ലണ്ടൻ ∙ ബ്രിട്ടനിൽ ലേബർ പാർട്ടിയുടെ വനിതാ എംപി വെടിയേറ്റു മരിച്ചു. സ്വന്തം മണ്ഡലത്തിൽ ജനസമ്പർക്ക പരിപാടിക്കിടെ ആണു ജോ കോക്സ് (41) കൊല്ലപ്പെട്ടത്.
പൊതുനിരത്തിൽ എംപിയെ കുത്തിപ്പരുക്കേൽപിച്ചശേഷം അക്രമി വെടിവയ്ക്കുകയായിരുന്നു. തടയാൻ ചെന്ന ഒരാൾക്കു പരുക്കേറ്റു. അൻപത്തിരണ്ടുകാരനായ ഒരാൾ അറസ്റ്റിലായതായി വെസ്റ്റ് യോർക്ഷർ പൊലീസ് പറഞ്ഞു.
ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരണമോ എന്നു തീരുമാനിക്കാനുള്ള ഹിതപരിശോധന 23നു നടക്കാനിരിക്കെയാണു യൂറോപ്യൻ യൂണിയൻ അനുകൂല നിലപാടുള്ള എംപി കൊല്ലപ്പെട്ടത്. വെസ്റ്റ് യോർക്ഷറിലെ ബിർസ്റ്റാളിലാണ് അക്രമം നടന്നത്. ചോരവാർന്നു വഴിയോരത്തു കിടക്കുന്ന നിലയിലാണ് എംപിയെ പൊലീസ് കണ്ടെത്തിയത്.
രണ്ടുവട്ടം നിറയൊഴിച്ചെന്നും വെടിയേറ്റു നിലത്തുവീണ എംപിയെ അക്രമി ചവിട്ടിയെന്നുമാണു ദൃക്സാക്ഷി മൊഴി. കൊലയുടെ കാരണം വ്യക്തമല്ല. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ കോക്സ്, ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരണമെന്നു ശക്തമായി വാദിക്കുന്ന യുവനേതാക്കളിലൊരാളാണ്.
വടക്കൻ ലണ്ടനിലെ ലീഡ്സ് നഗരത്തോടു ചേർന്നുള്ള മണ്ഡലമാണു ബട്ലി ആൻഡ് സ്പെൻ. എംപി കൊല്ലപ്പെട്ടതിനെത്തുടർന്നു ഹിതപരിശോധനയുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികൾ നിർത്തിവച്ചു.
courtsy : manorama online