കൊച്ചി: ഗള്‍ഫ് രാജ്യങ്ങളില് നിന്ന് പെരുന്നാള്‍ ദിനങ്ങളില്‍ നാട്ടിലെത്താനൊരുങ്ങുന്ന മലയാളികളുടെ പോക്കറ്റടിക്കാന്‍ വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കൂട്ടി. 20,000 മുതല്‍ 32,000 രൂപവരെയാണ് കേരളത്തിലേക്കുള്ള വിമാനടിക്കറ്റുകള്‍ക്ക് ഇപ്പോള്‍ ചാര്‍ജ്. പെരുന്നാളിനടുത്ത മാസങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ക്കാണ് ഭീമമായ രീതിയില്‍ ചാര്‍ജ് വര്‍ധിപ്പിച്ചിരിക്കുന്നത്.
ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നതില്‍ എയര്‍ ഇന്ത്യയും സ്വകാര്യ കമ്പനികള്‍ക്കൊപ്പമാണ്. ദുബായില്‍നിന്ന് കോഴിക്കോട്ടേക്ക് 12,000 രൂപയാണ് നിലവില്‍ എയര്‍ഇന്ത്യയുടെ യാത്രാക്കൂലി. എന്നാല്‍, ചെറിയ പെരുന്നാളിനോട് അടുത്ത ദിവസങ്ങളില്‍ നിരക്ക് 32,000രൂപയാണ് എയര്‍ ഇന്ത്യ ഈടാക്കുന്നത്. ദുബായില്‍ നിന്ന് കൊച്ചിക്ക് 31,000 രൂപയാണ് ഈടാക്കുന്നത്. സാധാരണ നിരക്ക് 13,000 മാത്രമാണ്.
ഇക്കോണമി ക്ലാസിലും നിരക്ക് കുത്തനെ ഉയര്‍ന്നു. 20,000 രൂപവരെയാണ് എയര്‍ ഇന്ത്യ കൂട്ടിയിരിക്കുന്നത്. കുവൈത്ത്, ദോഹ, ഒമാന്‍ എന്നിവടങ്ങളില്‍ നിന്നുള്ള ടിക്കറ്റ് നിരക്കുകളിലും കാര്യമായ വര്‍ധനവുണ്ട്. പെരുന്നാളിനൊപ്പം ഗള്‍ഫില്‍ സ്‌കൂള്‍ അവധി ആരംഭിക്കുമെന്നതിനാല്‍ കുടുംബ സമേതം പ്രവാസികള്‍ നാട്ടിലെത്തും. ഇത് പരമാവധി മുതലെടുക്കാനാണ് വിമാനക്കമ്പനികളുടെ നീക്കം.