയാണ് ചാര്‍ട്ടര്‍ അനുശാസിക്കുന്നത്. കൂടാതെ മഴക്കൊയ്ത്ത്, പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കല്‍, ഹരിതാഭമായ ചുറ്റുപാടുകള്‍ എന്നിവയും ലക്ഷ്യമിടുന്നു.പ്ലാസ്റ്റിക് ബാഗുകളുടെയും കുപ്പികളുടെയും ഉപയോഗം തങ്ങള്‍ തീര്‍ത്തും ഒഴിവാക്കിയിരിക്കുകയാണെന്നും വിപരീത വൃതിവ്യാപന പ്രകിയയിലൂടെ (റിവേഴ്‌സ് ഓസ്‌മോസിസ്) വെള്ളം ശുചീകരിച്ച് ഉപയോഗിക്കുന്നുവെന്നും റിസോര്‍ട്ട് മാനേജിങ് ഡയറക്ടര്‍ പറയുന്നു. ഖരമാലിന്യങ്ങള്‍ കമ്പോസ്റ്റാക്കി ജൈവക്കൃഷിക്കുപയോഗിക്കുന്നുവെന്ന് എം.ഡി പറയുന്നത്.
നൂറ്റിയന്‍പതോളം ഇനത്തില്‍പ്പെട്ട പക്ഷികള്‍ ചേക്കേറുന്ന ഇവിടെ പക്ഷിനിരീക്ഷണത്തിനും അവസരമുണ്ട്. രാസവസ്തുക്കളില്ലാത്തതിനാല്‍ അപൂര്‍വ ജീവജാലങ്ങളടക്കം സ്വാഭാവിക ആവാസവ്യവസ്ഥയുടെ എല്ലാ ഘടകങ്ങളും ഇവിടെ ഒത്തിണങ്ങിയിട്ടുണ്ട്. സീസണ്‍ അല്ലാത്തപ്പോള്‍പ്പോലും ശേഷിയുടെ 85 ശതമാനം അതിഥികളെ ഉള്‍ക്കൊള്ളാറുള്ള ഇവിടെ മുതുവാന്‍ ഗോത്രശൈലിയില്‍ നിര്‍മിക്കപ്പെട്ട മണ്‍വീടുകളാണ് അതിഥികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. യൂറോപ്പില്‍നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും അതിഥികള്‍ തുടര്‍ച്ചയായി എത്തുന്നു.
മാലിന്യമുക്ത-പ്ലാസ്റ്റിക് രഹിത മുദ്രാവാക്യവുമായി, ഹരിത ആശയത്തിലൂന്നി പ്രവര്‍ത്തിക്കുന്ന മറ്റൊരു സ്റ്റാളിനും സമാന അനുഭവങ്ങള്‍ തന്നെയാണ് പങ്കുവയ്ക്കാനുള്ളത്. നാലു വര്‍ഷം മുന്‍പു തുടങ്ങിയ ഈ റിസോര്‍ട്ട് രണ്ടു വര്‍ഷം മുന്‍പാണ് ഹരിതശൈലിയിലേക്കു മാറിയത്. അതോടെ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് അതിഥികളുടെ ഒഴുക്കു തുടങ്ങി.പരിസ്ഥിതി സൗഹൃദ ടൂറിസമാണ് ഇപ്പോള്‍ തരംഗം സൃഷ്ടിക്കുന്നതെന്ന് ഈ റിസോര്‍ട്ടിന്റെ മാനേജിങ് ഡയറക്ടര്‍ പറയുന്നു. പ്രത്യേകിച്ചും അമേരിക്കന്‍, യൂറോപ്യന്‍ സഞ്ചാരികളുടെ കാര്യത്തില്‍. തങ്ങളുടെ മുറികളില്‍ 75 ശതമാനത്തിലും എപ്പോഴും അതിഥികളുണ്ടാകാറുണ്ട്. വൈദ്യുതിയുടെ 45 ശതമാനവും സൗരോര്‍ജത്തിലൂടെയാണ്. മാംസോല്‍പ്പന്നങ്ങള്‍ക്കു മാത്രമേ പൊതുവിപണിയെ ആശ്രയിക്കാറുള്ളു. ഭക്ഷ്യവസ്തുക്കളുടെ 85 ശതമാനവും സ്വയം ഉല്‍പാദിപ്പിക്കുന്നു. എണ്ണത്തിലല്ല, ഗുണത്തിലാണു ശ്രദ്ധയെന്നും റിസോര്‍ട്ട് മാനേജിങ് ഡയറക്ടര്‍ പറഞ്ഞു. സ്ഥലക്കുറവാണ് സംസ്ഥാനത്ത് ഹരിതനയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ഏറ്റവും തടസ്സമെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. അതിഥികളുടെ എണ്ണക്കൂടുതലില്‍ ശ്രദ്ധിക്കുമ്പോള്‍ ചെറിയ സ്ഥലത്തെ മാലിന്യ സംസ്‌കരണം അവതാളത്തിലാകുന്നു.
ഗ്രാമങ്ങളെ ഹോംസ്റ്റേകള്‍ക്കായി ഒരുക്കുകയാണ് സ്ഥലക്കുറവിനുള്ള പരിഹാരം. ഒരു കാര്‍ഷിക ഗ്രാമത്തിലെ 50 വീടുകള്‍ ഹോംസ്റ്റേയ്ക്കായി വികസിപ്പിച്ചെടുത്താല്‍ നൂറു മുറികളുള്ള ഹോട്ടലിന്റെ ഫലം കിട്ടും. അതോടൊപ്പം മാലിന്യം ചെറിയ സ്ഥലത്ത് കുന്നുകൂടാതെ പലയിടങ്ങളിലായി വീതിക്കപ്പെടുകയും മാലിന്യസംസ്‌കരണം അനായാസമാവുകയും ചെയ്യും. ഗ്രാമീണരുടെ വരുമാനം കൂടുകയും സഞ്ചാരികള്‍ക്ക് യഥാര്‍ഥ ജീവിതാനുഭവം ലഭിക്കുകയും ചെയ്യും. കെടിഎമ്മിന്റെ ഒന്‍പതിന ചാര്‍ട്ടര്‍ ശുഭസൂചകമായ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു.
കെടിഎം-2016 വെള്ളിയാഴ്ച വെല്ലിങ്ടണ്‍ ഐലന്‍ഡില്‍ സമാപിക്കും.