മില്‍മ ആസ്ഥാനത്ത് വന്‍ തീപ്പിടുത്തം

310

കോഴിക്കോട്: മില്‍മ പാല്‍ ഉത്പാദന കേന്ദ്രത്തിന്റെ കുന്ദമംഗലം പെരിങ്ങൊളത്തുള്ള ആസ്ഥാനത്ത് വന്‍ തീപിടുത്തം. കമ്പ്യൂട്ടര്‍ റൂമിലാണ് രാവിലെ ഏഴുമണിയോടെ തീപിടുത്തമുണ്ടായത്. മില്‍മയുടെ വിറ്റുവരവ് കണക്കുകള്‍ സൂക്ഷിക്കുന്ന പന്ത്രണ്ട് ലക്ഷം രൂപ വീതം വിലവരുന്ന അഞ്ച് സെര്‍വ്വറുകള്‍, പന്ത്രണ്ട് അനുബന്ധ കമ്പ്യൂട്ടറുകള്‍, ബി.എസ്.എന്‍.എലിന്റെ ഇ.പി.ബി.എക്സ് യന്ത്രം, മൂന്ന് റൂട്ടറുകള്‍, നാല് സ്വിച്ചിങ് ബോര്‍ഡുകള്‍, രണ്ട് എ.സി, പ്രിന്ററുകള്‍, ട്യൂബ് ലൈറ്റുകള്‍, മേശയും കസേരയും ഉള്‍പ്പെടുന്ന ഫര്‍ണ്ണിച്ചറുകള്‍ എന്നിവയ്ക്കാണ് തീപിടിച്ചത്.
ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് സംഭവത്തിന് കാരണമായതെന്ന് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാന്റീനും ഓഫീസ് മുറികളുമുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള മുറിയിലാണ് തീപിടുത്തമുണ്ടായത്. വിവരമറിഞ്ഞ് വെള്ളിമാട്കുന്ന് ഫയര്‍ ഫോഴ്സ് സംഘം സ്ഥലത്ത് എത്തുമ്പോഴേക്കും മുറിമുഴുവന്‍ പുക നിറയുകയും ഒരു ഭാഗത്ത് നിന്ന് തീ ഉയര്‍ന്ന് തുടങ്ങുകയും ചെയ്തിരുന്നു. വെള്ളം ഉപയോഗിച്ചാല്‍ സെര്‍വ്വറിലെ ശേഖരം നശിക്കുമെന്നതിനാല്‍ സിലിക്കണൈസ്ഡ് സോഡിയം ബൈക്കാര്‍ബണൈറ്റ് ഉള്‍പ്പെട്ട ഡ്രൈ പൗഡര്‍ ഉപയോഗിച്ചാണ് തീയണച്ചത്.
പുകമുറിയില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഓക്സിജന്‍ ഉള്‍പ്പെട്ട ബ്രീത്തിങ് അപ്പാരറ്റസും ഉപയോഗിച്ചു. രണ്ട് യൂണിറ്റ് ഒരു മണിക്കൂറോളം ശ്രമിച്ചാണ് പ്രശ്നം പരിഹരിച്ചത്.

NO COMMENTS

LEAVE A REPLY