അംജദ് അലിഖാനു സംഗീതവിദ്യാലയം തുടങ്ങാന്‍ മുന്‍ സര്‍ക്കാര്‍ അനുവദിച്ച സ്ഥലം തിരിച്ചെടുക്കുന്നു

194

തിരുവനന്തപുരം • പത്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ച വിഖ്യാത സരോദ് വാദകന്‍ ഉസ്താദ് അംജദ് അലിഖാന്റെ നേതൃത്വത്തില്‍ ഗുരുകുല സംഗീതവിദ്യാലയം തുടങ്ങാന്‍ മുന്‍ സര്‍ക്കാര്‍ വേളിയില്‍ അനുവദിച്ച രണ്ടേക്കര്‍ സ്ഥലം തിരിച്ചെടുക്കാന്‍ ടൂറിസം വകുപ്പ് തീരുമാനം.മന്ത്രി എ.സി.മൊയ്തീന്റെ നേതൃത്വത്തില്‍ വേളി ടൂറിസം വികസനത്തെക്കുറിച്ച്‌ ആലോചിക്കാന്‍ ചേര്‍ന്ന യോഗത്തിലാണു ഭൂമി തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. വിനോദസഞ്ചാര പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലം സംഗീതവിദ്യാലയം തുടങ്ങാന്‍ നല്‍കാനാകില്ലെന്നാണു ടൂറിസം വകുപ്പിന്റെ നിലപാട്. മുന്‍ സര്‍ക്കാരിന്റെ കാലത്തു മന്ത്രിസഭാതീരുമാനപ്രകാരമാണു ഭൂമി അനുവദിച്ചത് എന്നതിനാല്‍, തിരിച്ചെടുക്കാനും മന്ത്രിസഭാ അനുമതി വേണ്ടിവരും.അംജദ് അലിഖാന്റെ സംഗീതവിദ്യാലയത്തിനായി വേളിയില്‍ ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള രണ്ടേക്കര്‍ സ്ഥലം കൈമാറാന്‍ കഴിഞ്ഞ വര്‍ഷമാണു തീരുമാനിച്ചത്.സംഗീത നാടക അക്കാദമിയാണു മുന്‍കൈയെടുത്തത്.ടൂറിസം വകുപ്പുമായി സഹകരിച്ചു പ്രത്യേക ട്രസ്റ്റ് രൂപീകരിച്ചു സ്ഥലം അനുവദിക്കാനാണു തീരുമാനിച്ചത്. അംജദ് അലിഖാനും കുടുംബാംഗങ്ങള്‍ക്കുമൊപ്പം സംഗീതനാടക അക്കാദമി അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവര്‍ ട്രസ്റ്റ് അംഗങ്ങളാണ്.കഴിഞ്ഞ മേയ് 18ന് അംജദ് അലിഖാന്റെ സാന്നിധ്യത്തില്‍ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് ശിലാസ്ഥാപനം നിര്‍വഹിച്ചിരുന്നു.വിദ്യാര്‍ഥികള്‍ക്കൊപ്പം അംജദ് അലിഖാനും കുടുംബവും താമസിച്ചു സംഗീതമഭ്യസിപ്പിക്കുകയായിരുന്നു ലക്ഷ്യം. സംഗീതവിഭാഗങ്ങള്‍ക്കൊപ്പം നൃത്തവും പഠിപ്പിക്കുമെന്നു ചടങ്ങില്‍ അദ്ദേഹം പറഞ്ഞിരുന്നു.പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ ഡല്‍ഹിയില്‍ അംജദ് അലിഖാന്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചിരുന്നു. സംഗീതവിദ്യാ ലയത്തിന് എല്ലാ പിന്തുണയും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിരുന്നതാണ്.

NO COMMENTS

LEAVE A REPLY