കണ്ണൂര്‍, കരുണ, കെ.എം.സി.ടി. മെഡിക്കല്‍ കോളജുകളില്‍ ഫീസ് ഈടാക്കാന്‍ അനുമതി ലഭിച്ചത് ഹൈക്കോടതിയില്‍നിന്ന് : കെ.കെ. ശൈലജ

201

തിരുവനന്തപുരം: കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ 10 ലക്ഷം രൂപയും, കരുണയില്‍ 7.5 ലക്ഷം രൂപയും, കെ.എം.സി.ടി. മെഡിക്കല്‍ കോളജില്‍ 10 ലക്ഷം രൂപയും വിദ്യാര്‍ഥികളില്‍നിന്നു ഫീസ് ഈടാക്കാനുള്ള അനുമതി ലഭിച്ചതു ഹൈക്കോടതിയില്‍ നിന്നാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സര്‍ക്കാര്‍ ഇതിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്. ജയിംസ് കമ്മിറ്റി നിശ്ചയിക്കുന്ന ഫീസ് മാത്രമേ അനുവദിക്കാന്‍ പാടുള്ളൂ എന്നാണു സര്‍ക്കാര്‍ ഹര്‍ജിയിലെ ആവശ്യം. വിധി വരുന്നതിനനുസരിച്ച്‌ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും. സര്‍ക്കാരുമായി ധാരണ ഉണ്ടാക്കാത്ത കോളജുകള്‍ക്കെതിരായി മൂന്നാം തീയതി അപ്പീല്‍ ഫയല്‍ ചെയ്തിരുന്നു.എന്നാല്‍ കോടതി അന്നു വാദം കേള്‍ക്കുകയോ ഉത്തരവ് ഇറക്കുകയോ ചെയ്തിരുന്നില്ല. സുപ്രീം കോടതി ഉത്തരവ് അനുസരിച്ച്‌ ഏഴാം തീയതിക്കു മുന്‍പേ അലോട്ട്മെന്‍റ് നടത്തി അഡ്മിഷന്‍ തീര്‍ക്കേണ്ടതായിരുന്നു. മൂന്നാം തീയതി വിജ്ഞാപനമിറക്കിയാലേ ഈ കോളജുകളില്‍ പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കാനാകൂ. അല്ലാത്തപക്ഷം ഈ കോളജുകളിലെ 350 സീറ്റുകളിലേക്കു വിദ്യാര്‍ഥികള്‍ക്കു പ്രവേശനം ലഭിക്കാതിരിക്കുകയും ഈ സീറ്റുകള്‍ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്യുമായിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണു ഹൈക്കോടതി ഫീസ് നിശ്ചയിച്ചു നല്‍കിയ കോളജുകള്‍ക്കു വിദ്യാര്‍ഥികളെ അലോട്ട് ചെയ്യുന്നതിനാവശ്യമായ വിജ്ഞാപനമിറക്കേണ്ട സാഹചര്യം സര്‍ക്കാരിനുണ്ടായത്. വിജ്ഞാപനമിറക്കാന്‍ സുപ്രീം കോടതി വിധി വരുന്നതുവരെ കാത്തു നിന്നാല്‍ കോടതിയലക്ഷ്യമാകുമായിരുന്നു. ഫീ റഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ച ഫീസ് ഹൈക്കോടതി സ്േറ്റ ചെയ്യുകയാണുണ്ടായത്. സുപ്രീംകോടതിയിലെ അപ്പീലിന്‍റെ തീരുമാനത്തിന് അനുസൃതമായിരിക്കും ഈ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ പ്രവേശനമെന്നും മന്ത്രി വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY