കോപ്പ അമേരിക്ക : കൊളംബിയ സെമിയില്‍

306

ന്യൂജേഴ്സി• പൊരുതിക്കളിച്ച പെറുവിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്ന് കൊളംബിയ കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റിന്റെ സെമിയില്‍ കടന്നു. നിശ്ചിത സമയത്ത് ഇരുടീമുകള്‍ക്കും ഗോളുകളൊന്നും നേടാനാകാതെ വന്നതോടെയാണ് മല്‍സരഫലം നിശ്ചയിക്കാന്‍ പെനല്‍റ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. ഗോള്‍കീപ്പര്‍ ഡേവിഡ് ഒസ്പിനയാണ് കൊളംബിയയുടെ വിജയശില്‍പി. പെറുതാരങ്ങളുടെ രണ്ട് കിക്കുകള്‍ ഒസ്പിന തടുത്തിട്ടതോടെ 4-2ന്റെ ലീഡിലാണ് കൊളംബിയ െസമിയിലെത്തിയത്.
കൊളംബിയയ്ക്കായി ഹാമിഷ് റോഡ്രിഗസ്, യുവാന്‍ ഗ്വില്ലര്‍മോ, മൗറിഷ്യോ മൊറേനോ, സെബാസ്റ്റ്യന്‍ പെരസ് കാര്‍ഡോണ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ മരിയോ റൂഡിയാസ് മിസ്റ്റിച്ച്‌, റെനാറ്റോ ടാപിയ കോര്‍ട്ടീജോ എന്നിവര്‍ പെറുവിനായി ലക്ഷ്യം കണ്ടു.
ട്രൗസോ സാവേദ്ര, ക്യുയേവ ബ്രാവോ എന്നിവരുടെ ഷോട്ടുകള്‍ കൊളംബിയന്‍ ഗോളി തടുത്തിട്ടതാണ് കളിയില്‍ നിര്‍ണായകമായത്.
2004ന് ശേഷം കൊളംബിയ കോപ്പ അമേരിക്ക സെമിയിലെത്തുന്നത് ഇതാദ്യമാണ്. മെക്സിക്കോ-ചിലെ മല്‍സരത്തിലെ വിജയികളുമായി അവര്‍ സെമിയില്‍ ഏറ്റുമുട്ടും. അവസാന ഗ്രൂപ്പു മല്‍സരത്തില്‍ കോസ്റ്ററിക്കയോട് 3-2ന് തോറ്റെങ്കിലും ആദ്യ രണ്ടു മല്‍സരങ്ങളില്‍ നേടിയ വിജയമാണ് കൊളംബിയയെ ക്വാര്‍ട്ടറില്‍ എത്തിച്ചത്. അതേസമയം, ബ്രസീലിനെ വിവാദ ഹാന്‍ഡ്ഗോളില്‍ മറികടന്നായിരുന്നു പെറുവിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം.

NO COMMENTS

LEAVE A REPLY