ന്യൂഡല്‍ഹി• കാവേരി നദീജലം സംബന്ധിച്ച് കേന്ദ്ര നേതൃത്വത്തില്‍ ഇരുസംസ്ഥാനങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ സമവായമായില്ല. കേന്ദ്ര ജലവിഭവമന്ത്രി ഉമാ ഭാരതിയുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച. നിലവിലെ സാഹചര്യത്തില്‍ കാവേരിയിലെ വെള്ളം വിട്ടുകൊടുക്കാന്‍ കര്ണാടകയ്ക്കാകില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. യഥാര്‍ഥ വസ്തുതകള്‍ മനസ്സിലാക്കാന്‍ കേന്ദ്രം നിയോഗിക്കുന്ന വിദഗ്ധ സമിതി സംസ്ഥാനം സന്ദര്‍ശിക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടു.അതേസമയം, കര്‍ണാടക – തമിഴ്നാട് അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം ഉടലെടുക്കുകയാണെങ്കില്‍ അനിശ്ചിതകാല നിരാഹാര സമരം ഇരിക്കാന്‍ താന്‍ തയാറാണെന്ന് ഉമാ ഭാരതി അറിയിച്ചു.പരിഹാരമുണ്ടാക്കാന്‍ ഇരുസംസ്ഥാനങ്ങളും ശ്രമിക്കുന്നതിനെ അഭിനന്ദിക്കുന്നു. ഇരുപക്ഷത്തെയും അഭിപ്രായങ്ങള്‍ സുപ്രീംകോടതിയെ അറിയിക്കും. വീണ്ടും ചര്‍ച്ച നടത്തി കോടതിക്കു പുറത്ത് തീര്‍പ്പുണ്ടാക്കാന്‍ ഇരു സംസ്ഥാനങ്ങളോടും ഉമാ ഭാരതി ആവശ്യപ്പെട്ടു.