ഏറനാട് ഏക്സപ്രസ്സിലെ യാത്രക്കാര്‍ ജനശതാബ്ദി എക്സ്പ്രസ് തടഞ്ഞു

202

തുറവൂര്‍: ഏറനാട് ഏക്സപ്രസ്സ് പിടിച്ചിട്ട് ജനശതാബ്ദി കടത്തി വിട്ടത്തില്‍ പ്രതിഷേധിച്ച്‌ ഏറനാട് ഏക്സപ്രസ്സിലെ യാത്രക്കാര്‍ ജനശതാബ്ദി എക്സ്പ്രസ് തടഞ്ഞു. ആലപ്പുഴ തുറവൂര്‍ സ്റ്റേഷനിലാണ് സംഭവം.പുലര്‍ച്ചെ 3.35ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ഏറനാട് ഏക്സപ്രസ്സ് ആറ് മണിക്ക് പുറപ്പെടുന്ന ജനശതാബ്ദിക്ക് കടന്നു പോകുന്നതിനായി പിടിച്ചിടുന്നത് സ്ഥിരം സംഭവമാണെന്നാണ് ഏറനാട് എക്സ്പ്രസ്സിലെ സ്ഥിരം യാത്രക്കാര്‍ പരാതി പറയുന്നത്.പാളത്തിലെ അറ്റകുറ്റപ്പണികള്‍ കാരണം തിങ്കളാഴ്ച ഒന്നരമണിക്കൂറിലേറെ വൈകിയാണ് ഏറനാട് എക്സ്പ്രസ്സ് ചേര്‍ത്തല സ്റ്റേഷനിലെത്തിയത്.തുടര്‍ന്ന് ഇവിടെ നിന്ന് പുറപ്പെട്ട ട്രെയിന്‍ തിരുവനന്തപുരം -കോഴിക്കോട് ജനശതാബ്ദിക്ക് കടന്നുപോകാനായി തുറവൂര്‍ സ്റ്റേഷനില്‍ പിടിച്ചിട്ടു. ഇതില്‍ രോക്ഷാകുലരായാണ് ഏറനാട് എക്സ്പ്രസ്സിലെ യാത്രക്കാര്‍ ജനശതാബ്ദി തടഞ്ഞത്.അതേസമയം ഏറാനാട് എക്സ്പ്രസ്സിലെ യാത്രക്കാര്‍ക്ക് കയറുന്നതിനായി ജനശതാബ്ദിക്ക് തുറവൂര്‍ സ്റ്റേഷനില്‍ ഒരു മിനിറ്റ് സ്റ്റോപ്പ് അനുവദിച്ചിരുന്നുവെന്നും എന്നാല്‍ ആ അവസരം ഉപയോഗിക്കാതെയാണ് യാത്രക്കാര്‍ തീവണ്ടി തടഞ്ഞതെന്നും റെയില്‍വേ അധികൃതര്‍ വിശദീകരിക്കുന്നു.അറ്റകുറ്റപ്പണികള്‍ കാരണം അരമണിക്കൂര്‍ വൈകിയാണ് തിങ്കളാഴ്ച ജനശതാബ്ദിയും ഓടിക്കൊണ്ടിരുന്നത് എന്നാല്‍ യാത്രക്കാര്‍ തീവണ്ടി തടഞ്ഞതോടെ ഏറനാട് എക്സ്പ്രസ്സും ജനശതാബ്ദിയും ഇപ്പോള്‍ തുറവൂര്‍ സ്റ്റേഷനില്‍ കിടക്കുകയാണ്. സുരക്ഷാപ്രശ്നങ്ങള്‍ കാരണം ദക്ഷിണകേരളത്തിലെ തീവണ്ടികള്‍ ദിവസങ്ങളായി വൈകി ഓടുകയാണ്. ഇതിനിടയിലാണ് യാത്രക്കാര്‍ തന്നെ തീവണ്ടി തടയുന്നത്.

NO COMMENTS

LEAVE A REPLY