ന്യൂഡല്‍ഹി • ഭീകരരെ നിയന്ത്രണരേഖ കടത്തിവിടുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ പാക്കിസ്ഥാനില്‍ ഇനിയും മിന്നല്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്. കേന്ദ്രസര്‍ക്കാരിലെ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാക്കിസ്ഥാന്റെ നിലപാടില്‍ മാറ്റമില്ലെങ്കില്‍ നിയന്ത്രണരേഖ ലംഘിക്കുന്നത് ശരിയല്ല എന്ന നിലപാട് ഇന്ത്യ മാറ്റിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. പാക്ക് അധിനിവേശ കശ്മീരില്‍ ഇന്ത്യന്‍ സൈന്യം സെപ്റ്റംബര്‍ 29 ന് നടത്തിയ മിന്നലാക്രമണം ഇതിനുള്ള സൂചനയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.1999 ലെ കാര്‍ഗില്‍ യുദ്ധസമയത്തെ നിലപാടില്‍നിന്നും വ്യത്യസ്തമാണ് ഇന്ത്യയുടെ ഇപ്പോഴത്തെ നിലപാട്.
കാര്‍ഗില്‍ യുദ്ധമാണ് നിയന്ത്രണരേഖ ലംഘിക്കരുതെന്നും ആദരിക്കണമെന്നും പാക്കിസ്ഥാനെ പഠിപ്പിച്ചത്. നിയന്ത്രണരേഖ ലംഘിച്ച് പാക്ക് സൈന്യവും ഭീകരരും ഇന്ത്യന്‍ പ്രദേശത്തേക്ക് നുഴഞ്ഞുകയറിയതാണ് കാര്‍ഗില്‍ യുദ്ധത്തിനു കാരണമായത്. ഒടുവില്‍ നിയന്ത്രണരേഖയ്ക്കു പിന്നിലേക്ക് മാറാന്‍ പാക്കിസ്ഥാന് നിര്‍ബന്ധിതമായി. എന്നാല്‍ പാക്കിസ്ഥാന് ഇന്ത്യയിലേക്ക് ഭീകരരെ നിയന്ത്രണരേഖയിലൂടെ കടത്തിവിടുകയാണ്.
പാക്കിസ്ഥാന് ഇനിയും ഇത് തുടര്‍ന്നാല്‍ നിയന്ത്രണരേഖ ലംഘിക്കാനുള്ള അവകാശം ഇന്ത്യയ്ക്കുണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലവിലെ നിലപാട്. ഇന്ത്യയെ ആക്രമിക്കാന്‍ പാക്കിസ്ഥാനിലെ പ്രദേശം ഉപയോഗിക്കാന്‍ ഭീകരരെ അനുവദിക്കില്ലെന്ന് 2004 ജനുവരി 6 ന് പാക്ക് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് പറഞ്ഞിരുന്നു. എന്നാല്‍ പാക്ക് സൈനികരുടെ സഹായത്തോടെ നിയന്ത്രണരേഖയ്ക്കു സമീപം ഭീകരരുടെ ലോഞ്ച് പാഡുകളുണ്ടെന്നു ഉറപ്പുവരുത്തുന്നതിനാണ് മിന്നലാക്രമണത്തിന് ഇന്ത്യന്‍ സൈന്യം ആസൂത്രണം ചെയ്തത്. ഇത് പാക്ക് സൈന്യത്തിന് കനത്ത പ്രഹരമേല്‍പ്പിക്കുമെന്നും ഇന്ത്യയ്ക്ക് അറിയാമായിരുന്നു.
ഭാവിയിലും ഇന്ത്യയുടെ ഭാഗത്തുനിന്നും ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് പാക്കിസ്ഥാനുള്ള മുന്നറിയിപ്പ് കൂടിയാണ് മിന്നലാക്രമണത്തിലൂടെ ലക്ഷ്യമിട്ടത്. ഇന്ത്യയുടെ ഭാഗത്തുനിന്നും തിരിച്ചടികള്‍ ഉണ്ടാകുമെന്നും അതു അപ്രതീക്ഷിതമായിരിക്കുമെന്നും പാക്കിസ്ഥാന് ഇപ്പോള്‍ മനസ്സിലായിട്ടുണ്ട്. ഉറി ഭീകരാക്രമണത്തിനു തിരിച്ചടിയുണ്ടാകുമെന്ന് പാക്കിസ്ഥാന് പ്രതീക്ഷിച്ചിരുന്നു. ഇന്ത്യ ആക്രമണം നടത്തിയേക്കാവുന്ന ചില സ്ഥലങ്ങളും പാക്കിസ്ഥാന് നേരത്തെ കണക്കുകൂട്ടിയിരുന്നു. എന്നാല്‍ പാക്കിസ്ഥാന് പ്രതീക്ഷിക്കാത്ത ഇടങ്ങളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്.
മുംബൈ ഭീകരാക്രമണം ഉണ്ടായപ്പോള്‍പോലും ഇന്ത്യ തിരിച്ചടിച്ചില്ല. നയതന്ത്രപരമായി നടപടികള്‍ കൈകൊള്ളാനാണ് ഇന്ത്യ ശ്രമിച്ചത്. എന്നാല്‍ ഇന്ത്യയുടെ ഈ നിലപാട് മാറിയതായാണ് സര്‍ക്കാര്‍ വൃത്തങ്ങളില്‍നിന്നും ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഭീകരവാദത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് ഇന്ത്യന്‍ തീരുമാനം. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും തിരിച്ചടി ഉണ്ടായേക്കുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്.
രണ്ടു കാര്യങ്ങളാണ് ഇന്ത്യ പ്രധാനമായും നിരീക്ഷിക്കുന്നത്. ഉറി ഭീകരാക്രമണത്തിന്റെ അത്രയും തീവ്രതയോടെ ആക്രമണം നടത്തുമോ അതോ ചെറിയ ചെറിയ ആക്രമണങ്ങളാണോ ഉണ്ടാവുകയെന്നതാണ് ഒന്നാമത്തെ കാര്യം.
മറ്റൊന്ന് പാക്ക് സൈനിക മേധാവി ജനറല്‍ റഹീല്‍ ഷരീഫ് നവംബറില്‍ വിരമിക്കുമോ അതോ വീണ്ടും തുടരുമോയെന്നാണ്. സൈനിക മേധാവിയുടെ കാലാവധി നീട്ടി നല്കിയാല് ഇന്ത്യയ്ക്കു ശക്തമായ തിരിച്ചടി നല്കുന്നതിനു പാക്ക് സൈന്യം തയാറാടെക്കുന്നുവെന്നതിന്റെ സൂചനയാണിതെന്നാണ് ഇന്ത്യയുടെ കണക്കുകൂട്ടല്‍.