ഹൈക്കോടതിയില്‍ മാധ്യമ പ്രവര്‍ത്തകരെ വിലക്കിയ വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നു

167

തിരുവനന്തപുരം: ഹൈക്കോടതിയിലും മറ്റു ചില കോടതകളിലും മാധ്യമ പ്രവര്‍ത്തകരെ വിലക്കിയ വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നു. ഇതിന്റെ ഭാഗമായി അഡ്വക്കറ്റ് ജനറലിനോട് തിങ്കളാഴ്ച ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു.ചീഫ് ജസ്റ്റിസിന്റെ സാന്നിധ്യത്തില്‍ കഴിഞ്ഞദിവസം നടന്ന യോഗത്തില്‍ മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിക്കണമെന്ന ധാരണയിലെത്തിയിട്ടും ഹൈക്കോടതിയിലെത്തിയ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ ഭീഷണിപ്പെടുത്തി പുറത്താക്കിയത് വ്യാപക പ്രതിഷേധത്തിന് വഴിവച്ചിരുന്നു.തുടര്‍ന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ അഭിഭാഷകര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും ഇരുവരും ആവശ്യപ്പെട്ടു.ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ പുതിയ ഇടപെടല്‍. പ്രശ്നപരിഹാരത്തിന് വേണ്ടതെല്ലാം ചെയ്യണമെന്നും മുഖ്യമന്ത്രി അഡ്വക്കറ്റ് ജനറലിനോട് നിര്‍ദേശിച്ചു. കോടതികളില്‍ സൗഹൃദത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും അന്തരീക്ഷമുണ്ടാക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.കഴിഞ്ഞ ദിവസം ഹൈക്കോടതിയിലെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ഹൈക്കോടതിക്ക് പുറത്ത് പോകണമെന്ന് ഒരു വിഭാഗം അഭിഭാഷകര്‍ ആവശ്യപ്പെടുകയായിരുന്നു. പോയില്ലെങ്കില്‍ തല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.ചീഫ് ജസ്റ്റിസിന്റെ കോടതിക്ക് മുന്നിലാണ് മാധ്യമപ്രവര്‍ത്തകരെ തടഞ്ഞത്. തുടര്‍ന്ന് ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശപ്രകാരം രജിസ്ട്രാര്‍ക്ക് മാധ്യമപ്രവര്‍ത്തകര്‍ പരാതി നല്‍കി. പരാതി നല്‍കിയ ശേഷം പോലീസ് സംരക്ഷണത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ ഹൈക്കോടതിക്ക് പുറത്തുവന്നത്.

NO COMMENTS

LEAVE A REPLY