ഇന്ന് വിജയദശമി. കളി ചിരികളുടെ ലോകത്തു നിന്ന് കുരുന്നുകള്‍ അക്ഷരമുറ്റത്തേക്ക് പിച്ചവെച്ച് തുടങ്ങുന്ന ദിനം. കേരളത്തില്‍ വിവിധയിടങ്ങളില്‍ ലക്ഷക്കണക്കിന് കുരുന്നുകള്‍ ഇന്ന് അക്ഷരമധുരം നുണഞ്ഞു. കൊല്ലൂരിലും തിരൂര്‍ തുഞ്ചന്‍പറമ്പിലുമൊക്കെ വിപുലമായ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സാംസ്കാരിക സാമൂഹിക രംഗങ്ങളിലെ പ്രമുഖരാണ് കുരുന്നുകള്‍ക്ക് ആദ്യക്ഷരം പകര്‍ന്നു നല്‍കുന്നത്.കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലും കോട്ടയം പനച്ചിക്കാട് മൂകാംബിക ക്ഷേത്രത്തിലും വിദ്യാരംഭ ചടങ്ങുകള്‍ നടക്കുകയാണ്. കൊല്ലൂരില്‍ പുലര്‍ച്ചെ 3 മണിയോടെ ചടങ്ങുകള്‍ തുടങ്ങി. നൂറുകണക്കിന് കുരുന്നുകളാണ് ഇവിടെ ആദ്യക്ഷരം കുറിക്കുന്നത്. മലയാള ഭാഷയുടെ പിതാവിന്‍റെ മണ്ണായ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ ജാതിമത ഭേദമന്യേ ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്. ക്രിസ്തീയ ദേവാലയങ്ങളില്‍ ഉള്‍പ്പെടെ വിവിധ ആരാധനാലയങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും ചടങ്ങുകള്‍ പുരോഗമിക്കുന്നു.