ബംഗളുരു: കാർ സർവ്വീസ് സെന്റർ ഉടമ കാറിന്‍റെ ഉടമസ്ഥനെ വെടിവെച്ച് കൊലപ്പെടുത്തി. കർണാടകത്തിലെ മടിക്കേരിയിലാണ് സംഭവം. കാർ സർവ്വീസ് ചെയ്ത് നൽകാൻ വൈകിയതിനെ ചൊല്ലിയുള്ള സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്.സർവ്വീസ് സെന്റർ ഉടമ അബ്ദുള്ളിനെ പൊലീസ് അറസ്റ്റ് ചെയ്തു..ആയുധ പൂജയായതിനാൽ രാവിലെ എട്ടരയോടെയാണ് അബ്ദുള്ളിന്റെ കാർ സർവ്വീസ് സെന്ററിൽ പ്രദേശവാസിയായ സുരേഷ് കാർ സർവ്വീസ് ചെയ്യുന്നതിനായി നൽകിയത്.. മരക്കച്ചവടക്കാരനായ സുരേഷ് തന്റെ ജോലികൾ പൂർത്തിയാക്കി പതിനൊന്ന് മണിയോടെ അബ്ദുള്ളിന്റെ കടയിലെത്തി. എന്നാൽ കാർ സർവീസ് ചെയ്തില്ലെന്നായിരുന്നു അബ്ദുള്ളിന്റെ മറുപടി.തനിക്ക് ശേഷം നൽകിയ കാറുകൾ സർവ്വീസ് ചെയ്ത് നൽകിയെന്ന് ചൂണ്ടിക്കാട്ടി സുരേഷ് തർക്കിച്ചതോടെ സംഭവം സംഘർഷത്തിന് വഴിമാറി. ഇരുവരും തമ്മിലുള്ള കയ്യാങ്കളിക്കിടെ സർവ്വീസ് സെന്ററിനടുത്തുള്ള വീട്ടിൽ നിന്നും ബന്ധുക്കളിലൊരാൾ ലൈസൻസുള്ള റിവോൾവർ അബ്ദുള്ളിനെത്തിച്ചു നൽകി. ഈ തോക്ക് ഉപയോഗിച്ച് അബ്ദുൾ സുരേഷിന്റെ കഴുത്തിനും നെഞ്ചിനും നേരെ നാല് റൗഡ് വെടിയുതിർത്തു. നാട്ടുകാർ സുരേഷിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.രോഷാകുലരായ സുരേഷിന്റെ ബന്ധുക്കൾ അബ്ദുള്ളിന്റെ വീടിനും കാറിനും തീയ്യിട്ടു. പ്രദേശത്ത് സംഘർഷം നിലനിൽക്കുന്നതിനാൽ കൂടതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.