ന്യൂയോര്‍ക്ക് • ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം ചൈനയുടെ എതിര്‍പ്പിനു വഴങ്ങി സുരക്ഷാ സമിതി നീട്ടിക്കൊണ്ടുപോകുന്നതിനെ ഇന്ത്യ ശക്തമായി വിമര്‍ശിച്ചു. സമാധാനവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് ഉത്തരവാദപ്പെട്ട സമിതി ‘ നടപടികള്‍ വേണ്ട കാര്യങ്ങളോട് ഉദാസീനത കാണിക്കുകയും വെല്ലുവിളികളെ നേരിടുന്നതിന് കഴിവില്ലാതാവുകയും’ ചെയ്തതായി ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ സയ്യദ് അക്ബറുദ്ദീന്‍ യുഎന്‍ പൊതുസഭയില്‍ വിമര്‍ശിച്ചു.അപകടകരമായ സന്ദേശമാണ് സമിതി ലോകത്തിനു നല്‍കുന്നതെന്നും ഇന്ത്യ തുറന്നടിച്ചു. ചൈനയുടെ പേരെടുത്തു പറയാതെയായിരുന്നു ഇന്ത്യയുടെ വിമര്‍ശനം.
ഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവായ വികാസ് സ്വരൂപും സുരക്ഷാസമിതിയുടെ തീരുമാനത്തെ അപലപിച്ചു. പഠാന്‍കോട്ട് ഭീകരാക്രമണ കേസിന്റെ മുഖ്യ സൂത്രധാരനെന്നു കരുതപ്പെടുന്ന ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ യുഎന്‍ രാജ്യാന്തര ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ഇന്ത്യയുടെ ആവശ്യം 15 അംഗ രക്ഷാസമിതിയില്‍ ചൈന മാത്രമാണ് എതിര്‍ക്കുന്നത്.ആറുമാസത്തെ എതിര്‍പ്പിന്റെ ‘കാലാവധി’ തിങ്കളാഴ്ച കഴിഞ്ഞെങ്കിലും എതിര്‍പ്പ് തുടരുന്നതായി ശനിയാഴ്ചത്തെ യോഗത്തില്‍ ചൈന വ്യക്തമാക്കി. അതിനാല്‍ ഇനി മൂന്നുമാസം കൂടി കഴിഞ്ഞേ സമിതിക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയൂ. ‘ഭീകരന്‍ എന്ന് യുഎന്‍ തന്നെ കണ്ടെത്തിയ വ്യക്തിയെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തണമോ എന്നു പഠിക്കാന്‍ ആറുമാസം എടുത്തു. എന്നിട്ടും തീരുമാനിക്കാതെ മൂന്നുമാസം കൂടി സമയം കൂട്ടിനല്‍കുകയാണ്.
ഒരൊറ്റ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സമിതി ഒന്‍പതുമാസമാണ് ചെലവാക്കുന്നത്’ – അക്ബറുദ്ദീന്‍ വിമര്‍ശിച്ചു. കഴിഞ്ഞ മാര്‍ച്ചിലാണ് 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, അസ്ഹറിനെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഇന്ത്യ യുഎന്‍ രക്ഷാസമിതിയില്‍ ഉന്നയിച്ചത്. എന്നാല്‍ നടപടിക്കു മതിയായ കാരണങ്ങളില്ലെന്നു വാദിച്ചാണ് ഇന്ത്യയുടെ നീക്കം ചൈന വീറ്റോ ചെയ്തത്. ഇതോടെ അസ്ഹറിന്റെ ആസ്തികള്‍ മരവിപ്പിക്കാനും ഇയാള്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്താനുമുള്ള സാധ്യതയാണ് ഇല്ലാതായത്.